നിര്‍ണായക സമയങ്ങളില്‍ കുഞ്ഞാലിക്കുട്ടി മുങ്ങുന്നത് വിവാദമാകുന്നു

Friday December 28th, 2018

മലപ്പുറം: മുസ്ലിംലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പാര്‍ലമെന്റില്‍ നിന്ന് മുങ്ങുന്നത് വിവാദമാകുന്നു. ഏറെ പ്രതീക്ഷയോടെയാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തയച്ചത്. വേങ്ങര മണ്ഡലം എം.എല്‍.എയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ വേങ്ങരയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നു. വേറെയും നേതാക്കളുണ്ടായിരിക്കെ ഒരു എം.എല്‍.എയെ പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതിനെതിരെ അന്ന് ലീഗില്‍ ഏറെ വിമര്‍ശനമുയര്‍ന്നിരുന്നെങ്കിലും ഫാസിസത്തിനെതിരായ ഐക്യനിര കെട്ടിപ്പടുക്കുന്നതിലും പാര്‍ലമെന്റില്‍ സമുദായത്തിനു വേണ്ടി ശബ്ദിക്കുന്നതിനുമാണ് കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതെന്നു പറഞ്ഞാണ് ലീഗ് നേതൃത്വം വിമര്‍ശകരുടെ വായടപ്പിച്ചിരുന്നത്.
എന്നാല്‍ പാര്‍ലമെന്റിലെത്തിയ ഉടനെ നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നാണ് കുഞ്ഞാലിക്കുട്ടി ഫാസിസ്റ്റ് വിധേയത്വം പ്രകടിപ്പിച്ചത്. വിമാനം കിട്ടിയില്ലെന്ന കാരണം പറഞ്ഞായിരുന്നു കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുല്‍വഹാബും അന്ന് പാര്‍ലമെന്റില്‍ ഹാജരാകാതിരുന്നത്.
ഏറ്റവുമൊടുവില്‍ മുത്തലാഖ് വിഷയം ചര്‍ച്ചക്കെടുത്ത സമയത്തും കുഞ്ഞാലിക്കുട്ടിയെ പാര്‍ലമെന്റില്‍ കണ്ടില്ല. സുഹൃത്തായ പ്രവാസി വ്യവസായിയുടെ മകന്റെ വിവാഹമാണെന്നു പഞ്ഞാണത്രെ കുഞ്ഞാലിക്കുട്ടി ഇത്തവണ പാര്‍ലമെന്റില്‍ നിന്നു മുങ്ങിയത്.
മുത്തലാഖ് വിഷയം വ്യാഴാഴ്ച ലോകസഭയില്‍ ചര്‍ച്ചക്കെടുക്കുമെന്ന് കഴിഞ്ഞ ആഴ്ചയില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മുസ്ലിംവ്യക്തി നിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ നിന്നു മാറി നിന്നത് ലീഗിനെ മാത്രം പിന്തുണക്കുന്ന ഇ കെ വിഭാഗം സമസ്തയിലും അതിരൂക്ഷമായ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ആഴ്ചകള്‍ക്കു മുമ്പ് സമസ്ത കോഴിക്കോട് സംഘടിപ്പിച്ച ശരീഅത്ത് സമ്മേളനത്തില്‍ സമസ്ത് പ്രസിഡന്റ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ സമുദായത്തിനു വേണ്ടി ശബ്ദിക്കാത്തതിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. അന്ന് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ച് ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.
ഇത്തവണ സമസ്ത ഏറെ ചര്‍ച്ച ചെയ്യുകയും എതിര്‍ക്കുകയും ചെയ്ത മുത്തലാഖ് വിഷയം ചര്‍ച്ച ചെയ്തപ്പോഴും പാര്‍ലമെന്റില്‍ നിന്നു വിട്ടു നിന്ന കുഞ്ഞാലിക്കുട്ടിയെ ചെയ്തി ഏറെ ഗൗരവത്തൊടെയാണ് സമസ്ത നോക്കിക്കാണുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം