പ്രതിസന്ധിക്കടല്‍ കടന്ന് അവരെത്തി; ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്

Friday May 8th, 2020

കോഴിക്കോട്/ കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ ഉഴലുന്ന പ്രവാസികളില്‍ നിന്ന് വ്യാഴാഴ്ച കേരളത്തിലേക്ക് എത്തിയ ആദ്യസംഘത്തില്‍ 363 പേരാണുണ്ടായിരുന്നത്. 68 ഗര്‍ഭിണികളും 9 കുഞ്ഞുങ്ങളും അടക്കമുള്ള സംഘത്തെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇരുവിമാനത്താവളങ്ങളിലും നടന്ന പരിശോധനകളില്‍ രോഗലക്ഷണങ്ങളുള്ള എട്ട് പേരെ ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. മറ്റുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണകേന്ദ്രങ്ങളിലുമെത്തിച്ചു. വെള്ളിയാഴ്ച റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും, ബഹ്‌റിനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് കേരളത്തിലേക്കുള്ള വിമാനസര്‍വീസുകള്‍. രാത്രി എട്ടരയ്ക്കാണ് റിയാദ് വിമാനം കരിപ്പൂരിലിറങ്ങുക. ബഹ്‌റിന്‍ വിമാനം രാത്രി 10.50ന് കൊച്ചിയിലും പറന്നിറങ്ങും. സിംഗപ്പൂരില്‍ നിന്ന് രാവിലെ ഒരു വിമാനം ഡല്‍ഹിയിലെത്തുന്നുണ്ട്. ഇതിന് പുറമേ തിരുവനന്തപുരത്ത് നിന്ന് വെള്ളിയാഴ്ചയും 11ാം തീയതിയുമുള്ള ബഹ്‌റിന്‍ വിമാനങ്ങളില്‍ ആ രാജ്യക്കാര്‍ക്കും ബഹ്‌റിനിലെ സ്ഥിര താമസക്കാര്‍ക്കും പോകാം. ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്ന് ശനിയാഴ്ച മുതല്‍ യുഎസ്, ബ്രിട്ടന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും വിമാനമുണ്ട്. എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ഇതിന്റെ മുഴുവന്‍ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

അതേസമയം, എയര്‍ ഇന്ത്യ വെള്ളിയാഴ്ച ചില ആഭ്യന്തരസര്‍വീസുകളും നടത്തുന്നുണ്ട്. കോഴിക്കോട്ട് നിന്ന് മുംബൈയിലേക്ക് രാത്രി 9 മണിക്ക് ഒരു വിമാനമുണ്ട്. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് രാത്രി 9 മണിക്ക് മറ്റൊരു വിമാനവും സര്‍വീസ് നടത്തും. വിദേശത്ത് നിന്ന് എത്തുന്നവരുടെ തുടര്‍ യാത്രയ്ക്ക് വേണ്ടിയാണ് പ്രാഥമികമായും ഈ സര്‍വീസ് നടത്തുന്നത്. എന്നാല്‍ മറ്റ് മെട്രോ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇതുവരെ വിമാനസര്‍വീസ് തുടങ്ങുന്ന കാര്യം തീരുമാനമായിട്ടില്ല. 12 രാജ്യങ്ങളില്‍ നിന്ന് ആദ്യത്തെ ഒരാഴ്ച 64 വിമാനങ്ങളിലായി 14,800 പേരെയാണ് നാട്ടിലെത്തിക്കുന്നത്. ഇതില്‍ 26 സര്‍വീസുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. 15 സര്‍വീസുകള്‍ കേരളത്തിലേക്കും. കൂടുതല്‍ രാജ്യങ്ങളുടെ അനുമതി തേടിയാകും അടുത്ത ആഴ്ചത്തെ പട്ടിക പുറത്തുവിടുക.

189 പേര്‍ക്ക് സഞ്ചരിക്കാവുന്ന അബുദാബി കൊച്ചി വിമാനത്തില്‍ 177 പേരും നാല് കുഞ്ഞുങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ദുബായ് കോഴിക്കോട് വിമാനത്തില്‍ 177 യാത്രക്കാരും അഞ്ച് കുട്ടികളുമെത്തി. ആദ്യമെത്തിയത് അബുദാബി വിമാനമാണ്. രാത്രി 10.13ന് വിമാനം നിലം തൊട്ടു. രണ്ടാം വിമാനം ദുബായില്‍ നിന്ന് 10.32നുമെത്തി. യാത്ര പുറപ്പെടുന്നതിന് മുമ്പേ നടത്തിയ ദ്രുതപരിശോധനയില്‍ ആര്‍ക്കും കൊവിഡില്ലെന്ന പ്രാഥമിക ഫലം വന്നത് ആശ്വാസമായി. നാട്ടിലെത്തിയ ശേഷം കൂടുതല്‍ നിരീക്ഷണങ്ങള്‍ വേണ്ടവരെയാണ് മെഡിക്കല്‍ സംഘത്തിന്റെ നി!ര്‍ദേശപ്രകാരം ആശുപത്രികളിലേക്ക് മാറ്റിയത്. കൊവിഡ് മൂലം ആര്‍ക്കും യാത്ര ചെയ്യാനാകാത്ത സാഹചര്യം ഉണ്ടായിട്ടില്ല. എന്നാല്‍ ദുബായില്‍ ഒരാള്‍ക്ക് ഇമിഗ്രേഷന്‍ പ്രശ്‌നം മൂലം യാത്ര മാറ്റി വയ്‌ക്കേണ്ടി വന്നു. അമ്മ മരിച്ചതിനാല്‍ അടിയന്തര യാത്രയ്ക്ക് അനുമതി തേടിയ മറ്റൊരാളെ ഈ യാത്രയില്‍ എയര്‍ ഇന്ത്യ അവസാനനിമിഷം ഉള്‍പ്പെടുത്തി. അജിത് എന്നയാളെ തിരികെ എത്തിക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്ന് ദുബായ് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. മരണാനന്തരച്ചടങ്ങുകള്‍ക്ക് എത്തിയ 30 പേരാണ് കൊച്ചി വിമാനത്തിലുണ്ടായിരുന്നത്. രണ്ട് വിമാനങ്ങളിലും ആര്‍ക്കെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ചികിത്സിക്കാന്‍ ഏറ്റവും പിന്നിലെ രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടായിരുന്നു യാത്ര. പ്രസവം പോലുള്ള അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ അതിന് വേണ്ട ഗൈനക്കോളജിസ്റ്റ് അടക്കം വിദഗ്ധ ഡോക്ടര്‍മാരും ഉണ്ടായിരുന്നു.

കരിപ്പൂരില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് മൂന്ന് പേര്‍ക്കാണ്. നെടുമ്പാശ്ശേരിയില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള അഞ്ച് പേരുണ്ടായിരുന്നു. കരിപ്പൂരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയ രണ്ട് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശികളുമാണ്. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി. കരിപ്പൂരില്‍ വിമാനമിറങ്ങിയ കോഴിക്കോട് ജില്ലയിലെ 26 പേരെ എന്‍ഐടി എം ബി എ ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററിലാണ് താമസിപ്പിച്ചത്. സംഘത്തില്‍ മൂന്ന് കുട്ടികളും ഒരു കുടുംബവും ഉണ്ട്.

അബുദാബി കൊച്ചി വിമാനത്തില്‍ എത്തിയ തൃശ്ശൂര്‍ ജില്ലയിലെ 72 പ്രവാസികളില്‍ 38 പേരെ കോവിഡ് കെയര്‍ സെന്ററായി നിശ്ചയിച്ച ഗുരുവായൂര്‍ സ്‌റ്റെര്‍ലിംഗില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണത്തിലാക്കി. പുലര്‍ച്ചെ 3.30 ഓടെ, പ്രത്യേകമായി ഏര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസ്സിലാണ് ഇവരെ ഹോട്ടലില്‍ എത്തിച്ചത്. 39 പേരില്‍ 10 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പരിശോധനയെത്തുടര്‍ന്ന് തൃശ്ശൂര്‍ സ്വദേശിയായ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായി ബന്ധുക്കള്‍ക്കൊപ്പം വിട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ആദ്യ സംഘം കോവിഡ് കെയര്‍ സെന്ററിലേക്ക് മാറി. മലപ്പുറം ജില്ലക്കാരായ 20 പേരുടെ സംഘം കാളികാവ് സഫ ആശുപത്രിയിലാണ് കഴിയുന്നത്.

English summary
The first group that arrived in Kerala on Thursday from the plunderers of the Kovid crisis was 363 people. The team, which included 68 pregnant women and 9 children, extended their arms to both the Kochi and Kozhikode airports. Eight patients were shifted to isolation centers in hospitals during inspections at both airports. Others were taken to the observation centers in their districts.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം