വി.സി ബാലകൃഷ്ണപ്പണിക്കര്‍ : കാല്‍പനികതയുടെ ആദ്യ പഥികന്‍

By കെ.കെ രാമകൃഷ്ണന്‍|Wednesday February 26th, 2014
Rk Dsh
കെ.കെ രാമകൃഷ്ണന്‍

മലയാള കവിതയിലെ കാല്‍പനിക പ്രസ്ഥാനത്തിന്റെ അഗ്രഗാമികളില്‍ ഒരാളായ മഹാകവി വി.സി ബാലകൃഷ്ണപ്പണിക്കരുടെ 125-)0 ജന്മദിനമാണ് മാര്‍ച്ച് 1 . ഹ്രസ്വകാലത്തെ തന്റെ സാഹിത്യസപര്യക്കിടയില്‍ നോവലൊഴികെ മറ്റെല്ലാ സാഹിത്യ ശാഖകളിലും കൈമുദ്ര പതിപ്പിച്ച വി.സിയെ പുതിയ തലമുറ മാത്രമല്ല വേണ്ടപ്പെട്ടവര്‍ തന്നെ മറന്നു പോകുന്ന ദുഃഖസത്യം വേദനയോടെയാണ് രേഖപ്പെടുത്തുന്നത്. ഒരു കൊള്ളിയാന്റെ ചടുലത കൊണ്ട് സാഹിത്യ നഭസ്സാകെ പ്രഭാപൂരിതമാക്കിയ വി.സി ബാലകൃഷ്ണപണിക്കരുടെ ജന്മനാട് മലപ്പുറം ജില്ലയിലെ ഊരകം കീഴ്മുറിയാണ്. 1889 മാര്‍ച്ച് ഒന്നിന് കപ്പേടത്ത് തലാപ്പില്‍ കൃഷ്ണനുണ്ണി നായരുടേയും വി.സി മാധവിക്കുട്ടി അമ്മയുടേയും മകനായാണ് വെള്ളാട്ട് ചെമ്പലഞ്ചേരി ബാലകൃഷ്ണപ്പണിക്കര്‍ ജനിച്ചത്. 1912 ഒക്ടോബര്‍ 20ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, സ്വാതന്ത്ര സമര സേനാനി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച വി.സിയുടെ പേര് ചിരസ്ഥായിയാവുന്നത് കാവ്യ ലോകത്തെ തന്റെ ഇടപെടല്‍ കൊണ്ടുതന്നെയാണ്. ഭാവനയുടെ അനിയന്ത്രിത പ്രവാഹമായ കാല്‍പനികതയുടെ മലയാളത്തിലേക്കുള്ള കാല്‍വെപ്പില്‍ മറക്കാനാകാത്ത രണ്ടു രചനകളാണ് ‘ഒരുവിലാപ’വും ‘വിശ്വരൂപവും’. വിലാപ കാവ്യസരണിയില്‍ എന്തുകൊണ്ടും മുമ്പേ നില്‍ക്കുന്ന ഒരു വിലാപം വി.സി രചിച്ചത് അദ്ദേഹത്തിന്റെ 19-ാം വയസിലാണ്. ഒരു വിലാപത്തിന്റെ മുമ്പേ കുമാരനാശാന്റെ വിലാപകൃതിയായ ‘വീണപൂവ്’ പുറത്തു വന്നുവെങ്കിലും എന്തു കൊണ്ടും മുന്നില്‍ നില്‍ക്കുന്നത് ‘ഒരു വിലാപം’ തന്നെ. രചനാ പാടവം, പ്രകൃതി വര്‍ണന, ജീവിത വീക്ഷണം, തത്വചിന്ത, പ്രണയ സങ്കല്‍പം, ഭാവനാ വൈദഗ്ധ്യം, ശബ്ദാര്‍ഥാലങ്കാരങ്ങള്‍ എന്നിവ പ്രയോഗിക്കുന്നതില്‍ ‘ഒരു വിലാപ’ത്തിലൂടെ അദ്ദേഹം കാണിച്ച മിടുക്ക് ഒരു മീശമുളക്കാത്ത പയ്യന്റേതല്ല; മറിച്ച് വിവേകവും പക്വതയും നേടിയ ഒരു പൂര്‍ണ മനുഷ്യന്റേതാണ്.
VC balakrishna panikar
ഒരു വിലാപം
1903ല്‍ സി.എസ് സുബ്രഹ്മണ്യന്‍ പോറ്റി എഴുതിയ ‘ഒരു വിലാപം’ ആണ് മലയാളത്തില്‍ എഴുതപ്പെട്ട ആദ്യവിലാപകാവ്യം. എം രാജരാജവര്‍മ്മയുടെ ‘പ്രിയ വിലാപം’ ആണ് രണ്ടാമത്തേത്. രണ്ടു കാവ്യങ്ങളും ഇംഗ്ലീഷിലെ ‘ഇന്‍ മെമ്മോറിയ’ത്തെ (ടെനിസണ്‍) മാതൃകയാക്കിയാണ് എഴുതിയത്. വി.സിയുടെ രചനയില്‍ ഏറെ സ്വാധീനിച്ചത് തോമസ് ഗ്രേയുടെ ‘Elegy Written in a Country Church yard’ എന്ന കൃതിയാണ്. ഗ്രേയുടെ എലിജിക്ക് ആധാരമായ വിഷയം അദ്ദേഹത്തിന്റെ സുഹൃത്ത് വെസ്റ്റ് എന്ന യുവാവിന്റെ മരണമാണ്. വി.സിയുടെ രചനക്ക് ഹേതുവായതാകട്ടെ അമ്മയുടെ മരണവും. കുട്ടികൃഷ്ണമാരാര്‍ അടക്കമുള്ള പണ്ഡിതന്മാര്‍ വി.സിയുടെ രചനക്ക് പ്രേരണയായത് കാമിനിയുടെ മരണമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അതു ശരിയല്ല. വി.സി കൃതികളെ കുറിച്ച് ഗവേഷണം നടത്തുകയും വെളിച്ചം കാണാത്ത ചില കൃതികള്‍ കണ്ടെടുത്ത് വി.സിയുടെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത പ്രഫ. കെ ഗോപാലകൃഷ്ണന്റെ അഭിപ്രായം ശരിയാകാനേ വഴിയുള്ളു. കൊല്ലവര്‍ഷം 1083ല്‍ കവന കൗമുദി മിഥുനം കര്‍ക്കിടകം ലക്കത്തിലാണ് ‘ഒരു വിലാപം’ പ്രസിദ്ധീകരിക്കപ്പെടുന്നത്. 1082 എടവ മാസത്തില്‍ വി.സിയുടെ മാതാവ് മാധവിക്കുട്ടി അമ്മ കോളറ ബാധിച്ച് മരണപ്പെട്ടു. ഈ നടപ്പു ദിനത്തില്‍ വി.സിയുടെ അമ്മ മാത്രമല്ല, രണ്ട് അമ്മാവന്മാരും ഇളയ അനുജന്‍ മാനുണ്ണിയും ഇഹലോക വാസം വെടിഞ്ഞിരുന്നു. അമ്മ മരണപ്പെട്ട് കൃത്യം 13 മാസം കഴിഞ്ഞാണ് വിലാപം പുറത്തുവരുന്നത് എന്നതുകൊണ്ടു തന്നെ കൃതിയിലെ നായികാ സങ്കല്‍പം അമ്മയാകാനേ വഴിയുള്ളു. ഒരു വിലാപത്തിന്റെ മൂന്നാം ശ്ലോകത്തില്‍ തന്നെ വി.സി ഇത് വ്യക്തമാക്കുന്നുണ്ട്.

‘നാട്ടാരെല്ലാം വിഷൂചിലഹളയിലുതിരും കാല;മദ്ദീനമായ്ത്തന്‍
കൂട്ടാളയ്യോ; കഴിഞ്ഞീടിന കഥ: വലുതായുള്ള വര്‍ഷാനിശീഥം’
‘വിഷുചിലഹള’ എന്നു സൂചിപ്പിക്കുന്നത്, പകര്‍ന്നു മരണം വിതക്കുന്ന കോളറയും ‘വര്‍ഷാനിശീഥം’ എന്ന പദസൂചന എടവപ്പാതിക്കു ശേഷമുള്ള വര്‍ഷകാല രാത്രിയുമാണ്.

‘തിത്തിപ്പൊങ്ങും തമസ്സില്‍ കടലിലൊരു കുടം പോലെ ഭൂചക്രവാളം
മുങ്ങിപ്പോയീ മുഴുക്കെ: കുളിരിളകുമിളം കാറ്റുതാനെ നിലച്ചു’
എന്നു തുടങ്ങി

‘തേനഞ്ചും വാണിയാളേ; ചുടലയൊടു സമീപിച്ചനിന്‍ ദീര്‍ഘനിദ്ര-
യ്ക്കൂനം പറ്റില്ല: നിന്‍കണ്ണുകള്‍ നിയതിനിയോഗത്തിനാല്‍ മുദ്രിതങ്ങള്‍ ‘
എന്നവസാനിക്കുന്ന സ്രഗ്ധര വൃത്തത്തില്‍ എഴുതിയ ഈ കാവ്യശില്‍പത്തിലുടനീളം ശബ്ദാര്‍ത്ഥാലങ്കാരങ്ങള്‍ പ്രയോഗിക്കുന്നതിന് പണിക്കരിലെ പ്രതിഭക്കു കഴിഞ്ഞിട്ടുണ്ട്.

‘സാരാനര്‍ഘ പ്രകാശപ്രചുരിമ പുരളും ദിവ്യരത്‌നങ്ങളേറെ-
പാരാവാരത്തിനുള്ളില്‍ പരമിരുള്‍ നിറയും കന്ദരത്തില്‍ കിടപ്പൂ
ഘോരാരണ്യ ച്ചുഴല്‍ക്കാറ്റടികളിലിളകും തൂമണം വ്യര്‍ത്ഥമാക്കു-
ന്നോരാപ്പൂവെത്രയുണ്ടാമ വകളിലൊരുനാളൊന്നു കേളിപ്പെടുന്നു’
വളരെ വിലപിടിപ്പുള്ള അഗാധമായ കടലിന്നടിയില്‍ കിടക്കുന്ന ദിവ്യരത്‌നങ്ങളോ കൊടുകാടിന്നിടയില്‍ കിടക്കുന്ന സുരഭില സുമങ്ങളോ അറിയപ്പെടാതെ പോകുന്നു. എന്നാല്‍ അവകളില്‍ ഒരുനാള്‍ ഒന്നു പ്രസിദ്ധമായേക്കാം. കൗമാരത്തില്‍ നിന്നും കാലെടുത്തുവെച്ച വി.സി അവതരപ്പിക്കുന്ന ഈ തത്വചിന്ത ഒരുപക്ഷേ കടംകൊണ്ടതാണെന്നു വ്യാഖ്യാനിക്കാം.

തോമസ് ഗ്രേയുടെ
‘Full many of gem of purest ray serene…………. one the desert air ‘
എന്നതിന് അദ്ദേഹം നല്‍കിയത് വെറുമൊരു പരിഭാഷയല്ല. ഇംഗ്ലീഷിലെ ആശയം വളരെ മനോഹരമായി വിളക്കിച്ചേര്‍ക്കുന്നതിനും അതോടൊപ്പം തന്നെ എം.ആര്‍ നായര്‍ അഭിപ്രായപ്പെട്ടതുപോലെ ശുഭപ്രതീക്ഷാ മനോഭാവം പ്രകടിപ്പിച്ച് ഒരു നാളൊന്നു കേളിപ്പെടുന്നു എന്നു കൂട്ടിച്ചേര്‍ത്തിരിക്കയാണ്. അറിയപ്പെടാതെ പോകുന്നതാണോ അതോ ഒരു നാളൊന്നു കേളിപ്പെടുന്നതാണോ നായിക എന്നത് ഇനിയും പണ്ഡിതന്മാര്‍ വേര്‍തിരിച്ചു തന്നിട്ടില്ല.

എലിജി
ഒരു വ്യക്തിയുടേയോ ഏതാനും വ്യക്തിത്വകളുടേയോ വിയോഗത്തില്‍ കവിക്കോ മറ്റൊരു വ്യക്തിക്കോ ഉണ്ടാകുന്ന അഗാധ ദുഖം ആവിഷ്‌കരിക്കുന്ന കാവ്യ രൂപമാണ് വിലാപ കാവ്യം. ഇംഗ്ലീഷ് സാഹിത്യത്തിലെ എലിജി എന്ന കാവ്യരൂപമാണ് ആധനിക വിലാപ കാവ്യങ്ങളുടെ മാതൃക. എലിജി ഇംഗ്ലീഷിലെത്തുന്നത് ഗ്രീക്ക് ഭാഷയില്‍ നിന്നാണ്. യവന സാഹിത്യത്തിലെ എലിജിയാക്ക് എന്ന വൃത്തത്തില്‍ വിലാപ കാവ്യങ്ങള്‍ എഴുതപ്പെട്ടതു കൊണ്ടാണ് ഈ കാവ്യശാഖക്ക് ഇംഗ്ലീഷില്‍ എലിജി എന്ന പേര്‍ ലഭിച്ചത്. ഗുരു, ലഘു, ലഘു എന്ന ക്രമത്തിലെ ഗണങ്ങള്‍ ആദ്യവരിയില്‍ ആറും രണ്ടാമത്തെ വരിയില്‍ അഞ്ചും ചേര്‍ന്നുള്ള ഈരടികളാണ് ഈ വൃത്തം. എലിജിയാക്ക് വൃത്തത്തിന് മധ്യഭാഗത്ത് വിരാമവും ഉണ്ട്. റോമന്‍ ഭാഷയിലും ഈ വൃത്തം ഉപയോഗിച്ചിരുന്നു.
നേരത്തെ പറഞ്ഞ തോമസ് ഗ്രേയുടെ എലിജി റിട്ടണ്‍ ഇന്‍ എ കണ്‍ട്രി ചര്‍ച്ച്‌യാര്‍ഡ്, കീറ്റ്‌സിന്റെ അകാല ചരമത്തില്‍ ദുഖിതനായി, ഷെല്ലി എഴുതിയ അഡൊണൈ തുടങ്ങി ഇംഗ്ലീഷ് ഭാഷയിലെ ആദ്യകാല എലിജികള്‍ മറ്റു ഭാഷകളിലും ഈ കാവ്യ പ്രസ്ഥാനത്തിനു പ്രേരണയായി. വി.സിയുടെ ഒരു വിലാപം, ആശാന്റെ വീണപൂവ് എന്നിവക്കു പുറമേ ആശാന്റെ തന്നെ പ്രരോദനം, നാലാപ്പാട്ടുനാരായണ മേനോന്റെ കണ്ണുനീര്‍ തുള്ളി തുടങ്ങിയവയാണ് മലയാളത്തിലെ പ്രസിദ്ധ വിലാപ കാവ്യങ്ങള്‍.
VC balakrishnan Smarakam
എന്താണ് കാല്‍പനികത
ഭാവനയുടെ അനിയന്ത്രിതമായ വിഹാരമാണ് കാല്‍പനികത. ഇംഗ്ലീഷിലെ റൊമാന്റിസത്തിനു തുല്യമായാണു മലയാളത്തില്‍ കാല്‍പനിക പ്രസ്ഥാനം എന്ന സംജ്ഞ പ്രയോഗിക്കുന്നത്. സൂക്ഷ്മ ദര്‍ശിയില്‍ കാല്‍പനികത സാഹിത്യേതര കലകളിലും തത്വചിന്ത, രാഷ്ട്ര തന്ത്രം തുടങ്ങി എല്ലാ മാനസിക ചിന്താപദ്ധതികളിലും വ്യാപരിച്ചിട്ടുണ്ട്. എങ്കിലും കാല്‍പനികതക്ക് വ്യക്തമായ നിര്‍വചനം നല്‍കുന്നതിന് ഭാഷാ ശാസ്ത്രജ്ഞന്മാര്‍ക്കു കഴിഞ്ഞിട്ടില്ലെന്നു അഭിപ്രായമുണ്ട്. കാല്‍പനികതയുടെ ഏതെങ്കിലുമൊരു പ്രവണതയോ ആ പ്രവണതക്കു കാരണമായ മാനസിക വ്യാപാരമോ അതു നിലനിന്ന കാലഘട്ടമോ നിര്‍വചനത്തിന് അടിസ്ഥാനമായെടുക്കാം. ഈ നിലയില്‍ രണ്ടു പരിപ്രേക്ഷ്യങ്ങളിലായി കാല്‍പനികതയെ ഒതുക്കാം.

ഒന്ന് – എല്ലാകാലത്തും എല്ലാ സമൂഹങ്ങളിലും നിലനിന്ന ചിരന്തനമായ ചില മാനസിക പ്രശ്‌നങ്ങളാണ് കാല്‍പനികത.
രണ്ട് – പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സംവേദന തലത്തിലുണ്ടായ മാറ്റത്തിന്റെ ഫലമായി ജനിച്ച നൂതന പ്രസ്ഥാനമാണ് കാല്‍പനികത.
ആത്മനിഷ്ഠതയാണ് കാല്‍പനികതയുടെ മൗലികതത്വം. കാല്‍പനിക കവി എന്തും സ്വന്തം ഹൃദയത്തിലൂടെ കാണാന്‍ ശ്രമിക്കുന്നു. നൈസര്‍ഗിക വികാരങ്ങളുടെ തീക്ഷ്ണമായ ആവിഷ്‌കരണം കാല്‍പനികതയുടെ മറ്റൊരു പ്രത്യേകതയാണ്. സര്‍ഗാത്മക ഭാവനയുടെ സ്ഥാനത്തിന് ഇവിടെ ഊന്നല്‍ നല്‍കുന്നു. ആത്മാവിന്റെ പരമമായ സാക്ഷാല്‍കാരം നിയന്ത്രണമില്ലാത്ത സര്‍ഗ വ്യാപാരത്തിലൂടെ മാത്രമേ സാധിക്കൂ.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം