യുവതിയെ കൊന്ന് കുളത്തില്‍ താഴ്ത്തിയ സംഭവം; മന്ത്രി ആര്യാടന്റെ പേഴ്‌സണല്‍ സ്റ്റാഫ് പിടിയില്‍

Monday February 10th, 2014

murder copyകൊല നടന്നത് നിലമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫിസില്‍

പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു.

നിലമ്പൂര്‍: മധ്യവയസ്‌കയായ തൂപ്പുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അടക്കം രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പേഴ്‌സനല്‍ സ്റ്റാഫ് അംഗം ബി കെ ബിജു നായര്‍(38), ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരി ഷംസുദീന്‍ (29) എന്നിവരെയാണ് നിലമ്പൂര്‍ സി.ഐ. എ പി ചന്ദ്രന്റെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫിസിലെ തൂപ്പുകാരിയായ നിലമ്പൂര്‍ കോവിലകത്തുമുറി ചിറക്കല്‍ രാധ(49)യെ കോണ്‍ഗ്രസ് ഓഫിസില്‍ വച്ച് ഈ മാസം അഞ്ചിനു രാവിലെയാണ് കഴുത്തുഞെരിച്ചു കൊന്ന് വരിഞ്ഞുകെട്ടി ചാക്കിലാക്കിയത്.

കോണ്‍ഗ്രസ് ഓഫിസിലെ വേസ്റ്റ് പേപ്പറുകളും മറ്റും പുറത്തേക്കു കൊണ്ടുപോകുന്ന കൂട്ടത്തില്‍ ചാക്കിലാക്കിയ രാധയുടെ മൃതദേഹവും കാറില്‍ കയറ്റി പൂക്കോട്ടുംപാടം ഉണ്ണികുളത്തേക്ക് കൊണ്ടുപോയി രാത്രിയില്‍ കുളത്തില്‍ കല്ലിട്ട് താഴ്ത്തുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. പോലിസ് ഇന്‍ക്വസ്റ്റ് നടത്തുന്ന സ്ഥലത്തും പ്രതിയായ ബിജു എത്തിയിരുന്നു. അന്വേഷണത്തിന്റെ ഓരോ കാര്യവും അപ്പപ്പോള്‍ ബിജു അന്വേഷിച്ചിരുന്നു. പോലിസിന് നേരത്തേ ബിജുവിനെ സംശയമുണ്ടായിരുന്നതിനാല്‍ അന്വേഷണം കോണ്‍ഗ്രസ് ഓഫിസ് കേന്ദ്രീകരിച്ച് നടത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുള്ളതായി പോലിസ് സംശയിക്കുന്നുണ്ട്. എന്നാല്‍, ഇവരില്‍ മാത്രം കേസൊതുക്കാന്‍ കനത്ത സമ്മര്‍ദ്ദം നടക്കുന്നതായി സൂചനയുണ്ട്. ഒരു ഉന്നത നേതാവിന്റെ വീട്ടില്‍ രാത്രിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടിയന്തരയോഗം ചേര്‍ന്നിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ബിജുവിന്റെ അവിഹിതബന്ധം കൊല്ലപ്പെട്ട രാധയ്ക്ക് അറിയാമായിരുന്നെന്നും ഇത് പുറത്താകുമെന്ന ഭയമാണ് കൊലപാതകത്തിലേക്കെത്തിയതെന്നുമാണ് പോലിസ് നല്‍കുന്ന സൂചന. ഈ വിഷയവുമായി ബന്ധപ്പെട്ട് രാധയും ബിജുവും കൊലപാതകം നടന്ന ദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നത്രെ.

ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് ഉണ്ണികുളത്തുള്ള പഴയ പഞ്ചായത്തു കുളത്തില്‍ മോട്ടോര്‍ പമ്പ് അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികള്‍ കൈയും കാലും പുറത്തേക്കു നില്‍ക്കുന്ന രീതിയില്‍ ചാക്കില്‍ രാധയുടെ മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ പുറത്തെടുത്ത മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന്റെ കഴുത്തില്‍ തുണി ചുറ്റിയ നിലയിലായിരുന്നു. അടിവസ്ത്രം മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്. വിവിധ സ്ഥാപനങ്ങളിലെ തൂപ്പുകാരിയായിരുന്ന ഇവര്‍ ഫെബ്രുവരി അഞ്ചിനു രാവിലെ വീട്ടില്‍നിന്നു ജോലിക്ക് പോയതായാണ് ബന്ധുക്കള്‍ പറയുന്നത്.

കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരി കൊല്ലപ്പെട്ടത് ക്രൂരമായ ബലാല്‍സംഗത്തിനിടെ… വാര്‍ത്ത വായിക്കാം…

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം