മലപ്പുറത്തെ വീട്ടമ്മ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എഴുതിയ കത്ത് വൈറലാകുന്നു

Tuesday November 17th, 2015

Hyderali Shihab Thangal iumlകോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മലപ്പുറത്തെ വീട്ടമ്മ എഴുതിയ കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാസ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി മാനഭംഗപ്പെടുത്തിയ ലീഗണികളുടെ ചെയ്തികളില്‍ ആശങ്കയറിയിച്ചാണ് മലപ്പുറത്തെ ഉമ്മു ആയിശ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് തുറന്ന കത്തെഴുതിയിരിക്കുന്നത്.
Letter Hydarali thangal IUML

കത്തിന്റെ പൂര്‍ണരൂപം വായിക്കാം…

ബഹുമാനപെട്ട പാണക്കാട് ഹൈദരലി തങ്ങള്‍ക്ക്…..

ഞങ്ങളുടെ എല്ലാം ആലംബമായ അങ്ങയുടെ പരിഗണയിലേക്കും അറിവിലേക്കുമായി എഴുതുന്നതു…
ഞങ്ങള്‍ മുസ്ലിംലീഗ് കുടുംബത്തില്‍ ജനിക്കുകയും, കാലങ്ങളായി കോണി ചിഹ്നത്തില്‍ മാത്രം വോട്ടു ചെയ്യുന്നവരുമാണ്. മുസ്ലിംലീഗുകാരയതില്‍ അഭിമാനിക്കുകയും, മുസ്ലിംലീഗിന്റ് വിജയത്തില്‍ സന്തോഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഞങ്ങള്‍ ഇന്ന് ഇവിടെ അപമാനത്തിന്റെ നടുവിലാണ്…

ഇലക്ഷന്‍ റിസള്‍റ്റുമായി ബന്ധപ്പെട്ടു മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഘോഷത്തില്‍ സ്ത്രീ വേഷവിതാനത്തില്‍ ഒരാളെ നിറുത്തി കാണിക്കുന്ന പേക്കൂത്തുകള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമെന്നു കരുതുന്നു. എല്ലാവരും പറയുന്നത് അവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണു എന്നതാണ്. അതില്‍ കയ്യടിക്കുന്ന പലരും മുസ്ലിംലീഗിന്റെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണത്രെ…

മോശവും കിരാതവും, ഒരു മനുഷ്യജീവിയോട് ചെയ്യാന്‍ മടിക്കുന്ന രീതിയിലുമുള്ള ആ രംഗം കണ്ടതിനു ശേഷം ഞെട്ടി തരിച്ചിരിക്കുകയാണു ഞാനും, എന്റെ പെണ്മക്കളും അതുപോലെ ഇവിടെ ചുററു വട്ടത്തുള്ള സ്ത്രീകളും….. പരസ്പരം മക്കളുടെ മുഖത്ത് നോക്കാന്‍ പോലും കഴിയാതെ അപമാനവും, ലജ്ജയും, ഞങ്ങളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു.. മുസ്ലിം സഹോദരിമാര്‍ പര്‍ദ്ദക്ക് മുകളില്‍ മറ്റൊരു മൂടുപടം തേടെണ്ട അവസ്ഥയില്‍ ആയിരിക്കുന്നു…ഞങ്ങളുടെ ശരീരത്തിലേക്ക് അവര്‍ പാഞ്ഞടുക്കുന്നത് കണ്ടു ഉറക്കത്തില്‍ പോലും ഞെട്ടി ഉണരുന്ന അവസ്ഥ! പ്രക്യതി ഞങ്ങള്‍ക്ക് നല്‍കിയ അവയവങ്ങള്‍, ആകാരങ്ങള്‍, മാതൃത്വത്തിന്റെ മഹനീയ ബിംബങ്ങള്‍… എല്ലാത്തിനേയും എത്ര സംസ്‌കാരരഹിതമായാണവര്‍ സമീപിക്കുന്നത്! ഒരു വിടന്റെ ചേഷ്ഠകളോടെ ചവിട്ടി മെതിക്കുന്നത്!

അങ്ങും പെണ്മക്കളുടെ പിതാവാണ്, സഹോദരനാണ്, അതിലേറെ ആലംബരായ ഞങ്ങളെ പോലുള്ളവരുടെ അത്താണിയാണ്. ഞങ്ങള്‍ പറയാതെ തന്നെ പൊതുസമൂഹത്തില്‍ അഭിമാനം പിച്ചി ചീന്തിയ കാപാലികര്‍ക്കു ഇടയില്‍ ജീവിക്കുന്ന ഞങ്ങളുടെ അവസ്ഥ മനസ്സിലാവുമല്ലോ…. ഇതുവരെയും ഞങ്ങള്‍ സഹോദരന്മാരായി കണ്ടിരുന്ന ഓരോ മുസ്ലിംലീഗ് കാരനെയും കാണുമ്പോള്‍ ഭയം ഞങ്ങളെ പിടി കൂടുന്നു.

മുസ്ലിംലീഗിനു വേണ്ടി വോട്ടു പിടിക്കാന്‍ അങ്ങ് ആവശ്യപെട്ടപ്പോഴാണു ഞങ്ങള്‍ അടുക്കള വിട്ടു പുറത്തിറങ്ങിയത്. എന്ത് ധൈര്യമാണ് ഒരിക്കല്‍ കൂടി പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്കുള്ളത്! ഇത്രയും അധമരായ ആളുകള്‍, ഒരു സ്ത്രീയെ കയ്യില്‍ കിട്ടിയാല്‍ അവര്‍ എന്തൊക്കെ ചെയ്യും എന്നതു ആ ഭീതിദമായ രംഗങ്ങള്‍ ഞങ്ങളെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു….. എന്താണ് അവര്‍ ഇങ്ങനെ നശിച്ചുപോയത്, സ്വന്തം മക്കളുടെ മുഖത്ത് നോക്കാനാവാത്ത വിധം, ഞങ്ങളെ അപമാനിതരാക്കിയത് എന്തിനായിരുന്നു…ഇവിടെ കുത്തും കൊലയും നടന്നപ്പോള്‍ പോലും ഞങ്ങള്‍ ഇങ്ങനെ ഭയന്നിട്ടില്ല.

ഈയൊരവസ്ഥയില്‍ അങ്ങയുടെ തീരുമാനം അറിയാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്, അങ്ങയുടെ വാക്കുകള്‍ക്ക് കതോര്‍ക്കുന്നു… സഹോദരിമാര്‍ക്കായ് വിശ്വാസത്തോടെ..

മലപ്പുറത്ത് നിന്നും ഉമ്മു ആയിഷ

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം