ലോക്ക് ഡൗണ്‍; മലപ്പുറം-കോഴിക്കോട് അതിര്‍ത്തിയിലെ ഇടറോഡുകള്‍ പോലിസ് കല്ലിട്ട് അടച്ചു

Saturday April 25th, 2020

മലപ്പുറം: ലോക്ക് ഡൗണ്‍ വിലക്ക് മറികടന്നും ആളുകള്‍ ജില്ലാ അതിര്‍ത്തി ലംഘിച്ച് യാത്ര ചെയ്യുന്നത് പതിവായതോടെ കോഴിക്കോട് മലപ്പുറം ജില്ല അതിര്‍ത്തി പൊലീസ് കല്ലിട്ട് അടച്ചു. കോഴിക്കോട് റൂറല്‍ പോലീസിലെ മുക്കം സ്‌റ്റേഷന്‍ പരിധിയിലാണ് പൊലീസ് റോഡുകള്‍ കല്ലിട്ട് അടച്ചത്. മലപ്പുറം പാലക്കാട് അതിര്‍ത്തിയിലെ ഊടുവഴികള്‍ മലപ്പുറം പൊലീസും അടച്ചിട്ടുണ്ട്. നിയന്ത്രണം ലംഘിച്ച ആളുകള്‍ യാത്ര ചെയ്യുന്നത് പതിവായതോടെയാണ് കടുത്ത നടപടിയിലേക്ക് പൊലീസ് നീങ്ങിയത്. മുക്കം സ്‌റ്റേഷന്‍ പരിധിയില്‍ മലപ്പുറത്തേക്കുള്ള റോഡുകളും ഊടുവഴികളും പൊലീസ് കല്ലിട്ട് അടച്ചിട്ടുണ്ട്. എന്നാല്‍ മതിയായ രേഖകളുമായി അടിയന്തര ആവശ്യങ്ങള്‍ക്കും മറ്റു അവശ്യ സര്‍വ്വീസുകള്‍ക്കും പോകുന്നവരെ കുഴിനക്കിപാലം, എരഞ്ഞി മാവ് ചെക്ക് പോസ്റ്റ് എന്നീ വഴികളിലൂടെ കടത്തി വിടുന്നുണ്ട്.

പാലക്കാടേക്ക് പ്രവേശിക്കുന്ന ഊടുവഴികളായ പെരുമ്പടപ്പ്, കാമ്പ്രം റോഡുകള്‍ മലപ്പുറം പൊലീസ് അടച്ചു. പാലക്കാട്-മലപ്പുറം സംസ്ഥാന പാതയില്‍ പതിവുപോലെ പരിശോധനകളും നടക്കുന്നുണ്ട്. പാലക്കാടേക്കുള്ള ഊടുവഴികള്‍ മാത്രമാണ് മലപ്പുറം പൊലീസ് അടച്ചതെന്നും കോഴിക്കോട് അതിര്‍ത്തി കോഴിക്കോട് മുക്കം പൊലീസാണ് അടച്ചതെന്നും മലപ്പുറം എസ് പി യു.അബ്ദുള്‍ കരീം അറിയിച്ചു. ഊടുവഴികളിലൂടെ വ്യാപകമായി ആളുകള്‍ യാത്ര ചെയ്യുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് റോഡുകളടച്ചത്. എന്നാല്‍ പാലക്കാട് അതിര്‍ത്തിയില്‍ എവിടേയും കല്ലിട്ട് വഴി അടച്ചിട്ടില്ല. ബാരിക്കേഡും ഡിവൈഡറും മാത്രമുപയോഗിച്ചാണ് റോഡ് സീല്‍ ചെയ്തത്. ഈ പാതകള്‍ ഇനി ലോക്ക് ഡൗണ്‍ തീരും വരെ തുറക്കില്ലെന്നും ഇവിടെ പൊലീസ് കാവലേര്‍പ്പെടുത്തിയതായും മലപ്പുറം എസ്പി അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം