വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് വേട്ട അവസാനിപ്പിക്കണം; കുഞ്ഞാലിക്കുട്ടി

Sunday May 3rd, 2020

മലപ്പുറം: രാജ്യം കോവിഡ് 19 വ്യാപനത്തിന് എതിരെയുള്ള പോരാട്ടം കടുപ്പിക്കുന്നതിനിടയില്‍ ഡല്‍ഹി പോലിസ് നിരപരാധികളായ വിദ്യാര്‍ത്ഥികളെ കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്ന തിരക്കിലാണന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. വിദ്യാര്‍ത്ഥി വേട്ടയില്‍ നിന്ന് ഡല്‍ഹി പോലിസിനെ തടയാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കുഞ്ഞാലിക്കുട്ടി കത്തെഴുതി. വിവാദ പൗരത്വ നിയമത്തിനെതിരേയുള്ള സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരേയാണ് ഡല്‍ഹി പോലിസിന്റെ മനുഷ്യത്വ വിരുദ്ധ നടപടി. ഡല്‍ഹി ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, അലുംനി അസോസിയേഷന്‍ നേതാവ് ശിഫാഉര്‍ റഹ്മാന്‍ ഖാന്‍ തുടങ്ങിയവരെ ലോക്ക് ഡൗണിനിടയിലും അറസ്റ്റ് ചെയ്ത് ജയിലിലിടച്ചിരിക്കുകയാണ്. ഇതില്‍ സഫൂറ സര്‍ഗാര്‍ ഗര്‍ഭിണിയാണ്.

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുന്നതിനിടയിലും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളൊക്കെ കാറ്റില്‍ പരത്തി വിദ്യാര്‍ത്ഥികളെയും പൗരത്വ നിയമത്തിനെതിരേ മുന്‍പന്തിയിലുണ്ടായിരുന്ന സാമൂഹ്യ പ്രവര്‍ത്തകരേയും പോലിസ് സ്‌റ്റേഷനുകളിലേക്ക് നിരന്തരം വിളിച്ചുവരുത്തുകയാണ് പോലിസ്. പല സര്‍ക്കാരുകളും വിചാരണ തടവുകാരെ മോചിപ്പിക്കുന്നതിനിടയിലാണ് ഡല്‍ഹി പോലിസ് വിദ്യാര്‍ഥികളെ ജയിലിലടക്കുന്നത്. പോലിസിന്റെ ഈ നടപടി സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹാസ്യമാക്കി തീര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ ഒറ്റപ്പെട്ടതല്ല. ദേശീയ അന്തര്‍ദേശീയ മേഖലകളില്‍ നിന്നും നിയമത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നതായും എംപി ചൂണ്ടിക്കാട്ടി. ജനാധിപത്യവിരുദ്ധമായ നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും കുഞ്ഞാലിക്കുട്ടി കത്തില്‍ ആവശ്യപ്പെട്ടു.

English summary
PK Kunhalikutty MP says Delhi Police is busy arresting innocent students in false cases as the country is struggling against Kovid. Union Home Minister Amit Shah Kunjalikutty has written to the Union Home Department asking them to stop the Delhi Police from hunting.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം