സരിത പണം തിരികെ നല്‍കും; സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം

Thursday March 12th, 2015

SARITHA NAIRആലപ്പുഴ: രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കു തിരി കൊളുത്തിയ സോളാര്‍ കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. ഒരുവേള സംസ്ഥാന മന്ത്രിസഭയെത്തന്നെ തകിടം മറിക്കുമെന്ന് കരുതിയിരുന്ന സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാനാണ് അമ്പലപ്പുഴ താലൂക്ക് നിയമസേവാ സമിതി അതോറിറ്റി സംഘടിപ്പിച്ച അദാലത്തില്‍ ധാരണയായിരിക്കുന്നതത്രെ. അമ്പലപ്പുഴ പ്ലാക്കുടി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 12 പേരില്‍ നിന്നായി 74 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും പ്രതികളാണ്. ഇവര്‍ക്കെതിരെ നാരായണന്‍ നമ്പൂതിരിയും മറ്റുള്ളവരും ചേര്‍ന്ന് അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്.

പരാതിക്കാര്‍ക്ക് നഷ്ടപ്പെട്ട 74 ലക്ഷം രൂപ പല ഗഡുക്കളായി ജൂലൈ 10നകം നല്‍കാമെന്ന് രണ്ടാം പ്രതിയായ സരിതാ എസ് നായര്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന നിയമസേവന കേന്ദ്രത്തിന്റെ അദാലത്തില്‍ സമ്മതിച്ചിരുന്നു. റിമാന്‍ഡിലായിരുന്നതിനാല്‍ കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ അദാലത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ അദാലത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പറ്റില്ലെന്ന് ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജ് എ ഷാജഹാന്‍ അറിയിച്ചു.

അതെ സമയം, കേസ് അവസാനിപ്പിക്കണമെങ്കില്‍ പരാതിക്കാര്‍ കോടതിയില്‍ ഹാജരായി മൊഴിമാറ്റി പരാതിയില്ലെന്ന് അറിയിക്കേണ്ടിവരും. അന്വേഷണ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് സരിത ഈ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്നതെന്ന് സൂചനയുണ്ട്. സംസ്ഥാനത്തെങ്ങും സരിത എസ് നായര്‍ നടത്തിയ തട്ടിപ്പുകളെല്ലാം ഈ രീതിയില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ആദ്യഘട്ടമാണ് അമ്പലപ്പുഴയിലേത് എന്നാണ് സൂചന. എന്നാല്‍ നാല് മാസത്തിനുള്ളില്‍ സരിത ഈ തുക ഏത് രീതിയില്‍ നല്‍കുമെന്ന് പോലീസ് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കോടികളുടെ തട്ടിപ്പ് പല സ്ഥലങ്ങളിലായി നടത്തിയെങ്കിലും സരിതയില്‍ നിന്ന് പണം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം