നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായി വീണ്ടുമൊരു ബാബരി ദിനം

By പി കെ നൗഫല്‍|Saturday November 30th, 2013
2

Babari masjidബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട നാളുകളില്‍ കൗമാരക്കാരന്റെ ഓര്‍മകള്‍ … വര്‍ത്തമാന കാലത്ത് ശാക്തീകരണ സ്വപ്‌നം പേറുന്ന ഇന്ത്യന്‍ മുസല്‍മാന്റെ അനുഭവങ്ങളും പങ്കുവക്കുകയാണിവിടെ…

1992 നവംബര്‍ :
രണ്ടാവര്‍ഷ പ്രീഡിഗ്രി പഠന കാലഘട്ടം. അയോദ്ധ്യയില്‍ ബാബരി മസ്ജിദ്  ഹിന്ദുത്വകര്‍സേവ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുന്ന ഉപ്പയെ ശുശ്രൂഷിക്കാന്‍ ഞാനും ഉമ്മയുമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. ആദ്യകാലകമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന ഉപ്പ പാര്‍ട്ടിപ്രവര്‍ത്തകനായിരിക്കുമ്പോള്‍ തന്നെ ഉപജീവനാര്‍ത്ഥം  ഗള്‍ഫിലേക്കുള്ള ആദ്യകുടിയേറ്റത്തില്‍ ഭാഗമായി. പിന്നീട് ദശാബ്ദങ്ങളുടെ പ്രവാസത്തിനുശേഷം ശേഷം തൊള്ളായിരത്തി എണ്‍പതില്‍ നാട്ടിലേക്കു തിരിച്ചു വന്നെങ്കിലും ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടി അംഗത്വം പുതുക്കാതെ പാര്‍ട്ടിയുടെ പ്രധാന സഹകാരിയായിപ്രവര്‍ത്തിക്കുന്ന സമയമായിരുന്നു അത്. അതെസമയം ഉത്തമ മതവിശ്വാസിയുമായിരുന്നു ഉപ്പ. ചെറുപ്പകാലത്ത് പ്രഭാതനമസ്‌ക്കാരം മുടക്കിയതിനും വൈകുന്നേരത്തെ ‘യാസീന്‍’പാരായണം മുടക്കിയതിനുമൊക്കെ ഒരുപാട് ശിക്ഷകള്‍ എനിക്കും ജ്യേഷ്ഠനും ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയവിശകലനങ്ങള്‍ക്ക് എന്നും താല്‍പര്യം കാണിച്ചിരുന്ന ഉപ്പ ചെറുപ്പത്തില്‍ തന്നെ മക്കളോടടക്കം രാഷ്ട്രീയ ചര്‍ച്ചക്കള്‍ നടത്തിയിരുന്നു. ഇടതുപക്ഷ രാഷ്ട്രീയബോധം ചെറുപ്പത്തില്‍ സ്വാധീനിക്കുവാന്‍ ഈ ചര്‍ച്ചകള്‍ വഹിച്ച പങ്കുചെറുതല്ല.ഏതാണ്ടിതേ സമയത്തു തന്നെയായിരുന്നു കരുണാകരനെതിരെ രമേശ്‌ചെന്നിത്തല-കാര്‍ത്തികേയന്‍ – ഷാനവസ് തൃമൂര്‍ത്തികളുടെ നേതൃത്വത്തില്‍ തിരുത്തല്‍വാദമെന്നു പേരിട്ട കൊട്ടാരവിപ്ലവം കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുന്നതും ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ ആവിയായിപോയതും.
ഉപ്പാനെ ആശുപത്രിയില്‍ നിനും വീട്ടിലേക്ക് കൊണ്ടുവന്ന സമയത്തും രാജ്യമൊട്ടാകെ ബാബരീ മസ്ജിദിനെതിരെ ഹിന്ദുത്വ ശകതികള്‍ മുറവിളികൂട്ടുന്ന വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബാബരീ മസ്ജിദ് വളപ്പില്‍ പതിനായിരക്കണക്കിനു ഹിന്ദുത്വ കര്‍സേവകര്‍ പള്ളി തകര്‍ക്കുവാനായി നിയമവിരുദ്ധമായി തമ്പടിച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഉള്‍ക്കിടിലത്തോടെയാണ് കേട്ടത്. അന്നത്തെ ഉത്തര്‍പ്പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി.നേതാവ് കല്യാണ്‍സിഗ് ബാബരീ മസ്ജിദ്  അതിക്രമികളില്‍ നിന്നു സുരക്ഷിതമാക്കുമെന്നു സുപ്രീം കോടതിക്കു ഉറപ്പു നല്‍കിയെന്ന വാര്‍ത്തകളും പുറത്തു വന്നു. പള്ളിയുടെ സുരക്ഷിതത്വവുമായി ഇന്ത്യന്‍  പ്രധാനമന്ത്രിനരസിഹറാവുവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗും ഇന്ത്യയുടെ പരമോന്നത കോടതിക്ക് നല്‍കിയ സുരക്ഷാ ഉറപ്പ് വിശ്വസിക്കാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ പഴയ  ആര്‍.എസ്്.എസ് പ്രവര്‍ത്തകനായ നരസിംഹ റാവുവിനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നായിരുന്നു എന്റെ ഉപ്പയുടെ നിലപാട്. ഞാന്‍ എന്റെ നിലപാടില്‍ മാറ്റം വരുത്തിയതുമില്ല. എന്നാല്‍ എന്റെ നിരീക്ഷണവും വിശ്വാസവും തെറ്റായിരുന്നുവെന്ന് അധികം വൈകാതെ ബോധ്യപ്പെട്ടു.

ഡിസംബര്‍ 6:
വീട്ടുവളപ്പിലെ ചില്ലറ ജോലിക്കിടയില്‍ വീട്ടിലേക്കു കയറിയപ്പോള്‍ ക്ഷുഭിത മുഖവുമായി ഉപ്പയിരിക്കുന്നു, ചോദിക്കുന്നതിന്നു മുമ്പെ ഉപ്പ പറഞ്ഞു: ‘ബാബരീ മസ്ജിദ് തകര്‍ത്തു’. ഒരു തരം മരവിപ്പായിരുന്നു മനസ്സിലേക്കു വന്നത്. നമ്മുടേതെന്ന് വിശ്വസിച്ചിരുന്ന ഇന്ത്യന്‍ ഭരണവ്യവസ്ഥയും, നീതിപീഠവുമൊക്കെ പെട്ടെന്നൊരു ചോദ്യചിഹ്നമായി മനസ്സിലേക്കു കടന്നുവന്നു. പ്രപഞ്ചനാഥന്റെ ഏകത്വവിളിയുടെ നാദമുയര്‍ന്നിരുന്ന ബാബരിയുടെ താഴികക്കുടങ്ങള്‍ ഒരോന്നോരോന്നായി തകര്‍ന്നു വീഴുന്ന ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ അസ്തിത്വവും നിലനില്‍പുമാണ് തകര്‍ന്നു വീഴുന്നതെന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. അത്യന്തം ഹൃദയവേദനയോടെയല്ലാതെ ആ നിമിഷങ്ങള്‍ ഓര്‍ക്കാനാകുന്നില്ല.
പിന്നീട് മേമ്പൊടിക്കായി ഉത്തരേന്ത്യയിലും ബോംബെയിലുമൊക്കെ നടന്ന മുസ്‌ലിം കൂട്ടക്കൊലകള്‍. നിരപരാധികളുടെ കപന്ധങ്ങള്‍ കൊണ്ടു ആര്‍ത്തട്ടഹസിക്കുന്ന ഹിന്ദുത്വവാദികളുടെ ആക്രോശങ്ങള്‍, അട്ടഹാസങ്ങള്‍ കൊണ്ട് പത്രത്താളുകള്‍ നിറഞ്ഞു.
തകര്‍ത്ത പള്ളി യഥാസ്ഥാനത്തു പുനര്‍ നിര്‍മ്മിക്കുമെന്ന പൊയ്‌വെടികള്‍, തകര്‍ത്തു തരിപ്പണമാക്കിയ പള്ളിയില്‍ ബലാല്‍ക്കാരമായി കെട്ടി ഉയര്‍ത്തിയ നിയമവിരുദ്ധ കൂടാരത്തിനു ഉന്നത നീതിപീഠത്തിന്റെ സംരക്ഷണം. നീതിപീഠത്തിന്റെ ഏകപക്ഷീയമായ ഇടപെടലുകള്‍, ഭരണകൂടത്തിന്റെ തന്ത്രപരമായ വഞ്ചന, എല്ലാം ഒരു സമുദായത്തോടും ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥകളോടും വളരെ ആസൂത്രിതമായി ഉന്നതത്തലങ്ങളില്‍ നടത്തപ്പെട്ട ഗൂഢലോചനയുടെയും വഞ്ചനയുടെയും പരിണിതിയായിരുന്നുവെന്ന് ബോധ്യപ്പെട്ടു തുടങ്ങി.
മതേതരത്വത്തിന്റെയും ദേശീയതയുടെയും മാറുന്ന പുത്തന്‍ രൂപഭാവങ്ങള്‍ ഉള്‍കിടിലത്തോടെയാണ് ഉപ്പ നോക്കി കണ്ടത്. മനസ്സിലെ കപടവിഗ്രഹങ്ങള്‍ ഒരോന്നായി തകരുകയായിരുന്നു. ബാബരിയുടെ വിയോഗ ശേഷമുള്ള ഇന്ത്യയുടെ ദയനീയതയില്‍ മനം നൊന്താവാം അതെ വര്‍ഷം ഡിസമ്പര്‍ 27നു ഉപ്പ ഈ ലോകത്തോടു യാത്ര പറഞ്ഞു. (പടച്ചവന്‍ അദ്ദേഹത്തിനു പരലോകസൗഖ്യം നല്‍കുമാറാകട്ടെ)
പിന്നിട്ട രണ്ടു ദശാബ്ദങ്ങള്‍ – ഇന്ത്യന്‍ മതേതരത്വത്തിന്റെയും മുസ്‌ലിംകളുടെയും നെഞ്ചിലേറ്റ മുറിവ് ഇനിയുമുണങ്ങാതെ നീറിപ്പുകയുകയാണിപ്പോഴും.
യഥാര്‍ഥത്തില്‍ ബാബരീ മസ്ജിദ് ധ്വംസനത്തിലൂടെ മുസ്‌ലിംകള്‍ക്കും ഇന്ത്യന്‍ മതേതരത്വത്തിനും നഷ്ടപ്പെട്ടത് നിലനില്‍ക്കാനുള്ള അര്‍ഹതയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന് നഷ്ടപ്പെട്ടത് ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി പിടിച്ചു നില്‍ക്കാനുള്ള അവകാശവും. ഹിന്ദുത്വ ഫാസിസം ഉയര്‍ത്തിയ അക്രമാസക്ത മതാന്ധതയെ പ്രതിരോധിക്കാന്‍ കഴിവില്ലെന്നു ഇന്ത്യന്‍ മതേതരത്വവും ഭരണ സംവിധാനങ്ങളും തെളിയിച്ചു. മതേതര പര്‍ട്ടികള്‍ എന്നു സ്വയം അവകാശപ്പെടുന്നവരുടെ മതേതരപ്രതിബദ്ധതയും കാപഠ്യമെന്നു തെളിഞ്ഞു.
എന്നാല്‍ ബാബരീധ്വം സനത്തിനു നേതൃത്വം നല്‍കിയവരുടെ, അതിനു മൗനാനുവാദം നല്‍കിയവരുടെ അവസ്ഥയെന്താണ്? അഞ്ചാണ്ടു കൊണ്ടു ഇന്ത്യാ മഹാരാജ്യത്തെ പ്രാകൃതയുഗത്തിലേക്ക് തള്ളിവിട്ട നരസിംഹറാവു കോണ്‍ഗ്രസുകാര്‍ക്കു പോലും വേണ്ടാത്ത പൊയ്‌കോലമായി നാമാവശേഷനായി. ബാബരിയുടെ താഴികക്കുടങ്ങള്‍ തകര്‍ക്കുന്നതു കണ്ട് ആനന്ദ നൃത്തമാടിയ ഉമാഭാരതിയും പള്ളിയുടെ സംരക്ഷണം ഇന്ത്യന്‍ നീതിപീഠത്തിന്നു ഉറപ്പുനല്‍കി ഭരണഘടനയെ വഞ്ചിച്ച കല്യാണ്‍സിഗും രാഷ്ട്രീയ ഗതികിട്ടാതെ അലഞ്ഞു തിരിയുന്നു. ബാബരീ മസ്ജ്ദ് ധ്വംസനത്തിനു മുന്നെ ഹിന്ദുത്വ വികാരം ഇളക്കിവിട്ടു രഥയാത്ര നടത്തുകയും ഉത്തരേന്ത്യയില്‍ കലാപങ്ങള്‍ അഴിച്ചുവിടുകയും ബാബരീ പള്ളി പൊളീക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത അദ്വാനിയെ വാഴിച്ചവര്‍ തന്നെ നിശ്ശബ്ദനാക്കി, നിര്‍വീര്യനാക്കി നിര്‍ബന്ധ വനവാസത്തിലേക്ക് തള്ളിവിട്ടു.
ബാബരീ ധ്വംസനത്തിലൂടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെട്ട ഇന്ത്യന്‍ മുസ്‌ലിംകള്‍ സ്വയം തിരിച്ചറിവിന്റെ ഗൃഹപാഠം അഭ്യസിക്കുകയാണിപ്പോള്‍. നിലനില്‍ക്കുവാനുള്ള ഒരേയൊരു വഴി സ്വയം ശാക്തീകരണം മാത്രമാണെന്നു അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. മുഖ്യധാരാ പാര്‍ട്ടികളുടെ സ്ഥിരം വോട്ടുബാങ്കെന്ന പരിമിതിയെ ബോധപൂര്‍വം മറികടക്കുവാനുള്ള ശ്രമം ശൈശവാവസ്ഥയിലാണെങ്കിലും ആശാവഹമാണ്. രാജ്യം വീണ്ടുമൊരു തെരഞ്ഞെടൂപ്പിനെ നേരിടുമ്പൊള്‍ ഹിന്ദുത്വ ഫാസിസത്തിനും മതേതര ഹിന്ദുത്വത്തിനുമിടയില്‍ സ്വയം എരിഞ്ഞില്ലാതാകാതെ സംഘടിച്ചു ശക്തി സംഭരിക്കുവാനുള്ള ശ്രമത്തിന്റെ ആദ്യഘട്ടത്തിലാണവര്‍.
ചരിത്രം അതിജയിക്കുന്നവരുടേതാണ്. ഒളിച്ചോടുന്നവന്റെയും കീഴടങ്ങുന്നവരുടേയും കൂട്ടിക്കൊടുപ്പുകാരുടെയുമല്ല. ബാബരീ മസ്ജിദിന്റെ തകര്‍ച്ചയിലൂടെ ഇന്ത്യന്‍ മതേതരത്വത്തിന്നും ന്യൂനപക്ഷങ്ങള്‍ക്കും നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കപ്പെടേണ്ടതുണ്ട്. ഹിന്ദുത്വ ബ്രാഹ്മണിസത്തില്‍ നിന്നു രാജ്യത്തെ വിമോചിപ്പിക്കുക എന്ന ചരിത്രപരമായ വീണ്ടെടുപ്പ്.
അതിക്രമികള്‍ക്കെതിരെ ഇരകളുടെ ചെറുത്ത് നില്‍പും അതിജീവനവും പ്രാപഞ്ചിക നിയമമാണ്. അതു ദൈവീക വാഗ്ദാനവുമാണ്. ‘അതിക്രമികളായവരെ മറ്റു ചിലരെ കൊണ്ട് തടുത്തുനിര്‍ത്തിയില്ലായിരൂന്നുവെങ്കില്‍ ഭൂമി കുഴപ്പത്തിലാകുമായിരുന്നു’ (ഖുര്‍ആന്‍ അല്‍ബഖറ- 251).
ബാബരി മസ്ജിദില്‍ നിന്ന് ബാങ്കൊലി ഉയരുന്ന ദിനത്തിനായി കാത്തിരിക്കാം…

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/senstaional-memory-babari">
Twitter
LinkedIn
Tags: , , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം