സിറാജുന്നീസയുടെ മണ്ണപ്പത്തിന്റെ ഓര്‍മകള്‍ക്ക് കാല്‍ നൂറ്റാണ്ട്

By Priya|Thursday December 15th, 2016

ഡിസംബര്‍ 15.
പാലക്കാട് പുതുപ്പള്ളിതെരുവിലെ ആക്രമാസക്തരായ മുന്നോറോളം പേരെ നയിച്ചുവെന്ന പ്രാഥമികാന്വേഷണ റിപോര്‍ട്ടില്‍ രേഖപ്പെടുത്തി വീട്ടുമുറ്റത്ത് മണ്ണപ്പം ചുട്ടുകളിച്ചിരുന്ന പതിനൊന്നുകാരി, തൊണ്ടിക്കുളം യു.പി.സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിനി സിറാജുനീസയെ കേരളത്തിലെ പോലിസ് ക്രൂരമായി വെടി വച്ചു കൊന്നതിന്റെ 26-)0 വാര്‍ഷികം.
Sirajunnisa Palakkad

പാലക്കാട് പുതുപ്പള്ളി തെരുവിലെ ആ വീട്ടുമുറ്റത്ത് മണ്ണപ്പവും കറിയും വച്ചു കളിച്ചിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ആ പെണ്‍കുട്ടി ഇപ്പോഴുമുണ്ടെങ്കില്‍ അവള്‍ക്ക് വയസ്സ് 36. ഏതെങ്കിലും സര്‍ക്കാര്‍ ഓഫിസില്‍ ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞു പ്രവര്‍ത്തിക്കാന്‍ മനസ്സുള്ള ജീവനക്കാരിയായി അവള്‍ നമുക്കിടയില്‍ ഉണ്ടാകുമായിരുന്നു. അതല്ലെങ്കില്‍  പാലക്കാട് വിക്ടോറിയയില്‍ നിന്നോ മേഴ്‌സിയില്‍ നിന്നോ ബിരുദാനന്തര ബിരുദവും പിന്നെ അധ്യാപക പരിശീലനവും പൂര്‍ത്തിയാക്കി ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലോ കോളജിലോ പത്രാസുകാരിയായ അധ്യാപികയായി. അതുമല്ലെങ്കില്‍ ഒരുപക്ഷെ മേപറമ്പിലേയോ അരിക്കാരിതെരുവിലെയോ ഒരു മിടുക്കന്‍ റാവുത്തരുടെ ഭാര്യയും രണ്ടോ മൂന്നോ മക്കളുടെ പ്രിയ മാതാവുമായിട്ടുണ്ടാവും ആ സുന്ദരിക്കോത. ഈ പറഞ്ഞതൊക്കെ എങ്കില്‍ എന്ന പദത്തിന്റെ സാങ്കേതിക സൗകര്യത്തിന്റെ മറ പറ്റിയാണ് .ഇതൊന്നും സംഭവിക്കില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.എന്തെന്നാല്‍ അധികാരഗര്‍വും വെറുപ്പും ഘനീഭവിച്ചു ഒരു വെടിയുണ്ടയായെത്തി ആ കുഞ്ഞുജീവിതത്തിനു പൂര്‍ണവിരാമമിട്ടിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടു.
പഴയ വര്‍ത്തമാനപത്രങ്ങള്‍ക്കൊപ്പം നമ്മള്‍ തൂക്കിവിറ്റ ഓര്‍മ്മകള്‍ക്കിടയിലെവിടെയോ മടങ്ങിക്കിടക്കുന്നുണ്ടാവും അവളെകുറിച്ചുള്ള താളുകള്‍ . അവള്‍ സിറാജുന്നീസ. ലോകത്തിന്റെ കാപട്യങ്ങളെകുറിച്ചറിയാതെ കലാപത്തിന്റെ കാര്‍ക്കശ്യങ്ങളോര്‍ക്കാതെ വീട്ടുമുറ്റത്ത് മണ്ണുവാരികളിക്കവേ ഭരണകൂടത്തിന്റെ വേട്ടനായ്ക്കള്‍ കടിച്ചുകീറിയ കുഞ്ഞരിപ്രാവ്.

രമണ്‍ശ്രീ വാസ്തവയെന്ന ഐ.പി.എസുകാരന്‍ ഉത്തരമേഖലാ ഡി.ഐ.ജി.ആയിരിക്കുമ്പോഴാണ് പുതുപ്പള്ളിതെരുവിലെ സിറാജുനീസയെന്ന പതിനൊന്നുകാരി വീട്ടുമുറ്റത്ത് വെടിയേറ്റു പിടഞ്ഞു വീണത്. അന്ന് ബിജെപി അധ്യക്ഷനായിരുന്ന ഡോ. മുരളിമനോഹര്‍ ജോഷിയുടെ കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെയുള്ള ഏകതായാത്രയുടെ രഥചക്രങ്ങള്‍ക്ക് പിന്നാലെയാണ് ശാന്തവും സൗഹാര്‍ദ പൂര്‍ണ്ണവുമായിരുന്ന പാലക്കാടിന്റെ തെരുവുകളില്‍ വിദ്വേഷം മുളപൊട്ടിയത്. ചിലയിടങ്ങളിലത് കല്ലേറിലേക്കും കൊള്ളയിലേക്കും വളര്‍ന്നിരുന്നു എന്നതും നേര്. അതിനിടെ മേപ്പറമ്പിലും ചുണ്ണാമ്പുതറയിലും മറ്റും ആളുകള്‍ സംഘടിച്ചു നില്‍ക്കുന്നു എന്ന് വാര്‍ത്ത പരന്നു. ടൗണിലിറങ്ങാനും മറ്റും കഴിയാത്ത ആ  ഞായറാഴ്ച ഊണിന്റെ ആലസ്യത്തില്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കെയാണ് സിറാജുന്നീസയെന്ന പാവാടക്കാരി കണ്‍വെട്ടത്തു നിന്നു മറഞ്ഞു പോയത്.
മുതിര്‍ന്നവരുടെ ലോകത്തെക്കുറിച്ചും, ലോകം പിടിച്ചടക്കാന്‍ അവര്‍ നടത്തുന്ന യുദ്ധങ്ങളെകുറിച്ചും അവള്‍ക്കെന്തറിയാന്‍ ? അവള്‍ മണ്ണ് കൊണ്ട് ചോറ് വെച്ചു ഇലകള്‍ കറിയാക്കി ചിരട്ടയില്‍ വിളമ്പി കളിച്ച്‌കൊണ്ടേയിരിന്നു. ഉത്തര മേഖല ഡിഐജി ആയിരുന്ന രമണ്‍ ശ്രീവാസ്തവയുടെ ഉത്തരവ് പ്രകാരം ഷൊര്‍ണൂര്‍ എസ് പി ആയിരുന്ന ബി. സന്ധ്യയാണ് വെടിവെക്കാന്‍ നിര്‍ദേശം നല്‍കിയത്. ‘എനിക്ക് മൃതശരീരം വേണമെന്ന് വയര്‍ലസ്സിലൂടെ ആക്രോശിക്കുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ . പുതുപ്പള്ളിതെരുവില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന സിറാജുവിന്റെ മരണത്തിലാണ് വെടിവെപ്പ് കലാശിച്ചത്.

തലപിളര്‍ന്ന് തെറിച്ചുവീണ കുട്ടിയേയുംകൊണ്ട് ആശുപത്രിയിലേക്കോടിയ ബന്ധുക്കളെയും അയല്‍വാസികളെയും പോലിസ് പൊതിരെ തല്ലി. ഏറെ ക്ലേശിച്ചു പോലീസ് ജീപ്പില്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഉയിരറ്റിരുന്നു.
ആ വീടിന്റെ മണി വിളക്കായിരുന്ന സിറാജുന്നിസയെന്ന പൊന്നോമനയെ തല്ലിക്കെടുത്തുകയായിരുന്നു നരാധമര്‍. നമ്മള്‍ വാനോളം പ്രകീര്‍ത്തിക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയാല്‍ പകല്‍വെളിച്ചത്തില്‍ പലവട്ടം വഞ്ചിക്കപ്പെട്ടവരാണ് സിറാജുന്നീസയുടെ പിതാവ് മുസ്തഫയും രാജന്റെ അച്ചന്‍ പ്രൊഫ. ഈച്ചരവാര്യരും. കലാപകാരിയായ നക്‌സലൈറ്റ് എന്നാരോപിച്ചായിരുന്നു ഈച്ചരവാര്യരുടെ മകന്‍ രാജനെ ഭരണകൂടം വേട്ടയാടി കൊന്നത്. എന്നാല്‍ മുസ്തഫയുടെ മകള്‍ സിറാജുന്നീസയാകട്ടെ വെടിവെച്ചുകൊന്ന ശേഷം ഭീകരയുവതിയെന്നു മുദ്രകുത്തപ്പെടുകയായിരുന്നു.

പുതുപള്ളിതെരുവിലെ ആക്രമാസക്തരായ മുന്നോറോളം പേരെ നയിച്ചത് സിറാജുനീസയായിരുന്നു എന്നാണ് എഫ്.ഐ.ആറില്‍ രേഖപെടുത്തിയിരുന്നത് . തൊണ്ടിക്കുളം യുപി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഈ പതിനൊന്നുകാരിയെന്നോര്‍ക്കണം.
സിറാജുന്നീസയെ വെടിവക്കാന്‍ ഉത്തരവിട്ടവരൊ പിന്തുണ നല്‍കിയവരൊ അക്കാരണത്താല്‍ ശിക്ഷിക്കപ്പെട്ടതായി അറിയില്ല. വ്യാജഏറ്റുമുട്ടലിലൂടെ ഭരണകൂടം ഒരു പ്രത്യേക സമുദായത്തെയും വിഭാഗങ്ങളെയും നോട്ടപ്പുള്ളികളാക്കിയിരിക്കുന്നത് ഏതു സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കാനാണ്. ആരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് അഞ്ചാണ്ട് കൂടുമ്പോള്‍ ഈ വിഭാഗക്കാര്‍ പോളിംഗ് ബൂത്തിലേക്ക് പോകേണ്ടത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം