നബിദിനത്തിന്റെ സന്ദേശം

By അബൂ അഹമ്മദ് നിഷാന്‍|Monday December 12th, 2016
2

Milad Sherifസഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നതുപോലും പുണ്യമാണെന്നു പഠിപ്പിച്ച മുഹമ്മദ് നബി(സ)യുടെ ജന്മദിനം, ആ മഹത്തായ സന്ദേശങ്ങളുടെ ഓര്‍മ പുതുക്കലുമായി വന്നെത്തിയിരിക്കുകയാണ് നബിദിനം. സമാധാനം നഷ്ടസ്വപ്നമായി മാറിയ ലോകത്തിനു പ്രവാചക സന്ദേശങ്ങളുടെ അതിരില്ലാത്ത ആവശ്യകത ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ നബിതിരുമേനി(സ)യുടെ അനുയായികള്‍ക്കു കൈവന്ന അവസരമായി നബിദിനത്തെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നിടത്താണു വിജയം.
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിമിര്‍ത്താടിയിരുന്ന പട്ടണമായിരുന്നു ഒരു കാലത്ത് മക്ക. മദ്യപാനം, ചൂതാട്ടം, പെണ്‍ശിശുഹത്യ തുടങ്ങി എല്ലാ അധര്‍മങ്ങളുടെയും വിളനിലമായിരുന്ന അവിടെയാണ് മുഹമ്മദ് ജനിച്ചതും വളര്‍ന്നതും. ജനിക്കും മുന്‍പ് പിതാവ് മരിച്ചു. കുട്ടിക്കാലം കടക്കും മുന്‍പ് മാതാവും. പിന്നീടുള്ള ജീവിതം ബന്ധുക്കളുടെ തണലില്‍. വിദ്യ അഭ്യസിക്കേണ്ട പ്രായമായപ്പോള്‍ ആടുകളെ മേയ്ക്കാനായിരുന്നു വിധി. യുവാവായപ്പോള്‍ കച്ചവടസംഘത്തില്‍ ചേര്‍ന്നു നാടുചുറ്റേണ്ടിയും വന്നു. എന്നിട്ടും ലോകചരിത്രത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ഗ്രന്ഥം ആ നിരക്ഷരന്റെ നാവിന്‍തുമ്പിലൂടെ അവതരിച്ചു. അതാണ് ദൈവിക ഗ്രന്ഥമായ ഖുര്‍ആന്‍ .
ക്രിസ്തു വര്‍ഷം 570 ഏപ്രില്‍ 20നാണ് മുഹമ്മദ് ജനിച്ചത്. നിരക്ഷരനായി വളര്‍ന്ന മുഹമ്മദ് സ്വഭാവമഹിമയിലും ആദര്‍ശധീരതയിലും എല്ലാവരെയും അതിശയിപ്പിച്ചു. സത്യസന്ധതയും വിശ്വസ്തതയും വിനയവും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. അധര്‍മപാതയില്‍ അമര്‍ന്നുപോയ മക്കാ നിവാസികള്‍ക്ക് അതൊരു അദ്ഭുതമായി. അവര്‍ അദ്ദേഹത്തെ ആദരപൂര്‍വം അല്‍അമീന്‍ (വിശ്വസ്തന്‍) എന്നു വിളിച്ചു.
നാട്ടിലെ ദുരാചാരങ്ങളില്‍ മുഹമ്മദ് അസ്വസ്ഥനായിരുന്നു. മനഃശാന്തി തേടി ഇടയ്ക്കിടെ അടുത്തുള്ള ഹിറാ ഗുഹയില്‍ ചെന്നിരിക്കും. അവിടെ ദിവസങ്ങളോളം ദൈവസ്മരണയില്‍ മുഴുകുകയും പതിവായി. ഒരിക്കല്‍ അവിടെ ധ്യാനനിരതനായിരിക്കെ ജിബ്‌രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു ‘വായിക്കാന്‍’ കല്‍പിച്ചു. നിരക്ഷരനായ മുഹമ്മദ് എങ്ങനെ വായിക്കും? അദ്ദേഹം തന്റെ നിസ്സഹായത വെളിപ്പെടുത്തി. അപ്പോഴും മാലാഖയില്‍നിന്ന് അതേ കല്‍പനയാണ് ഉണ്ടായത്. മൂന്നാമതും കല്‍പിക്കപ്പെട്ടപ്പോള്‍ മുഹമ്മദിന് വായിക്കേണ്ടിവന്നു.
‘വായിക്കുക, സൃഷ്ടാവായ നിന്റെ നാഥന്റെ നാമത്തില്‍. മനുഷ്യനെ രക്തപിണ്ഡത്തില്‍നിന്നാണ് അവന്‍ സൃഷ്ടിച്ചത്. വായിക്കുക, പേനകൊണ്ടു പഠിപ്പിച്ച അത്യുദാരനാണ് നിന്റെ രക്ഷിതാവ്. മനുഷ്യന് അറിവില്ലാത്തത് അവന്‍ പഠിപ്പിച്ചു.’ ഇതായിരുന്നു മുഹമ്മദ് നബിക്ക് ലഭിച്ച ആദ്യത്തെ ദൈവിക സന്ദേശം. തുടര്‍ന്ന് 23 വര്‍ഷക്കാലം പലപ്പോഴായി മാലാഖ പ്രത്യക്ഷപ്പെട്ടു സന്ദേശങ്ങള്‍ കൈമാറി. അവയുടെ സമാഹാരമാണ് ഖുര്‍ആന്‍. ഈ ഗ്രന്ഥത്തെ ആധാരമാക്കിയാണ് പ്രവാചകനായ മുഹമ്മദ് ജീവിച്ചതും ജനങ്ങള്‍ക്കിടയില്‍ പ്രബോധനം നടത്തിയതും.
പക്ഷേ, അധികമാളുകളും പ്രവാചകനെ പിന്‍പറ്റിയില്ല. അവര്‍ പ്രവാചക തിരുമേനിയെ പരിഹസിക്കാനും ഉപദ്രവിക്കാനും തുനിഞ്ഞു. പ്രവാചക കുടുംബത്തെ ബഹിഷ്‌കരിച്ചും ഉപരോധിച്ചും പട്ടിണിക്കിട്ടു. ഒടുവില്‍ ജീവന്‍പോലും തട്ടിയെടുക്കുമെന്നായപ്പോള്‍ ദൈവിക കല്‍പ്പന പ്രകാരം പ്രവാചകന്‍ മദീനയിലേക്കു പലായനം ചെയ്തു. ക്രിസ്തുവര്‍ഷം 622 ജൂണ്‍ 20ന് നടത്തിയ പലായനമാണ് ഹിജ്‌റ.
മദീനയില്‍ എത്തിയ പ്രവാചകനെ അന്നാട്ടുകാര്‍ ഹൃദ്യമായി സ്വീകരിച്ചു. പക്ഷേ, മക്കയിലെ ശത്രുക്കള്‍ അടങ്ങിയിരുന്നില്ല. അവര്‍ പ്രവാചകനെയും അനുചരരെയും നശിപ്പിക്കാന്‍ വട്ടംകൂട്ടിക്കൊണ്ടിരുന്നു. സഹിച്ചും ക്ഷമിച്ചും കഴിഞ്ഞുകൂടിയ പ്രവാചകനും അനുയായികള്‍ക്കും ഒടുവില്‍ ശത്രുക്കളോട് ഏറ്റുമുട്ടേണ്ടിവന്നു. ബദറിലും ഉഹ്ദിലും ഖന്‍ദഖിലും ഒക്കെയായിരുന്നു ഏറ്റുമുട്ടല്‍. അംഗബലം കുറവായിരുന്നിട്ടും പ്രവാചക സൈന്യത്തിനുതന്നെയായിരുന്നു വിജയം. അനിവാര്യഘട്ടങ്ങളില്‍ യുദ്ധത്തിനിറങ്ങുമ്പോള്‍ത്തന്നെ ഒരുപാടു ചട്ടങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നു നബിതിരുമേനി അനുയായികളെ ബോധ്യപ്പെടുത്തിയിരുന്നു. യുദ്ധത്തിനു പുറപ്പെടുമ്പോള്‍ തന്റെ സൈന്യത്തിന് അദ്ദേഹം നല്‍കിയ നിര്‍ദേശം ഇങ്ങനെ: ‘നിങ്ങള്‍ വഞ്ചന ചെയ്യരുത്. പരിധിവിട്ടു പ്രവര്‍ത്തിക്കരുത്. കുട്ടികള്‍, സത്രീകള്‍, വയോവൃദ്ധര്‍, ആരാധനാലയങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവര്‍ എന്നിവരെ വധിക്കരുത്, ഈത്തപ്പനത്തോട്ടങ്ങളിലേക്ക് അടുക്കുകയോ മരം മുറിക്കുകയോ കെട്ടിടം തകര്‍ക്കുകയോ ചെയ്യരുത്.’ യുദ്ധരംഗത്തു പാലിക്കപ്പെടേണ്ട ചട്ടങ്ങളെക്കുറിച്ചുള്ള ആധുനിക കരാറുകളും ചാര്‍ട്ടറുകളുമൊക്കെ ഉണ്ടാകുന്നതിനു 14 നൂറ്റാണ്ടു മുന്‍പാണ് ഈ നിര്‍ദേശങ്ങള്‍ എന്നോര്‍ക്കണം.
എഡി 629ല്‍ പതിനായിരത്തില്‍പ്പരം അനുയായികളുമായി പ്രവാചകന്‍ വീണ്ടും മക്കയിലെത്തി. പറയത്തക്ക ഏറ്റുമുട്ടലുകളൊന്നും കൂടാതെ മക്ക പ്രവാചകന്റെ അധീനതയിലുമായി. ക്രമേണ മക്കയിലെ മുഴുവനാളുകളും പ്രവാചകന്റെ ജീവിതമാര്‍ഗം പിന്‍പറ്റി. എഡി 632 ജൂണ്‍ 8ന് പ്രവാചകന്‍ ഈ ലോകത്തോടു വിടപറഞ്ഞു.
നജറാനില്‍നിന്നു വന്ന ക്രൈസ്തവ പ്രതിനിധി സംഘത്തിനു മദീന പള്ളിയോടു ചേര്‍ന്ന്  ആരാധനാ സൗകര്യം ഒരുക്കിക്കൊടുത്ത മുഹമ്മദ് നബിയേക്കാള്‍ വലിയൊരു സഹിഷ്ണുതാവാദിയെ ലോകചരിത്രത്തില്‍ വേറെ കാണാന്‍ കഴിയുമോ? പാടത്തും പറമ്പിലും പണിയെടുക്കുന്ന പാവങ്ങള്‍ക്ക് നെറ്റിയിലെ വിയര്‍പ്പ് ഉണങ്ങുംമുന്‍പു തന്നെ ന്യായമായ കൂലി നല്‍കണമെന്നു പഠിപ്പിച്ച പ്രവാചകനേക്കാള്‍ വലിയൊരു തൊഴിലാളി വിമോചകനുണ്ടോ…? അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ എന്റെ സമുദായത്തില്‍ പെട്ടവനല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ നബിതിരുമേനിയേക്കാള്‍ വലിയ മനുഷ്യസ്‌നേഹി ആരാണുള്ളത്..? ആ നബിതിരുമേനിയുടെ ജന്മദിനം ഉന്നതമായ നന്മയുടെ പാഠങ്ങള്‍ കൂടി ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്കു പ്രചോദനമാകണം.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം