നിയമസഭയിലെ പ്രശ്‌നങ്ങള്‍ക്ക് മാപ്പു പറഞ്ഞെന്നു കെ എം ഷാജി

Sunday August 9th, 2015
2

KM Shaji kmcc manamaമനാമ: നിലവിളക്കല്ല നാട്ടിലെ തെരുവ് വിളക്കുകളാണ് തന്റെ ഇപ്പോഴത്തെ മുഖ്യപ്രശ്‌നമെന്ന് കെ.എം.ഷാജി എം.എല്‍.എ. ബഹ്‌റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ കെ.എം.സിസി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ 51 പ്രവാസി ബൈത്തു റഹ്മ വീടുകളുടെ പ്രഥമ ഘട്ട പ്രഖ്യാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ വികസനങ്ങളെ മറക്കുകയാണ്. നാട്ടിലെ തെരുവ് വിളക്കിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല. മീഡിയകള്‍ അടക്കം എല്ലാവരുടെയും താല്‍പര്യം വിവാദങ്ങള്‍ മാത്രമാണ്. ഇത് നാടിന്റെ ഗൗരവമുള്ള വികസന പ്രശ്‌നങ്ങളെയാണ് ബാധിക്കുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും ഇത് ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കവിതര്‍ക്കങ്ങളല്ല ഗുണപരമായ സേവന പ്രവര്‍ത്തനങ്ങളാണ് നാടിന് ആവശ്യം. ഈ ഉത്തരവാദിത്വങ്ങള്‍ മറന്ന് മറ്റുള്ളവരെ ആക്ഷേപിക്കാനും പാരവെക്കാനുമാണ് ഇന്ന് ചില പാര്‍ട്ടികളും സംഘടനകളും യോഗങ്ങള്‍ ചേരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാവരും മത്സരിച്ചു രംഗത്തു വരണമെന്നും കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനു വലിയ ഒരാശ്വാസവും മാതൃകയുമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഈയിടെ നിയമ സഭയിലുണ്ടായ തന്റെ വൈകാരിക പ്രകടനത്തില്‍ തനിക്ക് ഖേദമുണ്ടായിട്ടുണ്ടെന്നും പിന്നീട് സ്വന്തം മണ്ഡലത്തില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് പ്രസ്തുത സംഭവത്തില്‍ താന്‍ വോട്ടര്‍മാരോട് മാപ്പപേക്ഷിച്ചുവെന്നും ഷാജി വെളിപ്പെടുത്തി. പ്രസ്തുത ദിവസം നിയമസഭ വിട്ടു പുറത്തിറങ്ങിയപ്പോള്‍ വാട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും നിറഞ്ഞു നില്‍ക്കുന്ന തന്റെ വീഡിയോയും ഫോട്ടോകളും കണ്ടപ്പോഴാണ് ഒരു ചെറുപ്പക്കാരന്റെ ആവേശത്തള്ളിച്ചയില്‍ താന്‍ സഭയില്‍ കാട്ടിക്കൂട്ടിയതിനെ കുറിച്ചാലോചിച്ചത്. താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയും പാര്‍ട്ടിയുടെ പൂര്‍വ്വകാലത്തെ നേതാക്കളും മഹത്തായ നിയമ നിര്‍മ്മാണ സഭയിലെ അവരുടെ മാന്യമായ പെരുമാറ്റങ്ങളുമാണ് അന്ന് യാത്രയിലുടനീളം തന്റെ ചിന്തയിലുണ്ടായിരുന്നത്. വാര്‍ധക്യകാലത്തും നമസ്‌കാരത്തിനു പോകുമ്പോള്‍ വീടിനടുത്തുള്ള റെയില്‍പാളം മുറിച്ചു കടക്കാതെ നിയമം കാത്തു സൂക്ഷിച്ച ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ പോലുള്ള നേതാക്കളെയാണ് താന്‍ ഓര്‍ത്തത്. ഇ.എം.എസ് നമ്പൂതിരിപ്പാട്, ശ്രീ അച്യുതമേനോന്‍, സി.എച്ച് മുഹമ്മദ് കോയ സാഹിബ്, നായനാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ കടന്നു പോയ ഇന്ത്യക്കു തന്നെ മാതൃകയായ സഭയില്‍ ഒരിക്കലും അരുതാത്ത പ്രവര്‍ത്തനങ്ങളാണ് തന്നില്‍ നിന്നുണ്ടായതെന്ന ഒരു ചിന്തയും തനിക്കുണ്ടായി. അതേ തുടര്‍ന്നാണ്, തന്റെ മണ്ഡലത്തില്‍ പിന്നീട് നടന്ന ആദ്യ യോഗത്തില്‍ വെച്ചു തന്നെ ഞാന്‍ പരസ്യമായി മാപ്പ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം