പ്ലസ് വണ്‍ പ്രവേശനം കീറാമുട്ടിയാകുന്നു; സംസ്ഥാനത്ത് ഇതുവരെ പ്രവേശന നടപടികള്‍ തുടങ്ങിയില്ല

Sunday May 11th, 2014

SSLC students 2014തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം റിക്കാര്‍ഡ് വേഗത്തില്‍ പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ച യു.ഡി.എഫ് സര്‍ക്കാറിന് ഇക്കൊല്ലത്തെ പ്ലസ് വണ്‍ പ്രവേശനം കീറാമുട്ടിയാകുന്നു. എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ച്ച പിന്നിട്ടിട്ടും പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള യാതൊരു നടപടിയും വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഏപ്രില്‍ പതിനാറാം തീയതിയാണ് എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പരീക്ഷനടത്തി ഇരുപത്തിയഞ്ച് ദിവസംകൊണ്ട് റെക്കോഡ് വേഗത്തില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചത് ഏറെ പ്രശംസക്കിടയാക്കിയിരുന്നു. നാല് ലക്ഷത്തിനാല്‍പ്പത്തിരണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഉപരിപഠന യോഗ്യതയും നേടി. എന്നാല്‍ ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ച്ച പിന്നിട്ടിട്ടും പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കാനുള്ള നടപടി പോലും ഇതുവരെ തുടങ്ങിയിട്ടില്ല.

സി.ബി.എസ്.ഇ പത്താംതരത്തിന്റെ ഫലം വരാത്തതിനാല്‍ ആ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളെ സഹായിക്കാനാണ് പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഹയര്‍സെക്കണ്ടറി ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും അഴിമതി ആരോപണത്തെതുടര്‍ന്ന് തീരുമാനം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായതിന് ശേഷം പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഇങ്ങനെ ആയാല്‍ ജൂലായ് അവസാനമോ ആഗസ്റ്റ് ആദ്യവാരമോ മാത്രമേ പ്ലസ്‌വണ്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കു. ഇക്കൊല്ലം മുതല്‍ പ്ലസ് വണ്ണില്‍ പുതിയ പാഠപുസ്തകമായതിനാല്‍ ക്ലാസുകള്‍ വൈകി ആരംഭിക്കുന്നത് അധ്യയനത്തെയും സാരമായി ബാധിക്കുമെന്നാണ് ഈ മേഖലയിലെ അധ്യാപകര്‍ പറയുന്നത്.

Tags: , , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം