പണം കൈമാറുന്നത് ബാങ്കു വഴി മാത്രമാക്കാന്‍ രജിസ്ട്രേഷന്‍ വകുപ്പ് പിടിമുറുക്കുന്നു

Monday April 17th, 2017

തിരുവനന്തപുരം: വസ്തുകൈമാറ്റ രജിസ്‌ട്രേഷനില്‍ പണം കൈമാറ്റം ബാങ്കുവഴി മാത്രമാക്കുന്നതിന് രജിസ്‌ട്രേഷന്‍ വകുപ്പ് പിടിമുറുക്കുന്നു. രണ്ടു ലക്ഷത്തിലധികമുള്ള കൈമാറ്റങ്ങളുടെ രജിസ്‌ട്രേഷനാണ് വകുപ്പ് നിര്‍ബന്ധമാക്കിയത്. ഇതോടെ ഭൂമി കൈമാറ്റം ചെയ്യുന്ന ഭൂവുടമകള്‍ക്കും വസ്തു വാങ്ങുന്നവര്‍ക്കും ബാങ്ക് അക്കൗണ്ടില്ലാതെ രജിസ്‌ട്രേഷന്‍ നടക്കാത്ത സ്ഥിതിയായി. എന്നാല്‍, 20,000 രൂപക്ക് മുകളിലെ ഇടപാടുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാക്കാനാണ് ആദായ നികുതി വകുപ്പ് രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കിയ നിര്‍ദേശം.

വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന ആധാരത്തില്‍ വസ്തു വാങ്ങുന്ന ആള്‍ ഏതുവിധമാണ് പണം നല്‍കുന്നതെന്നും ബാങ്ക് ചെക്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ മുഖേനയാണെങ്കില്‍ അതിന്റെ നമ്പറും ആധാരത്തില്‍ പ്രതിപാദിക്കണം. ഡിജിറ്റല്‍ ഇടപാടു വഴിയാണ് പണം കൈമാറ്റം നടത്തുന്നതെങ്കില്‍ ആ വിവരവും രേഖപ്പെടുത്തണം. 10 ലക്ഷത്തിലധികമുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2016 ജനുവരിയില്‍ സംസ്ഥാനത്തെ രജിസ്റ്ററിങ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തില്‍ ഭൂമി ഇടപാടുകളുടെ പണം കൈമാറ്റം നടത്തുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. അതിനെത്തുടര്‍ന്ന് ചില സബ് രജിസ്ട്രാര്‍മാര്‍ ഇടപാടുകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കൃഷിഭൂമി നല്‍കി പകരം താമസയോഗ്യമായ വീടുകളും സൗകര്യപ്രദമായ വസ്തുക്കളും വാങ്ങുന്ന രീതി നിലവിലുണ്ട്. ഇത്തരത്തിെല കൈമാറ്റങ്ങള്‍ ബാങ്കു വഴിയാക്കുന്നത് കൈമാറ്റം ചെയ്യുന്നവരില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. വസ്തു കൈമാറ്റ രജിസ്‌ട്രേഷനില്‍ പണമിടപാടുകള്‍ക്കു കൂടി രജിസ്‌ട്രേഷന്‍ വകുപ്പ് പിടിമുറുക്കിയതോടെ വസ്തുക്കളുടെ കൈമാറ്റങ്ങളില്‍ ഗണ്യമായ തോതില്‍ കുറവ് വന്നു. ഭൂമി വാങ്ങി പ്ലോട്ടുകളായി വില്‍പന നടത്തുന്ന സംഘങ്ങള്‍ പിന്‍വലിഞ്ഞതോടെ വസ്തുവിന് വന്‍ വിലക്കുറവ് നേരിട്ടിട്ടുണ്ട്. റബറിന്റെ വിലയിടവ് കാരണം തോട്ടങ്ങളുടെ വിലയിലും ഇടിവുണ്ടായി. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഏക്കര്‍ കണക്കിന് തോട്ടങ്ങള്‍ വില്‍പനക്കുണ്ടെന്ന് കാട്ടി ഉടമകള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

പരസ്പര കൈമാറ്റ ആധാര രജിസ്‌ട്രേഷന് പുതുജീവന്‍
തിരുവനന്തപുരം: ഭൂവുടമകള്‍ തമ്മില്‍ വസ്തുക്കള്‍ പരസ്പരം കൈമാറ്റം ചെയ്യുന്ന സമ്പ്രദായത്തില്‍ പണം കൈപ്പറ്റിയെന്ന് കാട്ടി വിലയാധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. രജിസ്േട്രഷന്‍ വകുപ്പ് ഇടപാടുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കാല്‍ നൂറ്റാണ്ടു മുമ്പ് വ്യാപകമായ തോതില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പരസ്പര കൈമാറ്റ ആധാരങ്ങളുടെ രജിസ്‌ട്രേഷന് ഇപ്പോള്‍ പുതുജീവന്‍.
പണം കൈമാറ്റം നടക്കാതെ ഭൂമി പരസ്പരം മാറ്റിയെടുക്കുന്ന രീതി വ്യാപകമായി നിലവിലുണ്ട്. എന്നാല്‍, ഇത്തരത്തിലെ കൈമാറ്റങ്ങള്‍ അധികവും ഏറെക്കാലമായി പണം കൈപ്പറ്റിയെന്ന് കാണിച്ച് വിലയാധാരങ്ങളായാണ് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇപ്പോള്‍ വസ്തുകൈമാറ്റ രജിസ്േട്രഷന് വകുപ്പ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് പരസ്പരം കൈമാറുന്ന വസ്തുക്കളുടെ രജിസ്‌ട്രേഷന്‍ അത്തരത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുന്നതിന് ഭൂവുടമകളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ പരസ്പരം കൈമാറ്റം ചെയ്യുന്ന വസ്തുക്കള്‍ പരസ്പരമാറ്റ ആധാരങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നതു വഴി ഭൂമി കൈമാറ്റം ചെയ്യുന്നവര്‍ക്ക് മുദ്രവിലയിലും രജിസ്േട്രഷന്‍ ഫീസിലും ഇളവും ലഭിക്കും. ഇതു വകുപ്പിന് വരുമാന ചോര്‍ച്ചക്കും ഇടയാക്കും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം