യുനിസെഫ്: ബാല്യത്തിന്റെ 70 കരുതല്‍ വര്‍ഷങ്ങള്‍

By സ്വന്തം ലേഖകന്‍|Sunday December 11th, 2016
2

unicef-70വര്‍ഷം- 1946. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികള്‍ ലോകത്തെ പൊതിഞ്ഞു നിന്നിരുന്ന കാലം. സ്വാഭാവികമായും യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചത് കുട്ടികളെ തന്നെ. യുദ്ധത്തിന്റെ ഫലമായുള്ള ക്ഷാമവും പട്ടിണിയും രോഗവുമൊക്കെ കുട്ടികളെ ദുരിതത്തിലാക്കിയത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ യുനിസെഫിന് രൂപം നല്‍കുന്നത്. അങ്ങനെ, ആഗോള ബാല്യത്തിന് കരുതലിന്റെ കരം കൊടുത്ത് 1946 ഡിസംബര്‍ 11ന് യുണൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് എന്ന ആദ്യപേരില്‍ യുനിസെഫ് പിറവിയെടുത്തു. ഈ ഡിസംബര്‍ 11 ന് എഴുപതുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നൊബേല്‍ അടക്കമുള്ള അംഗീകാരങ്ങളുടെ തിളക്കവുമായി യുനിസെഫ് 190 രാജ്യങ്ങളില്‍ പ്രവര്‍ത്തനം തുടരുന്നു.

യുദ്ധത്തിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പകര്‍ച്ച വ്യാധികളുടെയും അഭയാര്‍ത്ഥി പ്രവാഹങ്ങളുടെയുമൊക്കെ അടിയന്തിര സാഹചര്യങ്ങളില്‍ ലോകം പകച്ചുപോയപ്പോള്‍ കുട്ടികള്‍ക്കുവേണ്ടിയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ യുനിസെഫ് മുന്നിലുണ്ടായിരുന്നു; കുഞ്ഞിന്റെയോ അമ്മയുടെയോ മരണം അസ്വീകാര്യമാണെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞു കൊണ്ട്. ഏതു സാഹചര്യത്തിലും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം തടസപ്പെടരുതെന്ന് യുനിസെഫ് ലോകത്തെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.
അടിയന്തിര സാഹചര്യങ്ങള്‍ ഇല്ലാത്തപ്പോഴടക്കം കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായിരിക്കുന്നതിനാല്‍ ഇതിനിടെ സംഘടനയുടെ പേര് യുണൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് എന്നു മാറ്റി. ആരംഭം മുതല്‍ തന്നെ ന്യൂയോര്‍ക്കാണ് യുനിസെഫിന്റെ ആസ്ഥാനം.

unicef-volunteers
യൂനിസെഫ് വോളന്‍റീയര്‍മാര്‍

കുട്ടികളുടെ അവകാശപ്രഖ്യാപനവും നൊബേല്‍ സമ്മാനവും
ആഗോളവ്യാപകമായി കുട്ടികള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള യുനിസെഫിന്റെ ശ്രമങ്ങള്‍ക്കൊടുവില്‍ 1959ല്‍ കുട്ടികളുടെ അവകാശപ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസംഘടനയുടെ പൊതു സഭ അംഗീകാരം നല്‍കി. കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനത്തിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ സാഹോദര്യത്തിന്റെ ഒലിവിലപ്പച്ചപ്പൊരുക്കാനുള്ള ശ്രമങ്ങളെ 1965 ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം നല്‍കിയാണ് ലോകം ആദരിച്ചത്.
1989 ല്‍ കുട്ടികള്‍ക്കായുളള അവകാശ ഉടമ്പടി യുഎന്‍ പൊതുസഭ അംഗീകരിച്ചത് യുനിസെഫിന്റെ ചരിത്രത്തിലും പ്രവര്‍ത്തനത്തിലും സുപ്രധാന നാഴികക്കല്ലാണ്. അതിജീവനം, ഉന്നമനം, സംരക്ഷണം, പങ്കാളിത്തം എന്നീ നാലുമേഖലകളായി കുട്ടികളുടെ അവകാശത്തെ ഈ സാര്‍വ ലൗകിക ഉടമ്പടി തരംതിരിച്ചു. തൊട്ടുപിന്നാലെ, 1990ല്‍ കുട്ടികള്‍ക്കായുള്ള ആഗോള ഉച്ചകോടിയും നടന്നു. യുദ്ധം കുട്ടികളിലുണ്ടാക്കുന്ന കെടുതികളെക്കുറിച്ച് 1991 ല്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ നടന്ന പൊതു ചര്‍ച്ച ഈ വിഷയം രാജ്യാന്തര ശ്രദ്ധയിലെത്തിക്കാന്‍ യുനിസെഫ് നടത്തിയ ശ്രമങ്ങളുടെ ഫലമായിരുന്നു. ബാല്യത്തിന്റെ സംരക്ഷണത്തിനായുള്ള ആഗോള അടിത്തറക്ക് ഇതിലൂടെയൊക്കെ യുനിസെഫ് കരുത്തുപകരുകയായിരുന്നു.
കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള വര്‍ഷാചരണം (1979), മുലയൂട്ടല്‍ പ്രോത്സാഹനം, പ്രതിരോധ കുത്തിവെപ്പുകള്‍ ഉറപ്പാക്കലും ബോധവത്ക്കരണവും, മരുന്നുകള്‍- വിദ്യാഭ്യാസ ഉപകരണങ്ങള്‍- പോഷകാഹാരം എന്നിവയുടെ വിതരണം, കുട്ടികളെ സംബന്ധിച്ച വിവിധ മേഖലയിലെ പഠനങ്ങള്‍ എന്നിങ്ങനെ യുനിസെഫിന്റെ പ്രവര്‍ത്തനങ്ങള്‍ നീളുന്നു. ഗര്‍ഭിണികളുടെയും അമ്മമാരുടെയും ക്ഷേമവും ഈ സംഘടനയുടെ പ്രവര്‍ത്തനലക്ഷ്യമാണ്. അഭയാര്‍ത്ഥി പ്രശ്‌നം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ബാലവിവാഹത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കുഞ്ഞുങ്ങള്‍ക്ക് കരുതലും സംരക്ഷണവും ആവശ്യമുള്ളിടമെല്ലാം യുനിസെഫിന്റെ പ്രവര്‍ത്തനമേഖലയാണ്. ജനന-മസ്തിഷ്‌ക വൈകല്യമുള്ള കുട്ടികള്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ എന്നിവരെ സമൂഹത്തിന്റ മുഖ്യധാരയിലേക്കുയര്‍ത്താന്‍ യുനിസെഫ് പ്രതിജ്ഞാബദ്ധമാണ്. ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ അമ്മമാരെയും കുഞ്ഞുങ്ങളെയും സംബന്ധിച്ചുള്ളവ കൈവരിയ്ക്കാന്‍ യുനിസെഫ് രാജ്യങ്ങളെ സഹായിച്ചു വരുന്നു.
മാതൃ- ശിശു മരണ നിരക്ക് കുറയ്ക്കല്‍, പോളിയോ അടക്കമുള്ള രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം, അനീമിയ നിര്‍മാര്‍ജനം, ബാലസഭകള്‍, ബാല വിവാഹത്തിനെതിരെയുള്ള പ്രചാരണം എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ യുനിസെഫ് ഇന്ത്യയില്‍ നടത്തുന്നു.

കേരളവും യുനിസെഫും
നാല്‍പ്പത് വര്‍ഷം മുന്‍പു തന്നെ കുഞ്ഞുങ്ങളുടെ പോഷകാഹാരം, രോഗപ്രതിരോധം എന്നീ മേഖലകളില്‍ കേരളത്തില്‍ യുനിസെഫ് പ്രവര്‍ത്തിച്ചിരുന്നു. പോഷകാഹാരം, മരുന്നുകള്‍ എന്നിവയുടെ വിതരണത്തിന് ഉപയോഗിച്ചിരുന്ന റെനോള്‍ട്ട് വാഹനങ്ങള്‍ പലരുടെയും ഓര്‍മ്മയിലുണ്ട്.
ലോകത്താദ്യമായി സമ്പൂര്‍ണ്ണ ശിശുസൗഹൃദ ആശുപത്രികളുള്ള സംസ്ഥാനമെന്ന ബഹുമതി 2002ല്‍ കേരളത്തിന് ലഭിച്ചു. ഈ ബഹുമതി നേടിയെടുക്കാന്‍ യുനിസെഫും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും (ഐഎപി) സംസ്ഥാന ഗവണ്‍മെന്റിന് പിന്തുണ നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി സമ്പൂര്‍ണ്ണ ശിശു സൗഹാര്‍ദ്ധ ആശുപത്രികളുള്ള രാജ്യത്തെ ആദ്യ നഗരമായി 1995 ല്‍ തന്നെ കൊച്ചിയെ പ്രഖ്യാപിച്ചിരുന്നു.
എല്ലാ താലൂക്ക് ആശുപത്രികളിലും 24 മണിക്കൂറും പ്രസവശുശ്രൂഷക്ക് അവസരമൊരുക്കുന്ന ഫസ്റ്റ് റഫറല്‍ യൂണിറ്റ്, അട്ടപ്പാടിയിലെ ആദിവാസി മേഖലകളില്‍ ചികിത്സക്കും വൈദ്യ പരിശോധനക്കുമുള്ള സഹായം, പ്രത്യേക മെഡിക്കല്‍ ക്യാംപുകള്‍ എന്നിവയിലൂടെ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലക്ക് യുനിസെഫ് കരുത്തേകി. ശിശുപരിപാലന പരിചരണ രംഗത്തെ മികച്ച മാതൃകകളിലൊന്നായ തിരുവനന്തപുരം സിഡിസി (ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സെന്റര്‍)യുടെ പ്രാരംഭ ഘട്ടം മുതല്‍ യുനിസെഫ് സഹായഹസ്തം നീട്ടി.
1980 കളുടെ അവസാനം ആലപ്പുഴയില്‍ യുനിസെഫ് പിന്തുണയോടെ നടപ്പിലാക്കിയ അര്‍ബന്‍ ബേസിക്ക് സര്‍വീസ് സംരഭത്തില്‍ നിന്നാണ് കേരളത്തില്‍ കുടുംബശ്രീ എന്ന ആശയം ഉരുത്തിരിയുന്നത്. ആലപ്പുഴയിലേതിനു സമാനസ്വഭാവമുള്ള പദ്ധതി പിന്നീട് മലപ്പുറത്ത് നടപ്പിലാക്കിയതും യുനിസെഫ് സഹായത്തോടെയാണ്.
സംസ്ഥാന ഗവണ്‍മെന്റ് വിഭാഗങ്ങള്‍, ബാലാവകാശ കമ്മീഷന്‍, വിദ്യാഭ്യാസ സംവിധാനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുട്ടികളുടെ ക്ഷേമത്തിനായുള്ള മറ്റ് സംവിധാനങ്ങള്‍ എന്നിവയുമായും യുനിസെഫ് കൈ കോര്‍ത്തുവരുന്നു. സംസ്ഥാനത്തെ മാതൃ- ശിശു മരണ നിരക്ക് കുറയ്ക്കല്‍, ജനന-മസ്തിഷ്‌ക വൈകല്യമുള്ള കുട്ടികളുടെ ഉന്നമനം, ബാല പഞ്ചായത്തുകളുടെയും ബാലസഭകളുടെയും രൂപീകരണത്തിനും നടത്തിപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കുക, കുട്ടികള്‍ക്കെതിരായ അതിക്രമം തടയുക എന്നിങ്ങനെ വിവിധ പരിപാടികളുമായി യുനിസെഫ് കേരളത്തില്‍ സജീവമാണ്. ചെന്നൈയിലെ അഡയാറിലാണ് യുനിസെഫ് കേരളാ- തമിഴ്‌നാട് വിഭാഗം ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

കടപ്പാട്: യുനിസെഫ് കേരള – തമിഴ്‌നാട് ഓഫിസ്, ചെന്നൈ

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം