സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

Monday March 20th, 2017
2

റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാര്‍ച്ച് 29 മുതലാണ് ഇതു നടപ്പാക്കുകയെന്ന് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് അറിയിച്ചു. ജൂണ്‍ 24 വരെയാണ് കാലാവധി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് അനുസരിച്ചാണ് ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന തലക്കെട്ടിലുള്ള പൊതുമാപ്പിന്റെ പ്രഖ്യാപനം. ഇഖാമ നിയമലംഘകര്‍, അതിര്‍ത്തി ലംഘിച്ചവര്‍, നുഴഞ്ഞുകയറ്റക്കാര്‍, ഹുറൂബാക്കപ്പെട്ടവര്‍, ഹജ്ജ്, ഉംറ, സന്ദര്‍ശന വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍, വിസ നമ്പറോ എന്‍ട്രി നമ്പറോ ഇല്ലാതെ പ്രയാസപ്പെടുന്നവര്‍ എന്നിവരാണ് പൊതുമാപ്പിന്റെ പരിധിയില്‍ വരുന്നത്. ഈ നിയമലംഘകര്‍ക്ക് പിഴയും തടവു ശിക്ഷയും കൂടാതെ രാജ്യം വിടാം. മടങ്ങുമ്പോള്‍ ഇവരുടെ വിരലടയാളം രേഖപ്പെടുത്തും. സൗദിയിലേക്ക് തിരിച്ചുവരുന്നതിന് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

പൊതുമാപ്പ് കാലയളവില്‍ എല്ലാ തരം അനധികൃത താമസക്കാര്‍ക്കും തടവും പിഴയും കൂടാതെ അനായാസം രാജ്യം വിടാനാവും. എന്നാല്‍ പൊലീസ് കേസുകളില്‍ കുടുങ്ങിയവര്‍ക്ക് ഈ ആനുകൂല്യം ഉണ്ടാകില്ല. റമദാന്‍ അവസാനത്തില്‍ (ജൂണ്‍ 24) അവസാനിക്കുന്ന പൊതുമാപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഇളവുകാലം കഴിയുന്നതോടെ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു. രാജ്യത്ത് അവശേഷിക്കുന്ന നിയമലംഘകര്‍ക്ക് പരമാവധി ശിക്ഷയും പിഴയും നല്‍കുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘകരില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും ഏറെയുണ്ടെന്നാണ് വിവരം. 2013 ല്‍ പ്രഖ്യാപിക്കപ്പെട്ട നിതാഖാത് ഇളവുകാലത്തിന് ശേഷം ഇതാദ്യമായാണ് പൊതുമാപ്പ് വരുന്നത്. നിതാഖാത് ആനുകൂല്യം ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് മലയാളികളാണ് അന്ന് മടങ്ങിയത്. പിന്നീടും പദവി ശരിയാക്കാമെന്ന പ്രതീക്ഷയില്‍ തുടരുകയും അതിന് സാധിക്കാതെ വരികയും ചെയ്ത് കുടുങ്ങിയ നിരവധി ആളുകള്‍ ഇപ്പോഴും രാജ്യത്തുണ്ട്. ഇവര്‍ക്കെല്ലാം രക്ഷപ്പെടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. മൂന്നുമാസം കഴിയുമ്പോള്‍ ‘അനധികൃത താമസക്കാരില്ലാത്ത രാജ്യം’ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം