തലശ്ശേരി: അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാണിച്ച് ഇരിട്ടിയിലെ എ.കെ. ഷാജി നല്കിയ ഹരജിയില്‍ തലശ്ശേരി വിജിലന്‍സ് കോടതി വ്യാഴാഴ്ച വിധി പറയും. തിങ്കളാഴ്ച ഹരജിയിലുള്ള വാദം പൂര്‍ത്തിയായി. വിജിലന്‍സ്കോടതി ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധിപറയാന്‍ ഏഴിലേക്ക് മാറ്റിയത്. പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാലാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പ്രതിപട്ടികയില്‍ ചേര്‍ക്കാതിരുന്നതെന്ന് വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ശൈലജന്‍ കോടതിയെ അറിയിച്ചു. അന്വേഷണം തുടരുകയാണ്. തെളിവ് കിട്ടിയാല്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പ്രതിചേര്‍ക്കുന്നതില്‍ വിരോധമില്ല അദ്ദേഹം പറഞ്ഞു.
കാന്തപുരത്തെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന ആവശ്യം ഹരജിക്കാരനായ എ.കെ. ഷാജിക്ക് വേണ്ടി ഹാജരായ അഡ്വ. ഇ. നാരായണന് ആവര്‍ത്തിച്ചു. അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാടില്‍ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജി നല്കിയ ഹരജിയില്‍ തലശ്ശേരി സ്പെഷല്‍ വിജിലന്‍സ് കോടതി ഉത്തവിനെ തുടര്‍ന്നാണ് വിജിലന്‍സ് ത്വരിത പരിശോധന നടത്തിയത്.