ലഖ്നോ: മുത്ത്വലാഖ് വിഷയത്തില്‍ വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നടത്തുന്ന ഒപ്പുശേഖരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അഖിലേന്ത്യ മുസ്ലിം വനിത വ്യക്തിനിയമ ബോര്‍ഡ് രംഗത്ത്.
മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നീക്കം സ്ത്രീശാക്തീകരണത്തെ തകര്‍ക്കുന്നതും സ്ത്രീസമൂഹത്തെ വഴിതെറ്റിക്കുന്നതുമാണെന്ന് സംഘടനയുടെ പ്രസിഡന്റ് ഷായിസ്ത അമ്പര്‍ പറഞ്ഞു.
മുത്ത്വലാഖ് അവകാശമാണെന്നു വാദിക്കുന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അതേക്കുറിച്ച് ഖുര്‍ആന്‍ നടത്തിയ പ്രഖ്യാപനത്തിനൊപ്പം നിലകൊള്ളാനാണ് ശ്രമിക്കേണ്ടതെന്നും മുത്ത്വലാഖ് ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ തയാറാവണമെന്നും ഷായിസ്ത ആവശ്യപ്പെട്ടു. മുത്ത്വലാഖ് സംബന്ധിച്ച് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തെ ഷായിസ്ത ചോദ്യം ചെയ്തു. ഇതിനു പിന്നില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. പുരോഹിതന്മാരെയല്ല, ഖുര്‍ആനെ അനുസരിക്കാനേ മുസ്ലിംകള്ക്ക് ബാധ്യതയുള്ളൂവെന്നും അവര്‍ പറഞ്ഞു.