ടെണ്ടര്‍ ചെയ്യാത്ത മരാമത്ത് പണികള്‍ പൂര്‍ത്തിയാക്കി; വേങ്ങര പഞ്ചായത്തില്‍ അഴിമതിയുടെ കൂത്തരങ്ങ്

ഈ ജോലികള്‍ സംബന്ധിച്ച തുടര്‍ നടപടികള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംയൂത്ത് ലീഗ് 20.ാം വാര്‍ഡ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. ഇതോടെ പാര്‍ട്ടി പത്രത്തില്‍ ടെണ്ടര്‍ പരസ്യം നല്‍കി മുഖം രക്ഷിക്കാനായി പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം. തുടര്‍ന്ന് പത്രത്തില്‍ പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്തു.

Tuesday March 2nd, 2021

വേങ്ങര: ഗ്രാമപ്പഞ്ചായത്തില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ അധികാരമേറ്റ ഭരണസമിതിയെ നോക്കുകുത്തിയാക്കി മുന്‍ഗാമികള്‍ ടെണ്ടര്‍ ചെയ്യാത്ത മരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കിയതായി ആരോപണത്തെ തുടര്‍ന്ന് മുസ്ലിംലീഗ് കമ്മിറ്റിയില്‍ വാക്‌പോരും രാജി ഭീഷണിയും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ പ്രവര്‍ത്തികളില്‍ സമയബന്ധിതമായി ടെണ്ടര്‍ ചെയ്യുകയോ എഗ്രിമെന്റ് വെക്കുകയൊ ചെയ്യാത്ത ഒരു ഡസനോളം മരാമത്ത് ജോലികളാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും കിട്ടുന്നതിനു മുമ്പെ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നാണ് ആരോപണം.

326-ചെനക്കല്‍ സൈലന്റ് റോഡ്, 327- ചാലില്‍ റോഡ് കോണ്‍ക്രീറ്റ്, 328- കുറുകപ്പാടം ശ്മശാനം കോണ്‍ക്രീറ്റ്, 330-പറമ്പില്‍പടി-കുറുവില്‍തൊടി റോഡ് കോണ്‍ക്രീറ്റ്, 338-കുറുവില്‍കുണ്ട്-കോളനി റോഡ് കോണ്‍ക്രീറ്റ്, 339-തിരുത്തിയില്‍ ഇടവഴി ബാപ്പു സ്മാരക റോഡ്, 340-ചെമ്പട്ട കോളനി റോഡ് പുനരുദ്ധാരണം, 341-342 കാളികടവ് ഡ്രൈനേജ് നിര്‍മാണം, 343-ഖുറൈശി-ചീരാപ്പ് റോഡ് പുനരുദ്ധാരണം, 357-പറമ്പില്‍പടി-കുറുവില്‍തൊടി റോഡ് പൂര്‍ത്തിയാക്കല്‍ എന്നിങ്ങനെ പതിനൊന്ന് പദ്ധതികളാണ് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വേങ്ങരയില്‍ ധൃതിപിടിച്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഈ ജോലികള്‍ സംബന്ധിച്ച തുടര്‍ നടപടികള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംയൂത്ത് ലീഗ് 20.ാം വാര്‍ഡ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. ഇതോടെ പാര്‍ട്ടി പത്രത്തില്‍ ടെണ്ടര്‍ പരസ്യം നല്‍കി മുഖം രക്ഷിക്കാനായി പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം. തുടര്‍ന്ന് പത്രത്തില്‍ പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് പ്രസിദ്ധീകരിച്ച പരസ്യം സംബന്ധിച്ച് വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ അത്തരമൊരു പരസ്യം കാണാനായിട്ടുമില്ല. ഇക്കഴിഞ്ഞ ഭരണസമിതി യോഗത്തില്‍ ഭരണസമിതിയിലെ പുതുമുഖ അംഗങ്ങള്‍ ഇക്കാര്യം തിരക്കിയപ്പോള്‍ അത് ടെണ്ടറല്ല എന്ന മറുപടിയാണത്രെ ലഭിച്ചത്.
ഇതിനിടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒത്താശ ചെയ്ത അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്ക് സ്ഥലംമാറ്റം കിട്ടിയതോടെ അയാളെ വേങ്ങരയില്‍ തന്നെ നിലനിര്‍ത്താന്‍ മുന്‍ എം.പി അടക്കമുള്ളവര്‍ ഇടപെട്ടതായും സൂചനയുണ്ട്. ഇക്കാര്യം സംബന്ധിച്ച് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയില്‍ വാക്കേറ്റവും രാജിഭീഷണിയും ഉണ്ടായതായും ശ്രുതിയുണ്ട്. തലമുതിര്‍ന്ന ലീഗ് നേതാവാണ് പാര്‍ട്ടിയുടെ ഭാരവാഹിത്വത്തില്‍ നിന്ന് രാജി നല്‍കിയിരിക്കുന്നതത്രെ. കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നടത്തിയ അഴിമതിക്കഥയുടെ മൂര്‍ത്തീരൂപമാണ് പുറത്തുവന്നിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം