നാടിന്റെ ഒരുമയിലൂടെ ഏത് പ്രതിസന്ധിയെയും അതിജീവിക്കും : മുഖ്യമന്ത്രി

Sunday May 24th, 2020

തിരുവനന്തപുരം: കോവിഡിന് ശേഷം വരുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാൻ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിയെ പോസിറ്റീവായി സമീപിച്ച് നാടിന് ഗുണകരമാകുന്ന രീതിയിൽ മാറ്റാൻ ശ്രമിക്കും. നാടിന്റെ ഒരുമയാണ് ഇത്തരം പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്ത്. ട്വിറ്റർ ഇന്ത്യ സംഘടിപ്പിച്ച #AskTheCM എന്ന പരിപാടിയുടെ ആദ്യ എഡിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് കാലത്ത് സംസ്ഥാനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ട്വിറ്ററിൽ ലൈവായി മറുപടി പറയുന്ന പരിപാടിയാണ് #AskTheCM എന്ന ട്വിറ്റർ ഇന്ത്യയുടെ സീരിസ്. ഇതിന്റെ ആദ്യ എഡിഷനാണ് കേരള മുഖ്യമന്ത്രി പങ്കെടുത്തു കൊണ്ട് തുടക്കമായത്.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ലോക ശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും വരാനിരിക്കുന്ന വെല്ലുവിളികളെ സംബന്ധിച്ചും നിരവധി ചോദ്യങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നു. കോവിഡ് – 19 ഉയർത്തിയ പ്രതിസന്ധി മറികടക്കാൻ നൂതന വഴികൾ തേടുന്നതിൽ കേരളം മുന്നിലാണ്. കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഭൂരിഭാഗവും വെളിയിൽ നിന്നും വരുന്നതാണ്. അവരെ ഒറ്റപ്പെടുത്തരുത്. അവർക്കുകൂടി അവകാശപ്പെട്ട മണ്ണാണിത്. പ്രവാസികൾക്ക് മാനസികമായ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശങ്ങളിലുള്ള മലയാളികളുടെ തിരിച്ചുവരവ്, അവരുടെ തൊഴിൽ പ്രശ്നങ്ങൾ, മഴക്കാലവും കാലാവസ്ഥ വ്യതിയാനവും, പ്രകൃതിക്ഷോഭ സാധ്യതയെ കേരളം അഭിമുഖീകരിക്കാൻ സജ്ജമാകുന്നത്, കാർഷിക മേഖലയിലുണ്ടാകുന്ന ഇടപെടൽ, ലോക്ക് ഡൌൺ ഇളവുകളിലേക്കു പോവുമ്പോൾ സ്വീകരിക്കുന്ന മുൻ കരുതലുകൾ, പരീക്ഷ നടത്തിപ്പിനു വേണ്ടി സ്വീകരിച്ച നടപടികൾ തുടങ്ങി കേരളം നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ചും കേരള മോഡലുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം