മാതൃഭൂമിക്ക് പറ്റിയത് അബദ്ധമോ… ടെസ്റ്റ് ഡോസോ…

By പ്രിയ|Friday March 11th, 2016
2

Mathrubhumi Sorrowedമാതൃഭൂമി പത്രത്തിന്റെ ഇതപ്പര്യന്തമുള്ള ജീവിതത്തോട് ചേര്‍ത്തുവായിക്കേണ്ട പരാക്രമങ്ങള്‍ മുഴുവനും മുസ്ലിം മുഖ്യധാരയോടാണെന്ന് കാണാന്‍ സ്വാതന്ത്ര്യലബ്ധി തൊട്ടുള്ള അതിന്റെ താളുകള്‍ മറിച്ചുനോക്കിയാല്‍ മതി. ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ ജിഹ്വ എന്ന നിലയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സകല ഉദ്യമങ്ങള്‍ക്കും കൊള്ളരുതായ്മകള്‍ക്കും ചൂട്ടുപിടിച്ച കെ പി കേശവമേനോന്റെ മാതൃഭൂമി, മുസ്ലിംലീഗിനോട് പ്രദര്‍ശിപ്പിച്ച എതിര്‍പ്പ് പലപ്പോഴും മാപ്പിള സമൂഹത്തോടുള്ള ഒടുങ്ങാത്ത കെറുവായി മാറിയിരുന്നുവെന്നതാണ് പരമാര്‍ഥം. കോണ്‍ഗ്രസിന് പുറത്തുള്ള മുസ്ലിംകളെല്ലാം വര്‍ഗീയവാദികളാണെന്ന പൊതുബോധം കേരളീയ സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനും കീഴാള ന്യൂനപക്ഷ കൂട്ടായ്മകള്‍ രാജ്യദ്രോഹ ഉപകരണങ്ങളാണെന്ന അബദ്ധ ധാരണ ഭൂരിപക്ഷ സമൂഹത്തില്‍ വേരൂന്നുന്നതിനും പത്രത്തിന്റെ അന്നത്തെ നിലപാട് വലിയ പങ്കാണ് വഹിച്ചത്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ കേരളമാണ് ആര്‍.എസ്.എസിന് വളക്കൂറുള്ള മണ്ണെങ്കില്‍ അത് പാകപ്പെടുത്തിക്കൊടുക്കുന്നതില്‍ മാതൃഭൂമി അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്.

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്ന പശുമാര്‍ക്ക് ദേശീയ വാദിയോട് ഈ പത്രം കാണിച്ച ക്രൂരത ചെറുതായിരുന്നില്ല. കോഴിക്കോട്ടെ ‘ചാലപ്പുറം ഗാങ്’ എന്നറിയപ്പെടുന്ന കോണ്‍ഗ്രസ് ആര്‍.എസ്.എസുകാര്‍ക്കു വേണ്ടി മാതൃഭൂമി നിലകൊണ്ടപ്പോള്‍ അബ്ദുറഹ്മാന്‍ സാഹിബും ഇ മൊയ്തു മൗലവിയുമൊക്കെ പൂര്‍ണമായും തഴയപ്പെട്ടു. ആ ഒറ്റപ്പെടല്‍ സൃഷ്ടിച്ച വ്യഥയില്‍ നിന്നാണ് ‘അല്‍ അമീന്‍’ പിറക്കുന്നത്.

തളിക്ഷേത്ര സംഘര്‍ഷം, മലപ്പുറം ജില്ലാ രൂപവത്കരണം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപനം, ഗുരുവായൂര്‍ തീവെപ്പ്, നിലക്കല്‍ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിലെല്ലാം കടുത്ത പക്ഷപാതിത്വപരവും ന്യൂനപക്ഷ വിരുദ്ധവുമായ നിലപാട് സ്വീകരിച്ച് പത്രം സാമുദായിക സംഘര്‍ഷത്തിന്റെ എരിതീയില്‍ എണ്ണയൊഴിക്കാനും ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനും മടി കാണിച്ചിരുന്നില്ല. വിഭജനത്തിന് തൊട്ടുപിറകെയുള്ള കാലത്ത് സംഭ്രാന്തിയിലും കടുത്ത ആശങ്കയിലും കഴിഞ്ഞിരുന്ന മുസ്ലിം സമൂഹത്തിന് സാന്ത്വന സ്പര്‍ശം നല്‍കുന്നതിനു പകരം അവരെ വേട്ടയാടുന്ന സമീപനമാണ് പത്രം കൈക്കൊണ്ടത്. മലപ്പുറത്തെ മാപ്പിളമാര്‍ ‘മാപ്പിളസ്താനെ’ക്കുറിച്ചാണ് സ്വപ്നം കാണുന്നതെന്നും താനൂര്‍ കടപ്പുറത്തു നിന്ന് കറാച്ചിയിലേക്ക് കപ്പലോടുന്ന കാലം അതിവിദൂരമല്ലെന്നും പതിവായി എഴുതിപ്പിടിപ്പിച്ചു. മുസ്ലിം ലീഗിനെ കോണ്‍ഗ്രസുമായി അടുപ്പിക്കാന്‍ ഏതെങ്കിലും കോണില്‍ നീക്കം നടക്കുമ്പോഴേക്കും മതേതരത്വത്തിന്റെ കാവല്‍പട്ടിയായി മാതൃഭൂമി കുരച്ചു ചാടുമായിരുന്നു. പാര്‍ട്ടിയെ സഖ്യത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് അന്നത്തെ കോണ്‍ഗ്രസ് അഖിലേന്ത്യാ സാരഥി കാമരാജിനെ സമീപിച്ചപ്പോള്‍ തങ്ങളുടെ നിസ്സഹായത പ്രകടിപ്പിച്ചത് ‘കേശവമേനോന്റെ പത്രത്തില്‍ നിന്ന് എതിര്‍പ്പ് ശക്തമാവും’ എന്ന് പറഞ്ഞായിരുന്നുവെന്ന ‘പ്രൈസ് ഫോര്‍ ഫ്രീഡം” എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഹൈദരാബാദ് പട്ടാള ഇടപെടല്‍ കാലത്ത് പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ അറസ്‌റ് ചെയ്തപ്പോള്‍ അതിനെ സ്വാഗതംചെയ്യുന്ന തരത്തിലാണ് മാതൃഭൂമി മുഖപ്രസംഗമെഴുതിയത്. മലപ്പുറം ജില്ല നിലവില്‍ വന്നാല്‍ അത് മറ്റൊരു പാക്കിസ്താനായി മാറുമെന്നുവരെ എഴുതിപ്പിടിപ്പിച്ചു.

Anti mathrubhumiശാബാനുബീഗം കേസിന്റെ പശ്ചാത്തലത്തില്‍ ശരീഅത്ത് സംരക്ഷണത്തിന് ഇന്ത്യയിലെ മുസ്ലിംനേതൃത്വം ഒന്നടങ്കം രംഗത്തുവന്ന 1984-85 കാലഘട്ടത്തില്‍ മാതൃഭൂമി ഏറ്റെടുത്ത് നടത്തിയ ദൗത്യം ഒരു നിഷ്പക്ഷ പത്രത്തിന്റേതായിരുന്നില്ല. പ്രത്യുത, കടുത്ത പക്ഷപാതിത്വത്തിന്റേതായിരുന്നു. ഇസ്ലാമിക നിയമവ്യവസ്ഥയുടെ ‘ക്രൂരത’ വിവരിക്കാനും ‘നാടുനീളെ കെട്ടിനടക്കുന്ന മുസ്ലിംകളുടെ ‘മ്ലേച്ഛസ്വഭാവം’ പൊതുസമൂഹമധ്യേ തുറന്നു കാട്ടാനും കാണിച്ച ഔത്സുക്യം മുസ്ലിം നേതൃത്വത്തെയും ബുദ്ധിജീവികളെയും കടുത്ത പ്രതിരോധത്തില്‍ നിര്‍ത്തി. എം ഡി നാലപ്പാടായിരുന്നു അന്ന് പത്രാധിപര്‍. ഓരോ ദിവസവും ഒന്നാം പേജില്‍ മുസ്ലിം ചെറുപ്പക്കാര്‍ ത്വലാഖ് ചൊല്ലി പുറന്തള്ളുന്ന നിസ്സഹായരായ മുസ്ലിം യുവതികളുടെ പടവും അഭിമുഖവും കൊടുത്ത് ശരീഅത്തിന്റെ ‘കരാളത’ പൊതുധാരയെ തെര്യപ്പെടുത്തി.

മുസ്ലിം പ്രതിനിധാനങ്ങളായി ഹമീദ്‌ചേന്ദമംഗല്ലൂര്‍, എം എന്‍ കാരശ്ശേരി ആദിയായവരെ പൊതുസമൂഹത്തില്‍ അവതരിപ്പിച്ച് ഉയര്‍ത്തിക്കൊണ്ടു വന്നതും മാതൃഭൂമിയാണ്. 99.99 ശതമാനം വരുന്ന കേരളീയ മുസ്ലിംകളാല്‍ തിരസ്‌കരിക്കപ്പെട്ട ഈ വ്യക്തികളുടെ വികലവും വികൃതവുമായ കാഴ്ചപ്പാടുകള്‍ പുരോഗമനപരവും ഉത്പതിഷ്ണുത്വപരവുമെന്ന് മുദ്രയടിച്ച് മുസ്ലിം മുഖ്യധാരയെ എറിയാന്‍ ഇവരുടെ കൈയില്‍ കല്ല് കൊടുക്കുന്ന തരംതാഴ്ന്ന ഏര്‍പ്പാട്. സംഘ്പരിവാറിനെ അലോസരപ്പെടുത്തുന്നത് മാതൃഭൂമിക്ക് താല്‍പര്യമുള്ള കാര്യമല്ലെന്നും രാമന്റെ ദുഃഖത്തിലെ മതേതരവീര്യം ഉമ്മറപ്പടിയിലെ പ്ലാസ്റ്റിക് പൂക്കള്‍ മാത്രമാണെന്നും മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കിയിട്ടുണ്ട്.

പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ ഭാര്യ സുഫിയ അറസ്റ്റ് ചെയ്യപ്പെട്ട വേളയില്‍ പര്‍ദയുടെ രൂപത്തില്‍ കേരളത്തിന്റെ ഭൂപടം പ്രസിദ്ധീകരിച്ച് ‘അന്ധകാരത്തിലേക്ക്’ എന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് ഇസ്ലാമിക സമൂഹത്തോടും പര്‍ദ്ദയോടുമുള്ള മാതൃഭൂമിയുടെ നിലപാടായിരുന്നു. ഏറ്റവുമൊടുവില്‍ പ്രവാചകനെയും ഇസ്ലാമിക മൂല്യങ്ങളെയും കടന്നാക്രമിക്കുന്ന തരത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചതും ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള മാതൃഭൂമിയുടെ കറകളഞ്ഞ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് വെളിവാക്കുന്നത്.
അബദ്ധത്തില്‍ പ്രസിദ്ധീകരിച്ചുവെന്നു പറയുന്ന കുറിപ്പ് കോഴിക്കോട്, തൃശൂര്‍ എഡിഷനുകളിലാണ് വന്നത്. അവിടെ രണ്ടിടങ്ങളിലും ഇരിക്കുന്ന ഏതെങ്കിലും ഒരാളുടെ മാത്രം കൈകളിലൂടെയാണ് മാതൃഭൂമി ഇറങ്ങുന്നത് എന്ന് വിശ്വസിക്കാന്‍ മാത്രം വിഢികളല്ല കേരളീയ സമൂഹം. വ്യക്തമായ ആസൂത്രണത്തോടെ മാതൃഭൂമി നടത്തിയ ടെസ്റ്റ് ഡോസാണ് പ്രവാചക വിരുദ്ധ കുറിപ്പെന്നു വേണം മനസ്സിലാക്കാന്‍. പ്രവാചകനെയും മുസ്ലിംസമുദായത്തെയും ആക്ഷേപിക്കുന്നതിനോട് കേരളീയ സമൂഹം എങ്ങിനെ പ്രതികരിക്കുമെന്നറിയാനുള്ള ടെസ്റ്റ് ഡോസ്…
വീരേന്ദ്ര കുമാര്‍ ശുദ്ധ മതേതരവാദിയാണെന്നും മാതൃഭൂമിയിലെ ചിലരുടെ കൈയബദ്ധമാണ് ഇപ്പോള്‍ കാണുന്ന പ്രവാചക നിന്ദയെന്നും ആശ്വസിക്കാന്‍ മാതൃഭൂമിയുടെ ചരിത്രം അറിയുന്നവര്‍ക്ക് സാധിക്കില്ല.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം