മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

Monday December 26th, 2016
2


കൊച്ചി: കൊച്ചി ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന ഷംന തസ്‌നീം കുത്തിവെപ്പിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി വീണ്ടും പരിഗണനയില്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസിനെ ആരോഗ്യവകുപ്പ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ തീരുമാനം അറിയിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജിനും ജനറല്‍ മെഡിസിന്‍ വിഭാഗം റെസിഡന്റ് ഡോക്ടര്‍ ബിനോ ജോസിനും എതിരെയാണ് നടപടിക്കൊരുങ്ങുന്നത്. ഇതുവരെ വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവര്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതോടെ കേസ് വഴിത്തിരിവിലാകും. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വിസില്‍ പ്രവേശിപ്പിച്ച രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് വീണ്ടും നടപടിയുണ്ടാവുക. മെഡിക്കല്‍ ബോര്‍ഡിലെ ഫോറന്‍സിക് വിഭാഗം നല്‍കിയ വിശദീകരണക്കുറിപ്പില്‍ ചികിത്സ റിപ്പോര്‍ട്ടിലെ അപൂര്‍ണതയും പൊരുത്തക്കേടും ചൂണ്ടിക്കാണിച്ചിരുന്നു. പൊലീസ് കേസെടുത്തതു കൂടാതെ സംസ്ഥാന മനുഷ്യാവകാശ കമീഷനും ഇടപെട്ടതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്.

വിദ്യാര്‍ഥിനിയുടെ മരണം മെഡിക്കല്‍ ഓഫിസര്‍മാരുടെ തികഞ്ഞ അനാസ്ഥയാണെന്ന് പരാതി പരിഗണിച്ച മനുഷ്യാവകാശ കമീഷന്‍ ഒക്ടോബര്‍ 16ന് വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന് തൊട്ടടുത്ത ദിവസം ഡോ. ജില്‍സ് ജോര്‍ജിനെയും ഡോ. ബിനോ ജോസിനെയും സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, വകുപ്പുതല, പൊലീസ് അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥിനിയുടെ പിതാവ് മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതി ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു.

രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായിരുന്ന കണ്ണൂര്‍ ശിവപുരം ആയിഷ മന്‍സിലില്‍ കെ.എ. അബൂട്ടിയുടെ മകളായ ഷംന ജൂലൈ 18നാണ് പനിക്കുള്ള കുത്തിവെപ്പിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. മരണത്തിന് ഉത്തരവാദി കൊച്ചി ഗവ. മെഡിക്കല്‍ കോളജാണെന്നായിരുന്നു എറണാകുളം ഡി.എം.ഒ അധ്യക്ഷനായ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലും കണ്ടെത്തിയത്. എന്നിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പിതാവ് മനുഷ്യാവകാശ കമീഷനില്‍ പരാതിപ്പെട്ടത്. രോഗനിര്‍ണയത്തിന് ആവശ്യമായ പരിശോധനകള്‍ നടത്താതെ ആന്റിബയോട്ടിക് കുത്തിവെപ്പെടുത്തത് മെഡിക്കല്‍ വിഭാഗം മേധാവിയുടെ വീഴ്ചയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം