കുറ്റവാളികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ജോയ്മാത്യു

Tuesday February 21st, 2017

കോഴിക്കോട്: തടവില്‍ കഴിയുന്ന 1850 കുറ്റവാളികളെ വിട്ടയക്കാന്‍ അനുമതിയാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ച പിണറായി സര്‍ക്കാരിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് നടന്‍ ജോയ്മാത്യു. തന്റെ ഫേസ്ബുക്ക് പേജിലാണ് സര്‍ക്കാര്‍ നിലപാട് ജനപക്ഷവിരുദ്ധമാണെന്ന് ജോയ്മാത്യു ആരോപിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ 2015 പേരുടെ ലിസ്റ്റില്‍ മാറ്റം വരുത്തിയാണ് 1850 ആക്കിയതെന്ന സര്‍ക്കാര്‍ ഭാഷ്യത്തെയും ജോയ്മാത്യു ചോദ്യം ചെയ്യുന്നുണ്ട്. ഉമ്മന്‍ചാണ്ടി കുറ്റവാളികളെ വിട്ടയക്കണമെന്നാവശ്യപ്പെടുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇടത് പക്ഷസര്‍ക്കാര്‍ എങ്ങിനെയാണ് ഇതിനു കൂട്ടുനില്‍ക്കുക. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റില്‍ അറ്റകുറ്റപ്പണി നടത്തി ഗവര്‍ണര്‍ക്ക് നല്‍കിയ ഇടത് സര്‍ക്കാറിന് ഉത്തരവാദിത്വമൊന്നുമില്ലേ…. ജോയ്മാത്യു ചോദിക്കുന്നു.
വിട്ടയക്കണം എന്നാവശ്യപ്പെട്ട കുറ്റവാളികള്‍ ആരൊക്കെയന്നും അവര്‍ ചെയ്ത കുറ്റങ്ങള്‍ എന്തൊക്കെയെന്നും അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും ജോയ്മാത്യു പോസ്റ്റില്‍ എഴുതി….

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…

ന്യായീകരണ തൊഴിലാളികളോട്
കഴിഞ്ഞ ദിവസം ഞാന്‍
ഈ പേജില്‍ ഒരു പോസ്റ്റ് ഇട്ടതിനു നിരവധി പ്രതികരണങ്ങള്‍ വന്നു. സംസ്‌കാരം ഉള്ളവര്‍ മാത്രം വന്നുപോകുന്ന ഒരു പേജാണ് എന്റേത് എന്നതിനാലും മറുപടി പറഞ്ഞവരില്‍ അധികം പേര്‍ക്കും
ഒരു രാഷ്ട്രീയ സംസ്‌കാരം ഉള്ളതിനാലും മറ്റു പേജുകളില്‍ പൊങ്കാലയിടുന്നപോലെ ഇവിടെ സംഭവിച്ചില്ല എന്നൊരു ചാരിതാര്‍ഥ്യം ഞാന്‍ നിങ്ങളോട് പങ്കുവെക്കട്ടെ .
1850 കുറ്റവാളികളെ വിട്ടയക്കാന്‍ കേരള ഗവര്‍മെന്റ്
തയ്യാറാക്കിയ ലിസ്റ്റ് ഗവര്‍ണര്‍ തിരിച്ചയച്ചു എന്ന പത്ര വാര്‍ത്തയെ അടിസ്ഥാനമാക്കി ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ ഉല്‍കണ്ഠ സമൂഹവുമായി പങ്കുവെക്കുകയാണു ചെയ്തത്.
അതിനു വിശദീകരണവുമായി ഭരണപക്ഷത്തുള്ളവരും എന്തിന് പാര്‍ട്ടി പത്രവും വന്നു .
അവരൊക്കെ പറയുന്നത് പ്രസ്തുത ലിസ്റ്റ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കപ്പെട്ടതാണെന്നും അതില്‍ 2015 പേരുടെ ലിസ്റ്റായിരുന്നു
എന്നും ഇടതുപക്ഷ സര്‍ക്കാര്‍ ആ ലിസ്റ്റ് പുനഃപരിശോധിച്ച് 1850 ആക്കി കുറച്ചിട്ടാണ് ഗവര്‍ണര്‍ക്ക് വീണ്ടും അയച്ചുകൊടുത്തതെന്നുമാണ് .ഉമ്മന്‍ ചാണ്ടി ഗവര്‍മ്മെന്റ്
കുറ്റവാളികളെ വിട്ടയക്കുവാന്‍ ശുഷ്‌ക്കാന്തി കാണിക്കുന്നതില്‍
എനിക്ക് തെല്ലും അത്ഭുതമില്ല ,എന്നാല്‍ ഒരു ഇടത് പക്ഷ ഗവര്‍മെന്റ് ഇത്തരം ഒരു ലിസ്റ്റ് അയക്കുമ്പോള്‍ ജനങ്ങള്‍ക്ക് തീര്‍ച്ചയായും ഉല്‍ക്കണ്ഠയുണ്ട് .അതിനെ ന്യായീകരിച്ച്

മറുപടി പറഞ്ഞവരോട് എനിക്ക് രണ്ടു ചോദ്യങ്ങളെ ചോദിക്കാനുള്ളൂ
1.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നിവേദിച്ച കുറ്റവാളികളുടെ വിടുതല്‍ ലിസ്റ്റില്‍ അറ്റകുറ്റപ്പണി നടത്തി അത് വീണ്ടും ഗവരണക്ക് അയച്ചു കൊടുത്തത് ഇടത് പക്ഷ ഗവര്‍മ്മെന്റ് തന്നെയല്ലേ?
അപ്പോള്‍ ഉത്തരവാദിത്വം ശരിക്കും ആര്‍ക്കാണ് ?

2.വിട്ടയക്കണം എന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ക്ക് കൊടുത്ത ലിസ്റ്റില്‍ ഉള്‍പ്പെട്ട കുറ്റവാളികളുടെ പേരും അവര്‍ ശിക്ഷിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും പൊതുജനങ്ങളെ
അറിയിക്കാന്‍ ജനപക്ഷം എന്ന്
പറയുന്ന ഇടത് പക്ഷ ഗവര്‍മ്മെന്റിനു
ധൈര്യമുണ്ടോ ?
അതിനൊക്കെയാണ് ജനങ്ങളുടെ ചിലവില്‍ സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഉണ്ടാക്കേണ്ടതും
ഉണ്ടാവേണ്ടതും.
ഭരിക്കാന്‍ ഗവര്‍മ്മെന്റിനു അധികാരം കൊടുത്ത ജനങ്ങള്‍ക്ക് അറിയാനും അവകാശമുണ്ട് .
സുതാര്യതയാണ് ഒരു ജനകീയ ഭരണത്തിനാവശ്യം എന്ന് വിശ്വസിക്കുന്നതുകൊണ്ടും
ഇടതുപക്ഷത്തിനു മാത്രമേ കാര്യങ്ങള്‍
കുറച്ചെങ്കിലും
നേരെയാക്കിയെടുക്കാന്‍ കഴിയൂ എന്ന്
കരുതുന്നതുകൊണ്ടുകൂടിയാണൂ
ഈ വിമര്‍ശനങ്ങള്‍ എന്ന് മാത്രം മനസ്സിലാകുക.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം