വയോധികയെ മകളും പേരക്കുട്ടിയും ചേര്‍ന്ന് കൊലപ്പെടുത്തി

Sunday April 26th, 2020

കൊല്ലം: പരവൂരില്‍ വയോധികയെ മകളും പേരക്കുട്ടിയും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍കുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടില്‍ കൊച്ചുപാര്‍വതി (88) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ ശാന്തകുമാരി (64) ചെറുമകന്‍ സന്തോഷ് (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് കൊച്ചുപാര്‍വതി വീട്ടില്‍ മുറിയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. 10 മണിയോടെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ വീട്ടുകാര്‍ ചെയ്തു. മരണം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവരമറിഞ്ഞ് മരണ വീട്ടിലെത്തിയ പൊലീസ് അയല്‍വാസികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് തലേദിവസം വീട്ടില്‍ കൊച്ചുപാര്‍വതിയും മകള്‍ ശാന്തകുമാരിയും ചെറുമകന്‍ സന്തോഷുമായി വാക്കുതര്‍ക്കം ഉണ്ടായെന്ന് അറിയുന്നത്.

സംശയം തോന്നിയ സിഐ ആര്‍. രതീഷ് മരണാനന്തര കര്‍മങ്ങള്‍ നിര്‍ത്തി വച്ച് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയും ചെയ്തു. ഇന്‍ക്വസ്റ്റില്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയുടെ പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞു. തുടര്‍ന്ന് ശാന്താകുമാരിയെയും സന്തോഷിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു നടത്തിയ ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ കൊച്ചുപാര്‍വതിയും ശാന്തകുമാരിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. വൈകിട്ട് മകന്‍ സന്തോഷുമായും വാക്ക്തര്‍ക്കം ഉണ്ടായി. ഇതോടെ കൊച്ചുപാര്‍വതിയെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ട് പോയപ്പോള്‍ തല ഭിത്തിയിലിടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം