നിലമ്പൂര്‍ വെടിവെപ്പ്; റീ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ പോലിസ് ശ്രമം

Tuesday November 29th, 2016
2

maoist-encounter-malapuram-mavoist
കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ പൊലീസിന്റെ തീവ്രശ്രമം. ഏറ്റുമുട്ടലാണ് മരണത്തിന് കാരണമെന്ന ആരോപണം തുടക്കം മുതല്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ കരുതല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പുതന്നെ റീ പോസ്റ്റ്‌മോര്‍ട്ടം എന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവര്‍ത്തകരും ബന്ധുക്കളും രംഗത്തുവന്നിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിശദ വിഡിയോ നല്‍കി മരിച്ചവരുടെ ബന്ധുക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താനാണ് പൊലീസിന്റെ ലക്ഷ്യം. കുപ്പു ദേവരാജിന്റെ ബന്ധുക്കള്‍ നേരത്തേ പൊലീസിന് ഇതുസംബന്ധിച്ച അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷക്ക് പുറമെ കോടതി വഴിയും ഇതേ ആവശ്യം ഉന്നയിക്കാനാണ് വിവിധ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിലെ തീരുമാനം. എന്നാല്‍, വിഡിയോദൃശ്യം കാണിച്ച് ആവശ്യത്തില്‍ നിന്ന് പിന്തിരിയാന്‍ ബന്ധുക്കളെ പ്രേരിപ്പിക്കാനാണ് പൊലീസ് ശ്രമം. അതിനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് മലപ്പുറം എസ്.പി കഴിഞ്ഞ ദിവസം വിശദീകരണവുമായി വന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റ് സംസ്ഥാനങ്ങളിലെപോലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന സര്‍ജനെ സ്വാധീനിക്കുമെന്ന സംശയത്താലാണ് ബന്ധുക്കള്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി വാദിക്കുന്നതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇതിന് വിശദീകരണം നല്‍കുന്നത്. കേരളത്തില്‍ അത് നടക്കില്ലെന്ന് അവര്‍ക്കറിയില്ലെന്നും അദ്ദേഹം പറയുന്നു. ഫോറന്‍സിക് മേധാവി ഡോ. കെ. പ്രസന്നന്റെ നേതൃത്വത്തില്‍ ഡോ. വിജയകുമാര്‍, ഡോ. എസ്. കൃഷ്ണകുമാര്‍, ഡോ.പി.ടി. രതീഷ്, ഡോ. ടി.എം. പ്രജിത്ത്, ഡോ. ആര്‍. സോനു എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതിന്റെ വിഡിയോ ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധനാഫലം തയാറായിട്ടുണ്ടെന്നും രേഖാമൂലമുള്ള വിശദ റിപ്പോര്‍ട്ട് തയാറാക്കി ഫോറന്‍സിക് മെഡിസിനിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ പുനപ്പരിശോധനയും പൂര്‍ത്തിയായാല്‍ മാത്രമേ അന്തിമറിപ്പോര്‍ട്ട് ആവുകയുള്ളൂവെന്നും പോലിസ് പറയുന്നു. ബന്ധുക്കള്‍ക്ക് പുറമെ മഞ്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ട്, മൃതദേഹം ഇന്‍ക്വസ്റ്റിന് നേതൃത്വം നല്‍കിയ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ എന്നിവര്‍ക്കും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറും.

ജുഡീഷ്യല്‍ അന്വേഷണം വേണം
തിരുവനന്തപുരം: നിലമ്പൂരില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഇരുപതോളം എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യഥാര്‍ഥ വസ്തുതകളറിയാന്‍ ഇതിലൂടെ അവസരം ഉണ്ടാക്കണം. ബി.ആര്‍.പി. ഭാസ്‌കര്‍, എം.ജി.എസ്. നാരായണന്‍, സക്കറിയ, കെ. വേണു, സാറാ ജോസഫ്, പി. സുരേന്ദ്രന്‍, ടി.പി. രാജീവന്‍, കല്‍പറ്റ നാരായണന്‍, കെ. അജിത, പി. ഗീത, കെ.കെ. കൊച്ച്, എ. ജയശങ്കര്‍, കെ.ജി. ജഗദീശന്‍, വി.എം. ഗിരിജ, രേഖാ രാജ്, കുസുമം ജോസഫ്, ടി.ടി. ശ്രീകുമാര്‍, താഹ മാടായി, തനൂജാ ഭട്ടതിരി, എം.എം. സചീന്ദ്രന്‍, സിവിക് ചന്ദ്രന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്. മാവോവാദിയാകുന്നത് കണ്ടാലുടന്‍ വെടിവെച്ചു കൊല്ലാവുന്ന കുറ്റകൃത്യമല്ല. കൊല്ലപ്പെട്ടവര്‍ എന്തു കുറ്റമാണ് ചെയ്തതെന്നും അവര്‍ എങ്ങനെ കൊല്ലപ്പെട്ടെന്നും അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിന് ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയല്‍ അന്വേഷണം മതിയാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തക കൂട്ടായ്മ
കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ മനുഷ്യാവകാശ സംഘടനകളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കൂട്ടായ്മ ഒരുങ്ങുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് ശിക്ഷക് സദനില്‍ യോഗം ചേരും. കഴിയാവുന്നത്ര മനുഷ്യാവകാശ പ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും ഏകോപനമുണ്ടാക്കുകയുമാണ് ലക്ഷ്യമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ. വാസു പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണവും റീപോസ്റ്റ്‌മോര്‍ട്ടവും വേണമെന്ന ആവശ്യം പൊതുരംഗത്തും കോടതിയിലും ഉന്നയിക്കും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മഞ്ചേരി ജില്ല കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം സൂക്ഷിച്ച മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ ചൊവ്വാഴ്ച വരെ പൊലീസ് സുരക്ഷ ശക്തമാക്കി.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം