മോഡി സര്‍ക്കാറിന് തിരിച്ചടി; ആധാര്‍ തിരിച്ചറിയല്‍ രേഖയല്ലെന്ന് സുപ്രീം കോടതി

Thursday October 8th, 2015

Passport with Adhaarന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് തുടങ്ങാനും ഫോണ്‍ കണക്ഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് രേഖയായി ഉപയോഗിക്കാന്‍ പാടില്ലെന്നും നിലവില്‍ അതൊരു തിരിച്ചറിയല്‍ രേഖയല്ലെന്നും സുപ്രീംകോടതി. ഇത്തരം ആവശ്യങ്ങള്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിപുലമായ ബെഞ്ച് ആധാര്‍ കേസ് പരിഗണിക്കുന്നതുവരെ ഈ ഉത്തരവ് ബാധകമാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
ഭരണഘടനാ ബെഞ്ചിന്റെ തീര്‍പ്പിനുവിട്ട ശേഷം ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയാക്കാന്‍ മോദി സര്‍ക്കാര്‍ വളഞ്ഞ വഴിയില്‍ നടത്തിയ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്്.

ഡിസംബറോടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു കേന്ദ്രം സുപ്രീംകോടതിയിലത്തെിയത്. വിപുല ബെഞ്ചില്‍ വാദം കേട്ട് വിധി വരുന്നതുവരെ കാത്തിരുന്നാല്‍ മോദിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാവില്ലെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ധിറുതിപ്പെട്ട് ഇടക്കാല ഉത്തരവിനായി സുപ്രീം കോടതിയിലത്തെുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് റിസര്‍വ് ബാങ്ക്, ഓഹരി വിപണി നിയന്ത്രിക്കുന്ന സെബി, ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) എന്നിവയും ചില സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രത്തിനൊപ്പം സുപ്രീംകോടതിയെ സമീപിച്ചു.

എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് അംഗീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഇക്കാര്യങ്ങളില്‍ വിപുലമായ ഭരണഘടനാ ബെഞ്ച് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും അതിനിടയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ തയാറല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആധാര്‍ കേസ് വിപുലമായ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതുവരെ ഈ ഉത്തരവ് പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് നേരത്തെ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിധിച്ചിരുന്നു. പൊതുവിതരണ സമ്പ്രദായം, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ സബ്‌സിഡികള്‍ക്ക് ആധാര്‍ രേഖയായി സര്‍ക്കാറിന് ഉപയോഗിക്കാമെന്നും അതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന നിബന്ധനവെക്കാനാവില്ലെന്നും ബെഞ്ച് അന്നത്തെ വിധിയില്‍ വ്യക്തമാക്കിയിരുന്നു. ‘പൗരന്റെ സ്വകാര്യത മൗലികാവകാശമാണോ’ എന്ന വിഷയം ഈ ബെഞ്ച് വിപുലമായ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം