കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം പുതിയ ‘യുഗപ്പിറവി’

By സ്വന്തം ലേഖകന്‍|Thursday March 16th, 2017

പാര്‍ലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും സ്വന്തം പാത വെട്ടിയ ഇ. അഹമ്മദിന്റെ പിന്‍ഗാമിയാവാന്‍ നിയോഗിക്കപ്പെടുമ്പോള്‍ തന്നെ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ തുടരാന്‍ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ അനുവാദം പുതിയൊരു യുഗപ്പിറവിയായി. കേന്ദ്രത്തില്‍ മന്ത്രിയായിരിക്കുമ്പോള്‍ പോലും യു.ഡി.എഫ്. ലെയ്‌സണ്‍ കമ്മിറ്റിയിലുള്‍പ്പെടെ പങ്കെടുക്കുകയും സംസ്ഥാന കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്ന അഹമ്മദിന്റെ അനുഭവം തന്നെയാണ് കുഞ്ഞാലിക്കുട്ടിക്ക് തുണയായത്. അഹമ്മദിനെ കേന്ദ്ര/സംസ്ഥാന ഡബിള്‍റോള്‍ കളിക്കാരനായി ആഭ്യന്തര രംഗത്ത് വിമര്‍ശിച്ചിരുന്ന കുഞ്ഞാലിക്കുട്ടി തന്നെ അതേ റോളിലെത്തി എന്നതാണ് കൗതുകകരം.

പാര്‍ലമെന്റ് സ്ഥാനാര്‍ഥിയായി നിയോഗിക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടിയോട് സംസ്ഥാന മുന്നണി രാഷ്ട്രീയത്തില്‍ തുടരാന്‍ നിര്‍ദേശിച്ചത് നിയമസഭാ നേതൃത്വത്തില്‍ സമവായ തീരുമാനം വരുന്നത് വരെയാണ്. കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് ജയിച്ചു കഴിഞ്ഞാല്‍ വേങ്ങര അസംബ്ലി മണ്ഡലത്തില്‍ ആരെ സ്ഥനാര്‍ഥിയാക്കുമെന്നതിനെക്കാള്‍ നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനം ആര് പിന്തുടരുമെന്ന ചോദ്യത്തിന് നേതൃത്വത്തില്‍ ഇതുവരെയും ഏക സ്വരമില്ല. നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് ചോദിച്ചാല്‍, ‘അത് അപ്പോള്‍ തീരുമാനിക്കും’ എന്ന മറുപടിയിലൊതുങ്ങുന്നതാണ് ഈ അനിശ്ചിതത്വം.

കുഞ്ഞാലിക്കുട്ടി കേന്ദ്ര രാഷ്ട്രീയത്തിലേക്ക് പോകുന്നതില്‍ യു.ഡി.എഫ്. നേതൃത്വം ആശങ്ക പങ്കുവെച്ചത് മുസ്‌ലിം ലീഗിലെ തന്നെ ചിലരുടെ മനസ് വായിച്ചായിരുന്നു. 2006ല്‍ കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് തോറ്റ നിയമസഭയില്‍ മുസ്‌ലിം ലീഗിന്റെ സഭാനേതാവ് സി.ടി. അഹമ്മദലിയായിരുന്നു. സഭയിലെ അന്നത്തെ അനുഭവം കോണ്‍ഗ്രസ് നേതൃത്വത്തിനറിയാം. കുഞ്ഞാലിക്കുട്ടിക്ക് പകരം സീനിയോറിറ്റി അനുസരിച്ച് ടി.എ. അഹമ്മദ് കബീറിനെയാണ് നിയോഗിക്കേണ്ടത്. 2006ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കുഞ്ഞാലിക്കുട്ടി നിഷ്‌കാസിതനായ ശേഷം ഇ. അഹമ്മദ് ജനറല്‍ സെക്രട്ടറിയായിരുന്നു. അന്ന് അഹമ്മദിന്റെ കാര്യദര്‍ശിത്വ ചുമതല സെക്രട്ടറിമാരിലൊരാള്‍ എന്ന നിലയില്‍ അഹമ്മദ് കബീറില്‍ ഏല്‍പിക്കപ്പെട്ടു.

പക്ഷെ, സംഘടനാ കാര്യങ്ങളില്‍ കബീറിന് അന്ന് വല്ലാതെ തിളങ്ങാനായില്ല. നിയമസഭയിലും അദ്ദേഹത്തെ പാര്‍ട്ടി ലീഡറാക്കാനാവില്ല എന്ന നിലപാട് കുഞ്ഞാലിക്കുട്ടിക്ക് തന്നെ ഉണ്ടാവും. എം.കെ. മുനീറാണ് കുഞ്ഞാലിക്കുട്ടിക്ക് പകരം നിയസഭാ ലീഡര്‍ ആവേണ്ട മറ്റൊരാള്‍. സ്വാഭാവികമായും അങ്ങിനെയൊരു തീരുമാനം ഉണ്ടാവുന്നത് അപൂര്‍വമായിരിക്കും. എന്നാല്‍, വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിനെ മല്‍സരിപ്പിച്ച് നിയസഭാ ലീഡറാക്കാമെന്ന് ചിലരുടെ മനസിലുണ്ട്. അതിപ്പോള്‍ പറഞ്ഞാല്‍ മലപ്പുറം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എതിരടിയൊഴുക്കാവാം.

പാര്‍ലെമന്റ് ഉപതെരഞ്ഞെടുപ്പില്‍ അഹമ്മദിനെക്കാള്‍ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടണമെന്നാണ് ലീഗ് നേതൃത്വം ആഗ്രഹിക്കുന്നത്. അതിനാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ ഉപതെരഞ്ഞെടുപ്പ് വേളയില്‍ മജീദിന്റെ പേര് തന്നെ ഉയര്‍ത്തി കൊണ്ടു വരാനാണ് നീക്കം. അബ്ദുറഹിമാന്‍ രണ്ടത്താണിയോ, യൂത്ത്‌ലീഗ് മുന്‍ സാരഥി സാദിഖലിയോ ആവണമെന്ന തര്‍ക്കം ഒഴിവാക്കാനും മജീദിന്റെ പേര് ഉപകരിക്കും. ഇങ്ങിനെയൊരു സമവായമാവുന്നത് വരെയാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുകയെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, കേന്ദ്ര രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടായിരിക്കെ ഇ. അഹമ്മദ് യു.ഡി.എഫ്. ലയ്‌സണ്‍ കമ്മിറ്റിയിലും സംസ്ഥാനത്തെ പ്രധാന കാര്യങ്ങളിലും ഇടപെട്ടിരുന്നു. കുഞ്ഞാലിക്കുട്ടി അത്തരം റോള്‍ തുടരുകയും നിയമസഭയില്‍ പുതില ലീഡറെ കണ്ടെത്തുകയുമാണ് നല്ലതെന്നാണ് ധാരണയായത്. എന്നാല്‍, പാര്‍ട്ടിക്ക് പുതിയ കേന്ദ്ര ഓഫീസ് ഡല്‍ഹിയില്‍ തുറക്കുകയും പ്രധാന ഭാരവാഹികളെല്ലാം ദേശീയതലത്തില്‍ തന്നെ ടീമായി ചുമതലകള്‍ വഹിക്കുകയും വേണമെന്നാണ് കഴിഞ്ഞ ദേശീയ സമിതിയോഗത്തില്‍ പുതിയ ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ആവശ്യപ്പെട്ടിരുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം