കയറിപ്പിടിച്ച പോലിസുകാരനെ യുവതി ഓടിച്ചിട്ടു പിടിച്ചു

Sunday February 9th, 2014

woman beating manതൃപ്പൂണിത്തുറ: പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ കയറിപ്പിടിച്ച് ഓടി രക്ഷപ്പെട്ട പോലീസുകാരനെ ഒരു കിലോമീറ്ററോളം പുറകേ ഓടി യുവതി പിടികൂടി. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും യുവതിയും ചേര്‍ന്ന്  പോലീസുകാരനെ തടഞ്ഞു വച്ച് പോലീസിനെ ഏല്‍പ്പിച്ചു.

സിവില്‍ ഡ്രസ്സിലായിരുന്ന പോലീസുകാരന്‍ മദ്യലഹരിയിലുമായിരുന്നു. തൃപ്പൂണിത്തുറയില്‍ ശനിയാഴ്ച വൈകീട്ടാണു സംഭവം. വിദ്യാര്‍ഥിയായ സഹോദരനൊപ്പം പോകുകയായിരുന്ന യുവതിയെ സ്റ്റാച്യു കവലയില്‍വെച്ചാണ് യുവാവായ പോലീസുകാരന്‍ കയറിപ്പിടിച്ചത്. യുവതി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഓടി. പുറകേ യുവതിയും സഹോദരനും ഇയാളെ പിടിക്കാനായി ഓടി. കാര്യമെന്തെന്നറിയാതെ നാട്ടുകാരും ഇവരുടെ പിന്നാലെ കൂടി. തുടര്‍ന്ന്, തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സ്‌കൂളിനു മുന്നില്‍വച്ച്, തന്നെ കയറിപ്പിടിച്ചയാളെ യുവതി പിടികൂടി. അമ്പതോളം ആളുകളും തടിച്ചുകൂടിയിരുന്നു. ജനം കൈകാര്യം ചെയ്യുമെന്നായപ്പോഴാണ് താന്‍ പോലീസുകാരനാണെന്ന് ഇയാള്‍ പറഞ്ഞത്.

വിവരമറിഞ്ഞ് ഹില്‍പ്പാലസ് എസ്.ഐ പി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ആളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, ജനക്കൂട്ടത്തിന്റെ മുന്നില്‍വെച്ച് ”ഇയാള്‍ എന്നെ കയറിപ്പിടിച്ചു” എന്ന് പറയുകയും പരാതിയുണ്ടെന്ന് പറഞ്ഞ് പോലീസിനൊപ്പം സ്‌റ്റേഷനിലേക്ക് പോകുകയും ചെയ്ത യുവതി പിന്നീട് പരാതി കൊടുക്കാതെ പിന്മാറി. യുവതിയില്‍നിന്ന് മൊഴിയെടുക്കാനായി എസ്.ഐയും സംഘവും  അവരുടെ വീട്ടിലെത്തിയെങ്കിലും മൊഴികൊടുക്കാന്‍ തയ്യാറായില്ല.

യുവതിയെ കയറിപ്പിടിച്ച പോലീസുകാരനെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുമെന്ന് എസ്.ഐ പി.ആര്‍. സന്തോഷ് അറിയിച്ചു. യുവതിയുടെ മൊഴിയില്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാനായില്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം