പിന്നിട്ട വഴികളിലേക്ക് നോക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു…

Thursday May 21st, 2020

പിന്നിട്ട ദൂരങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ തനിക്കു വിശ്വസിക്കാന്‍ ആവുന്നില്ലെന്ന് മോഹന്‍ലാല്‍. ‘എത്ര ദൂരം! എത്രമാത്രം അധ്വാനം! എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം! എത്രയെത്ര പരാജയങ്ങള്‍! കൂട്ടായ്മയുടെ വിജയങ്ങള്‍! ആരൊക്കെയോ ചൊരിഞ്ഞ സ്‌നേഹങ്ങള്‍! ആരുടെയൊക്കെയോ കരുതലുകള്‍! തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ശിരസ്സ് കുനിഞ്ഞു പോകുന്നു.. നന്ദിയോടെ. എന്റെ കണ്ണുകള്‍ നനഞ്ഞുപോകുന്നു.. കടപ്പാടോടെ’, അറുപതാം പിറന്നാള്‍ എഴുതിയ ബ്ലോഗില്‍ മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാല്‍ എഴുതിയ ബ്ലോഗില്‍ നിന്ന്…..
ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഞാനും ഒരു വഴിത്തിരിവില്‍ വന്ന് നില്‍ക്കുകയാണ്. ഇന്ന് മെയ് 21. എന്റെ ജീവിതത്തില്‍ എനിക്ക് ഒരു വയസ്സ് കൂടി കൂടുന്നു. എനിക്ക് അറുപത് വയസ്സ് തികയുന്നു. ലോകത്തിന്റെയും എന്റെയും വഴിത്തിരിവുകളിലെ ഈ വന്നുനില്‍പ്പ് ഒരേ സമയത്തായത് തികച്ചും യാദൃശ്ചികമാവാം. അല്ലെങ്കിലും ജീവിതത്തിലെ അത്ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ ഈ രൂപത്തില്‍ ഭാവത്തില്‍ ഇവിടെ വരെ എത്തിച്ചത്.
കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തില്‍ നിന്നു വരുന്ന ആ ആറാംക്ലാസ്സുകാരന്‍. അവന്‍ പോലും ഇച്ഛിക്കാതെ അവനെ എന്തിനായിരുന്നു ആരോ ആ നാടകത്തിന്റെ മധ്യത്തിലേക്ക് പിടിച്ചു നിര്‍ത്തിയത്. വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ ആ നാടകം കാലത്തിനും ഏറെ മുന്‍പേ സഞ്ചരിച്ച ഒന്നായിരുന്നു എന്ന് മാത്രം ഇന്ന് ഞാന്‍ ഓര്‍ക്കുന്നു. കമ്പ്യൂട്ടറിനെക്കുറിച്ച് അധികം കേട്ടുകേള്‍വി പോലും ഇല്ലാത്ത ഇല്ലാത്ത ഒരു കാലത്ത് കമ്പ്യൂട്ടറിനെക്കുറിച്ച് എഴുതിയ ഒരു നാടകം..
അപ്പോഴും അഭിനയം എന്റെ ഒരു പാഷനേ അല്ലായിരുന്നു. എന്റെ വഴി ഇതാണ് എന്ന ബോധ്യവും ഇല്ലായിരുന്നു. പിന്നീട് തിരനോട്ടം എന്ന സിനിമയില്‍ അഭിനയിച്ചു. എല്ലാത്തിലും സൗഹൃദങ്ങളാണ് എന്റെ മുഖത്ത് ചായമിട്ടത്. അവരാണ് എന്നില്‍ നിന്ന് ഭാവങ്ങള്‍ ആവശ്യപ്പെട്ടത്. യാതൊരു പരിശീലനവുമില്ലാത്ത ഞാന്‍ എന്തൊക്കെയോ ചെയ്തു. അത് ഇങ്ങനെയൊക്കെ ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
പിന്നീട് നവോദയ നിര്‍മ്മിച്ച് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും എന്റെ സുഹൃത്തുക്കളാണ്. അപേക്ഷ അയച്ചതു പോലും അവരാണ്. തിരഞ്ഞെടുക്കപ്പെട്ട ഞാന്‍ അഭിനയിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു. നായകനൊന്നുമല്ലായിരുന്നു. വില്ലനായിരുന്നു. നായകനാവാന്‍ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു (അന്നും ഇന്നും). എന്തായാലും ആ വില്ലന്‍ നരേന്ദ്രനെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അതോടെ ഞാന്‍ സിനിമയുടെ മായാപ്രപഞ്ചത്തില്‍ അകപ്പെട്ടു. ചുറ്റുമിരുന്ന് ആളുകള്‍ നോക്കിക്കൊണ്ടേയിരുന്നു. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യുകയല്ലാതെ വഴിയില്ലായിരുന്നു….

മോഹന്‍ലാലിന്റെ ബ്ലോഗ് പൂര്‍ണമായും വായിക്കാം…..

English summary
Mohanlal says he can't believe it when he looks back into the distance. 'How far! What a labor! How many people, genius help! How many failures! Successes of fellowship! Someone's love! Who cares! Looking back, my head is bowing. Thankfully. My eyes are wrinkled with gratitude. ”

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം