പാലത്തായി പീഡനം; പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കു കൂടി കാഴ്ചവെച്ചതായി വെളിപ്പെടുത്തല്‍

Saturday April 25th, 2020

കണ്ണൂര്‍: പാനൂരിനടുത്ത് പാലത്തായിയില്‍ പത്തു വയസ്സുകാരി സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വീണ്ടും പരാതി. അറസ്റ്റിലായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാജന്‍ പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവച്ചു എന്നാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലിസ് സൂപ്രണ്ടിനും നല്‍കിയ പരാതിയില്‍ പറയുന്നത്. പോക്‌സോ പീഡനക്കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ അനുബന്ധ മൊഴി രേഖപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് മാതാവ് ആദ്യം കണ്ണൂര്‍ ജില്ലാ പോലിസ് സൂപ്രണ്ടിനും പിന്നീട് മുഖ്യമന്ത്രിക്കും രേഖാമൂലം നല്‍കിയ പരാതിയിലാണ് പ്രതിക്കെതിരെ ഗൗരവതരമായ പുതിയ വെളിപ്പെടുത്തലുള്ളത്. പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അടുത്ത ദിവസം പെണ്‍കുട്ടിയെ വീണ്ടും മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയേക്കും. സ്‌കൂളില്‍ വച്ചു പീഡിപ്പിച്ച കേസില്‍ അടുത്തിടെ അറസ്റ്റിലായ ബിജെപി നേതാവ് പത്മരാജന്‍ പെണ്‍കുട്ടിയെ പൊയിലൂരിലെ ഒരു വീട്ടിലെത്തിക്കുകയും ബുള്ളറ്റിലെത്തിയ ഒരാള്‍ അവിടെ വച്ച് പീഡിപ്പിച്ചു എന്നുമാണ് പരാതി. പരാതിയില്‍ പറയുന്ന ദിവസം ക്ലാസുണ്ടെന്ന് പറഞ്ഞ് പത്മരാജന്‍ പത്തു വയസുകാരിയെ സ്‌കൂളിലേക്ക് വിളിപ്പിച്ചു. അവിടെ നിന്ന് പത്മരാജന്‍ പെണ്‍കുട്ടിയേയും കൊണ്ട് പൊയിലൂരിലെ ഒരു വീട്ടിലെത്തി. പെണ്‍കുട്ടിയും പത്മരാജനും മുറ്റത്ത് നില്‍കുമ്പോള്‍ ബുള്ളറ്റില്‍ ഒരു യുവാവ് അവിടെയെത്തി. അയാള്‍ വീടിനുള്ളില്‍ നിന്നും പീഡിപ്പിക്കുന്ന സമയത്ത് പത്മരാജന്‍ വീടിന് പുറത്ത് കാവലിരുന്നതായി പെണ്‍കുട്ടി പറഞ്ഞുവെന്നാണ് ജില്ലാ പോലിസ് സൂപ്രണ്ടിനു ലഭിച്ച മാതാവിന്റെ പരാതില്‍ ചൂണ്ടിക്കാട്ടുന്നത്.

ആദ്യ പീഡനത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞപ്പോഴും പോലിസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയപ്പോഴും പെണ്‍കുട്ടി പൊയിലൂരിലെ പീഡന വിവരം വെളിപ്പെടുത്തിയിരുന്നില്ല. തുടക്കത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിനിടയിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. പിന്നീട് മാനസിക നില മെച്ചപ്പെട്ട ശേഷം മാതൃ സഹോദരിയടക്കമുള്ള ബന്ധുക്കള്‍ വിശദമായി ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി പൊയിലൂര്‍ പീഡന വിവരം തുറന്നു പറഞ്ഞതെന്ന് പരാതിയില്‍ പെണ്‍കുട്ടിയുടെ മാതാവ് വ്യക്തമായിട്ടുണ്ട്. പുതുതായി ചുമതലയേറ്റ പാനൂര്‍ സിഐയെ പൊയിലൂര്‍ പീഡന വിവരം കുട്ടിയുടെ ബന്ധുക്കള്‍ ഒരാഴ്ച മുമ്പ് നേരിട്ട് അറിയിച്ചതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞതായി തേജസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നടപടിയൊന്നുമുണ്ടാവാത്ത സാഹചര്യത്തിലാണ് ജില്ലാ പോലിസ് ചീഫിന് രേഖാമൂലം പുതിയ പരാതി നല്‍കിയതെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ഇങ്ങനെയൊരു പരാതിയെക്കുറിച്ച് അറിയില്ലെന്ന് പാനൂര്‍ സിഐ ഫയാസ് അലി കഴിഞ്ഞ ദിവസം പറഞ്ഞതായും റിപോര്‍ട്ടിലുണ്ട്. പെണ്‍കുട്ടി നേരത്തെ പറഞ്ഞ മൊഴിയല്ലാതെ വേറെ പരാതിയുള്ളതായി അറിയില്ലെന്നും സിഐ അറിയിച്ചതായാണ് വിവരം.

അതേസമയം, പാലത്തായി പോക്‌സോ പീഡനക്കേസിന് ഗൗരവതരമായ പല തലങ്ങള്‍ കൂടിയുള്ളതായാണ് പുതിയ പരാതിയില്‍ വ്യക് തമാവുന്നത്. ഒന്നാം പ്രതിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായ പല നീക്കങ്ങളും അരങ്ങേറിയതിന്റെ തെളിവാണ് പൊയിലൂരിലെ വീട്ടിലെത്തിച്ച് മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊയിലൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പറയുന്ന സംഭവത്തില്‍ രണ്ടാമനെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ പുറത്തായിട്ടുണ്ട്. പാനൂര്‍ പോലിസില്‍ നിന്ന് മാറ്റി കേസില്‍ സമഗ്രമായ അന്വേഷണത്തിലൂടെ മുഴുവന്‍ പ്രതികളേയും വസ്തുതകളും വെളിച്ചത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് മാതാവ് വീണ്ടും പരാതി നല്‍കിയത്. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി ഒരു മാസം മുമ്പ് നല്‍കിയ പരാതിയില്‍ ആറു ദിവസം മുമ്പാണ് ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പിടി കൂടാത്തത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയതിനു പിന്നാലെ ഈ മാസം 15ന് ബന്ധുവും ബിജെപി പ്രദേശിക നേതാവുമായ അധ്യാപകന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നെങ്കിലും പോലിസ് ഒളിച്ചു കളിക്കുകയായിരുന്നു.

അധ്യാപകനെതിരേ പീഡനത്തിന് ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴി ഒരു ചാനലിലൂടെ പുറത്തു വന്നതോടെ പോലിസ് പ്രതിരോധത്തിലായി. പീഡനത്തിനിരയായ പത്തു വയസുകാരിയുടെ മൊഴി വിശ്വസനീയമല്ലെന്ന തരത്തില്‍ പ്രതിക്കനുകൂല നിലപാടിലായിരുന്നു തലശ്ശേരി ഡിവൈഎസ്പിയും പാനൂര്‍ മുന്‍ സിഐയും സ്വീകരിച്ചത്. എന്നാല്‍, പത്മരാജന്‍ പലപ്പോഴും പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും ബാത്ത് റൂമില്‍ നിന്നു കരഞ്ഞാണ് വിദ്യാര്‍ത്ഥി ക്ലാസിലേക്ക് വന്നതെന്നതടക്കമുള്ള സഹപാഠിയുടെ മൊഴി ചാനല്‍ പുറത്തു വിട്ടതോടെ പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതമായി. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയതെന്നാണു സൂചന.
-കടപ്പാട്-

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം