മുസ്തഫല്‍ ഫൈസി കാന്തപുരം വിഭാഗത്തില്‍; എപി- ഇകെ തര്‍ക്കം പുതിയ തലത്തിലേക്ക്

By സമീര്‍ കല്ലായി|Tuesday February 9th, 2016

Musthafal faizy EK Sunni APമലപ്പുറം: ഇകെ സുന്നി വിഭാഗത്തിലെ പ്രമുഖന്‍ എം പി മുസ്തഫല്‍ ഫൈസി കാന്തപുരം വിഭാഗത്തിലേക്ക് ചേക്കേറി. ഇതോടെ സുന്നികളിലെ എപി-ഇകെ തര്‍ക്കം പുതിയ തലത്തിലേക്ക് കടന്നു. നേരത്തെ ഇകെ വിഭാഗത്തില്‍നിന്ന് വരുന്ന നേതാക്കളെ ഉള്‍ക്കൊള്ളാന്‍ വിസ്സമ്മതം പ്രകടിപ്പിച്ചിരുന്ന എപി വിഭാഗം മുസ്തഫല്‍ ഫൈസിയെ കൂടെ കൂട്ടിയത് ഫൈസിയുടെ അഗാധ പാണ്ഡിത്യം തങ്ങള്‍ക്കു ഗുണകരമാകുമെന്ന തിരിച്ചറിവിലാണത്രേ. പലിശ ഹറാമല്ലെന്ന പ്രസ്താവനയുടെ പേരില്‍ നേരത്തെ ഫൈസിയെ ഇകെ വിഭാഗം പുറത്താക്കിയിരുന്നെങ്കിലും വൈകാതെ തിരിച്ചെടുത്തിരുന്നു. പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തല്‍ വിവാദത്തില്‍ സമസ്തക്കു വിരുദ്ധമായ അഭിപ്രായം രേഖപ്പെടുത്തിയതാണ് രണ്ടാമതും ഫൈസിയെ താക്കീത് ചെയ്യലിലെത്തിച്ചത്. ഇതോടെ ഫൈസി കാന്തപുരം വിഭാഗവുമായി അടുക്കുകയായിരുന്നു. പാണക്കാട് തങ്ങള്‍ അനുനയ ചര്‍ച്ച നടത്തിയെങ്കിലും ഫൈസി വഴങ്ങിയിട്ടില്ല.

നേരത്തെ സമസ്ത പിളര്‍പ്പു കാലത്ത് കാന്തപുരത്തിനൊപ്പമായിരുന്ന ഫൈസി കുവൈത്ത് കരാര്‍ വിഷയത്തിലാണ് കാന്തപുരവുമായി അകലുന്നത്. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി മൂന്ന് ഫൈസിമാരെ സസ്‌പെന്റ് ചെയ്ത വിഷയം കേന്ദ്ര മുശാവറയില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ കാന്തപുരം അനുകൂലിച്ചില്ലായെന്നതും പിണക്കത്തിന് കാരണമായിരുന്നു. പ്രമാദമായ വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ഫൈസിയെ കൂടെ കൂട്ടുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായമാണ് കാന്തപുരം വിഭാഗത്തിനുള്ളത്. ഗ്രന്ഥങ്ങള്‍ നോക്കാതെ തന്നെ അഭിപ്രായം പറയാന്‍ കഴിവുള്ള കര്‍മശാസ്ത്ര പണ്ഡിതനാണ് ഫൈസിയെന്നും അതാണ് ഇത്തരം അഭിപ്രായങ്ങള്‍ രൂപപ്പെടുന്നതെന്നുമാണ് കാന്തപുരം വിഭാഗത്തിന്റെ പക്ഷം. ലോക പണ്ഡിതന്‍മാര്‍ക്കിടയില്‍ മസ്ഹല തര്‍ക്കങ്ങള്‍ പതിവാണെന്നും അവര്‍ ഉദാഹരണ സഹിതം സമര്‍ത്ഥിക്കുന്നു. കറന്‍സിക്ക് സകാത്ത് വേണ്ടെന്ന സദഖത്തുല്ല മുസ്‌ല്യാരുടെ വാദമുഖങ്ങളോട് കൂട്ടിവായിക്കാവുന്നതേയുള്ളു ഇതെന്നുവെന്നും എപി വിഭാഗം പറയുന്നു.

നേരത്തെ കോഴിക്കോട് കടപ്പുറത്ത് എസ്‌വൈഎസ് 40ാംവാര്‍ഷിക സമ്മേളനം നടക്കവേ അതില്‍ പങ്കെടുക്കാന്‍ അന്ന് സമസ്ത പ്രസിഡന്റ് അസ്ഹരി തങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും എപി വിഭാഗം സമ്മതം നല്‍കിയിരുന്നില്ല. അടുത്തിടെ ഖുര്‍ആന്‍ പ്രഭാഷകന്‍ റഹ്മത്തുല്ല ഖാസിമിയും അടുപ്പം കാണിച്ചെങ്കിലും താല്‍പര്യം കാണിക്കാതിരുന്ന എപി വിഭാഗം മുസ്തഫല്‍ ഫൈസിയെ കൂടെ കൂട്ടുന്നത് മതരംഗത്ത് ഏറെ ചര്‍ച്ചയായേക്കും. നേരത്തെ തിരൂരില്‍ നിന്ന് ഫൈസി ഇറക്കിയിരുന്ന അല്‍മുബാറക് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിന്റെ ചുവടുപറ്റി ഫൈസിയെ പ്രസാധക രംഗത്ത് ഉപയോഗപ്പെടുത്താനാണ് എപി വിഭാഗത്തിന്റെ തീരുമാനം. മുഹമ്മദ് രാമന്തള്ളി, നൗഷാദ് അഹ്‌സനി, ജിഷാന്‍ മാഹി എന്നീ അടുത്തകാലത്ത് എപി വിഭാഗം വിട്ടവരെ ഇകെ വിഭാഗം വേദികളില്‍ ഉപയോഗപ്പെടുത്തുന്നതിനെ ചെറുക്കാനും ഫൈസിയുടെ വരവോടെ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം