കോവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരും മലപ്പുറത്തുകാരായ പ്രവാസികള്‍

Saturday May 9th, 2020

മലപ്പുറം: സംസ്ഥാനത്ത് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേരും മലപ്പുറത്തുകാരായ പ്രവാസികള്‍. ഗള്‍ഫില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ സംസ്ഥാനത്തെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കാണ കോവിഡ് 19 സ്ഥിരീകരിച്ചത്. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39 കാരന്‍, എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടുവട്ടം സ്വദേശി എറണാകുളം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനിലാണ്. മെയ് ഏഴിന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനത്തിലെ യാത്രക്കാരനാണ് കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി. വൃക്ക രോഗത്തിന് ചികില്‍സയില്‍ കഴിയുന്ന ഇയാള്‍ ദുബയ് അജ്മാനില്‍ സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടര്‍ ചികില്‍സക്കായാണ് ഇയാള്‍ നാട്ടിലെത്തിയത്. മെയ് ഏഴിന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി മെയ് എട്ടിന് പുലര്‍ച്ചെ 1.30 ന് പ്രത്യേകം സജ്ജമാക്കിയ 108 ആംബുലന്‍സില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതിനെ തുടര്‍ന്നാണ് രോഗബധ സ്ഥിരീകരിച്ചത്.

മെയ് ഏഴിന് അബൂദബിയില്‍ നിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രത്യേക വിമാനത്തിലാണ് എടപ്പാള്‍ നടുവട്ടം സ്വദേശി എത്തിയത്. അബുദബി മുസഫയില്‍ സ്വകാര്യ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റാണ്. മെയ് ഏഴിന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഒരാഴ്ച മുമ്പ് പനിയുണ്ടായിരുന്നെന്ന വിവരത്തെ തുടര്‍ന്ന് രാത്രി 11 മണിയോടെ ആരോഗ്യ വകുപ്പിന്റെ 108 ആംബുലന്‍സില്‍ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാക്കി. മെയ് എട്ടിന് രാവിലെ സാംപിള്‍ പരിശോധനക്ക് അയച്ചു. തുടര്‍ന്നാണ് ബാധ സ്ഥിരീകരിച്ചത്.

ഈ രണ്ട് പേരും മലപ്പുറം സ്വദേശികളെങ്കിലും മറ്റ് ജില്ലകളില്‍ ചികില്‍സയില്‍ തുടരുന്നതിനാല്‍ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വിമാനത്തില്‍ ഇവരോടൊപ്പം എത്തിയവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യജാഗ്രത ഉറപ്പാക്കി പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്. ഇവരുമായി ആരോഗ്യ വകുപ്പ് നേരിട്ട് ദിവസേന ബന്ധപ്പെടുന്നുണ്ട്. എങ്കിലും വീടുകളില്‍ കഴിയുന്നവരില്‍ ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രേള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
കണ്‍ട്രോള്‍ സെല്‍ നമ്പര്‍ 0483 2737858, 2737857, 2733251, 2733252, 2733253.

English summary
Kovid 19 confirmed in the state that the two are residents of Malappuram. Kovid 19 was confirmed by two people from Malappuram who arrived in the state on a separate flight from the Gulf. District Collector Jafar Malik said that the victims were 39 year old resident of Chappanangadi, Kottakkal and 24 year old resident of Edappal Naduvattam.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം