മഴ ആസ്വദിക്കാന്‍ പത്തനംതിട്ടയിലേക്കു വരൂ… അടവിയും ഗവിയും കണ്ടു മടങ്ങാം

Saturday June 4th, 2016

Gavi Adavi tourist yathraപത്തനംതിട്ട: മഴക്കാലം ആസ്വദിച്ച് പത്തനംതിട്ടയില്‍ ചുറ്റിയടിക്കാം. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങള്‍ ഇവിടെയുണ്ട്. മഴക്കാല ടൂറിസത്തിന് ഏറെ സാധ്യതയുള്ള ജില്ലയിലെ സ്ഥലങ്ങള്‍ കാണാന്‍ സഞ്ചാരികളുടെ തിരക്കേറുന്ന കാലമാണ് വരാന്‍ പോകുന്നത്. ജില്ലയുടെ ഇക്കോ ടൂറിസം പദ്ധതികളും മഴയും തമ്മില്‍ അത്രത്തോളം ബന്ധമുണ്ട്. അടവി, ഗവി തുടങ്ങിയ ഇക്കോ ടൂറിസം സെന്ററുകള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തയാറായിക്കഴിഞ്ഞു.

അടവിയില്‍ സാഹസിക യാത്ര
കോന്നിയിലെ അടവി ഇക്കോ ടൂറിസം സെന്ററിലെത്തുന്നവരെ മഴക്കാലത്ത് കാത്തിരിക്കുന്നത് സാഹസികയാത്രയാണ്. ജൂണ്‍ മാസമെത്താന്‍ കാത്തിരിക്കുകയായിരുന്നു അടവിയിലെ കുട്ടവഞ്ചിയുടെ തുഴച്ചില്‍ കാര്‍. ഇതുവരെ കണ്ട കുട്ടവഞ്ചി സവാരിയൊന്നുമല്ല ഇനി കാണാനിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. മഴ തുടങ്ങിയാല്‍ കല്ലാര്‍ നിറഞ്ഞൊഴുകും. വെള്ളമില്ലാതിരുന്നതുമൂലം ഇതുവരെ സഞ്ചാരികള്‍ക്കായി സാധാരണ കുട്ടവഞ്ചിയാത്ര മാത്രമാണ് നടത്തിയിരുന്നത്. ഇനി കല്ലില്‍തട്ടി ഓളങ്ങളില്‍ ചാഞ്ചാടി താഴേക്കുപതിക്കുന്ന തരത്തിലുള്ള സാഹസികയാത്രയാണ് അടവിയിലുണ്ടാവുക. മഴക്കാല സഞ്ചാരികളെ വരവേല്‍ക്കാന്‍ കല്ലാറിന്റെ തീരത്ത് കുട്ടവഞ്ചികള്‍ നിരനിരയായി കാത്തിരിക്കുകയാണ്. വിനോദസഞ്ചാരികള്‍ക്ക് ദാഹമകറ്റാന്‍ പാനീയങ്ങളുമായി വനശ്രീ കഫേയും ആടിരസിക്കാന്‍ ഊഞ്ഞാലുമടക്കം എല്ലാം അടവിയില്‍ റെഡി.
മുണ്ടോംമൂഴി കടവില്‍നിന്ന് പേരുവാലി വരെ രണ്ടുകിലോമീറ്ററുള്ള ദീര്‍ഘദൂര സവാരി മഴ പെയ്തതോടെ ആകര്‍ഷകമാകും. മുണ്ടോംമൂഴി കടവില്‍നിന്ന് പാണ്ടിയാന്‍ കയത്തിലൂടെ തണ്ണിത്തോട് ഭാഗത്തേക്ക് പോയി തിരികെയെത്തുന്ന സവാരിയാണ് ഇതുവരെ ഉണ്ടായിരുന്നത്. കോന്നി ആനക്കൂട് സന്ദര്‍ശനത്തിനെത്തുന്നവര്‍ അടവിയില്‍ കുട്ടവഞ്ചി സവാരിയും നടത്തിയാണ് മടക്കം.
കോന്നി ഇക്കോ ടൂറിസം പദ്ധതിയിലെ നമ്പര്‍: 04682 247645.

ഗവിയിലെ കോടയിലൂടെ ആസ്വാദ്യ യാത്ര
ഗവിയിലെ കോടമഞ്ഞിനെ കീറിമുറിച്ച് അതിന്റെ ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാനാണ് സഞ്ചാരികളെത്തുന്നത്. നിര്‍ത്താതെ പതിഞ്ഞുപെയ്യുന്ന മഴ കണ്ടാസ്വദിക്കാന്‍ വര്‍ഷംതോറും നിരവധി പേരെത്തുന്നുണ്ടിവിടെ. വനംവകുപ്പിന്റെ വാഹനത്തില്‍ ചുറ്റിയടിക്കാനിറങ്ങുന്നവരും കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത് ഗവി കാണാന്‍ എത്തുന്നവരും ധാരാളമാണ്. ജീപ്പുസവാരിയും ഡാമില്‍ ബോട്ടിങ്ങും ശബരിമല വ്യൂപോയിന്റുമാണ് പ്രധാനമായും ഗവിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇക്കോ ടൂറിസം പദ്ധതിയെന്ന നിലയില്‍ പൂര്‍ണമായും പൂര്‍ത്തീകരിച്ചിട്ടില്ലെങ്കിലും മഴക്കാലത്ത് ഗവിയുടെ ഭംഗിയാസ്വദിക്കാന്‍ എത്തുന്നവര്‍ നിരവധിയാണ്.
260 ഇനം പക്ഷികളെ ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയായ ഗവിയില്‍ ജീപ്പ് സവാരി പ്രധാന ആകര്‍ഷണമാണ്. കാനനഭംഗി ആസ്വദിച്ച് കാടിന്റെ നടുവിലൂടെ ജീപ്പുയാത്ര ആരും ഇഷ്ടപ്പെടും. ഏലം, കാപ്പി പ്‌ളാന്റേഷനുകളാണ് ഗവിയുടെ മറ്റൊരു ആകര്‍ഷണം. തോട്ടം തൊഴിലാളി ലയങ്ങളടക്കമുള്ളവ കണ്ടുമടങ്ങാം. വനംവകുപ്പിന്റെ വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതടക്കമുള്ള വിവരങ്ങള്‍ ലഭിക്കും. സ്വന്തം വാഹനത്തില്‍ ഗവിയില്‍ പോകണമെങ്കില്‍ ആനത്തോട് ചെക്ക്‌പോസ്റ്റില്‍നിന്ന് പാസെടുക്കണം.
ഗവി ഇക്കോ ടൂറിസം പദ്ധതിയിലെ ഫോണ്‍: 9947492399.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം