എസ്.എസ്.എല്‍.സി ഫലത്തില്‍ സര്‍വത്ര ആശയക്കുഴപ്പം; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഡി.പി.ഐ

Tuesday April 21st, 2015

SSLC result 2015declതിരുവനന്തപുരം: റെക്കോര്‍ഡ് വേഗവും വിജയശതമാനവും നേടാന്‍ അനാവശ്യധൃതി കാട്ടിയപ്പോള്‍ എസ്.എസ്.എല്‍.സി ഫലത്തില്‍ സര്‍വത്ര ആശയക്കുഴപ്പം. പല വിദ്യാര്‍ഥികളുടെയും മാര്‍ക്ക് അപ്രത്യക്ഷമായി. എല്ലാ വിഷയത്തിലും ജയിച്ച കുട്ടികള്‍ക്ക് ഉന്നതപഠനത്തിനു യോഗ്യതയില്ലെന്നും ഫലം വന്നു. ഏറ്റവും കൂടിയ വിജയശതമാനം നേടിയ ജില്ലയായി മന്ത്രി പറഞ്ഞ കണ്ണൂര്‍ ഐടി അറ്റ് സ്‌കൂളിന്റെ കണക്കില്‍ അഞ്ചാം സ്ഥാനത്താണ്. ഐടി അറ്റ് സ്‌കൂള്‍ പട്ടികയില്‍ ഒന്നാമത് കോഴിക്കോടാണ്. മന്ത്രി ഫലം പ്രഖ്യാപിച്ച് അഞ്ചരമണിക്കൂര്‍ കഴിഞ്ഞാണു വിശദാംശങ്ങള്‍ ലഭ്യമാക്കിയത്. മൂല്യനിര്‍ണയം ആരംഭിച്ചു 18 ദിവസത്തിനകം ഫലം പ്രഖ്യാപിച്ചുവെന്ന അവകാശവാദത്തിന്റെ തിളക്കം നഷ്ടപ്പെടുത്തിയാണ് പരീക്ഷാഫലത്തില്‍ വ്യാപക തെറ്റുകള്‍ കടന്നു കൂടിയത്. മാര്‍ക്ക് അപ്‌ലോഡ് ചെയ്തപ്പോള്‍ സംഭവിച്ച പിഴവാകാം ഇതെന്നും തിരുത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണെന്നും പരീക്ഷാ ഭവന്‍ സെക്രട്ടറി എം.ഐ. സുകുമാരന്‍ അറിയിച്ചു.

മാര്‍ച്ച് 23ന് ആണു പരീക്ഷ അവസാനിച്ചത്. 31നു മൂല്യനിര്‍ണയം ആരംഭിച്ചു. ഈ മാസം 16നു ഫലം പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം. അധ്യാപകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയായിരുന്നു മൂല്യനിര്‍ണയം തുടങ്ങിയത്. 16നു ഫലപ്രഖ്യാപനം സാധ്യമല്ലെന്നു കണ്ടു മുഖ്യമന്ത്രി ഇടപെട്ടാണ് 20ലേക്കു മാറ്റിയത്. എന്നിട്ടും പാളിച്ചകളുണ്ടായി. ഇത്തവണ പെന്‍സില്‍ ഉപയോഗിച്ചു മൂല്യനിര്‍ണയം നടത്തിയതിനാല്‍ പുനര്‍മൂല്യനിര്‍ണയത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ അധ്യാപകര്‍ സമാധാനം പറയേണ്ട സാഹചര്യമുണ്ട്. ഇതു മുന്‍കൂട്ടിക്കണ്ട് അധ്യാപകര്‍ മാര്‍ക്ക് വ്യാപകമായി ദാനം ചെയ്തതു കൊണ്ടാണു വിജയശതമാനം 97.99ല്‍ എത്തിയതെന്നും ആക്ഷേപമുണ്ട്. സേ പരീക്ഷ കൂടി കഴിയുമ്പോള്‍ വിജയം 100% ആകാനാണു സാധ്യത.

തിരക്കിട്ടു ഫലപ്രഖ്യാപനം നടത്തിയതിനാല്‍ പരീക്ഷാ ഫലത്തിന്റെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയുടെ പത്രസമ്മേളനത്തില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. അഞ്ചരമണിക്കൂറിനു ശേഷമാണു വിശദാംശങ്ങള്‍ ലഭ്യമാക്കിയത്. ഫലം തയാറാക്കുന്നതിനായി മന്ത്രിയുടെ പത്രസമ്മേളനം വൈകിട്ടത്തേക്കു മാറ്റിയിട്ടുപോലും ഇതായിരുന്നു സ്ഥിതി. ഫലം അടങ്ങുന്ന സിഡി എന്ന പേരില്‍ പത്രലേഖകര്‍ക്കു വിതരണം ചെയ്തതില്‍ വിശദാംശങ്ങള്‍ ഒന്നുമില്ലായിരുന്നു. മാത്രമല്ല, ഫലപ്രഖ്യാപനം വൈകുന്നേരത്തേക്കു നീട്ടിയതു സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വിഷമമായി. വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി കാത്തുനിന്നെങ്കിലും പലയിടത്തും ഫലം ലഭിച്ചില്ല.

ഫിസിക്‌സിന്റെ ഫലമാണു മിക്ക ജില്ലകളിലും അപ്രത്യക്ഷമായിട്ടുള്ളത്. മറ്റു വിഷയങ്ങളില്‍ മികച്ച വിജയം നേടിയ കുട്ടികളുടെ ഫിസിക്‌സ് പേപ്പറിന്റെ കാര്യത്തില്‍ ഫലം ‘പിന്നീടു പ്രഖ്യാപിക്കും’ എന്നാണു കാണിക്കുന്നത്. കെമിസ്ട്രി, സോഷ്യല്‍ സ്റ്റഡീസ്, മലയാളം വിഷയങ്ങളിലും പല ജില്ലകളിലും കുട്ടികള്‍ക്ക് ഇതേ പ്രശ്‌നമുണ്ട്. എല്ലാ വിഷയങ്ങളിലും പാസ് ഗ്രേഡ് ഉണ്ടെങ്കിലും ഉന്നതപഠനത്തിന് അര്‍ഹതയില്ലെന്നു രേഖപ്പെടുത്തി ഫലം കിട്ടിയ കുട്ടികളും ഒട്ടേറെയാണ്. ആലപ്പുഴ ജില്ലയില്‍ നല്ല ശതമാനം വിദ്യാര്‍ഥികള്‍ക്കു കണക്കിനു ഗ്രേഡ് കുറഞ്ഞതായി പരാതിയുണ്ട്.

പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഡി.പി.ഐ
എസ്എസ്എല്‍സി പരീക്ഷാ ഫലത്തിലെ പ്രശ്‌നങ്ങള്‍ വൈകീട്ടോടെ പരിഹരിക്കുമെന്ന് ഡിപിഐ. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കൃത്യമായ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ പരീക്ഷാ ഭവനും ഐടി അറ്റ് സ്‌കൂളിനും നിര്‍ദേശങ്ങള്‍ നല്‍കി. മൂല്യനിര്‍ണയ ക്യാംപില്‍ നിന്ന് വിവരങ്ങള്‍ കൈമാറിയപ്പോള്‍ പിഴവുണ്ടായെന്നും ഡിപിഐ വ്യക്തമാക്കി. പ്രശ്‌നങ്ങളെല്ലാം വൈകീട്ടോടെ പരിഹരിക്കുമെന്നും ഡി.പി.ഐ ഉറപ്പു നല്‍കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം