മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ പുതിയ മുന്നണി; തീരുമാനം രണ്ടാഴ്ചക്കകം

Friday September 23rd, 2016

IUML leaders candidatesകോഴിക്കോട്: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ അപരിഹാര്യമായി തുടരുന്ന ഗ്രൂപ് വടംവലിയില്‍ മുസ്ലിം ലീഗിനുള്ള കടുത്ത അമര്‍ഷം സംസ്ഥാനത്ത് പുതിയ മുന്നണിക്കുള്ള സാധ്യതയേറ്റുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിലനില്‍ക്കുന്ന രൂക്ഷമായ വിഭാഗീയത പരിഹരിക്കുന്നതിന് അന്ത്യശാസനം നല്‍കാനും ഭാവി പരിപാടികള്‍ ആലോചിക്കാനുമായി വെള്ളിയാഴ്ച രാവിലെ മുതല്‍ പാണക്കാട് സംസ്ഥാന നേതൃയോഗം നടക്കുകയാണ്. കഴിഞ്ഞ 17ന് കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കാര്യമായി ചര്‍ച്ചചെയ്തത് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ് പോരും തമ്മില്‍ത്തല്ലുമാണ്.

സമുന്നത നേതാക്കളായ ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും രമേശ് ചെന്നിത്തലയും മൂന്നു ദിശയിലാണ് നീങ്ങുന്നത്. കെ.പി.സി.സിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയും തമ്മില്‍ ഭിന്നത രൂക്ഷമാണ്. എല്ലാം സഹിച്ച് ഒപ്പംനില്‍ക്കുന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ഇതിന് പരിഹാരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡോ അഖിലേന്ത്യാ നേതൃത്വമോ തയാറാവുന്നില്ലെങ്കില്‍ ലീഗിന് വേറെ വഴി തേടേണ്ടിവരുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇക്കാര്യം കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളെയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല. കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലോ നടപടികളോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിലപാട് കര്‍ക്കശമാക്കാന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നത്.

കോണ്‍ഗ്രസിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പുതിയ മുന്നണി രൂപീകരണത്തെക്കുറിച്ചും ലീഗ് ആലോചിക്കുന്നുണ്ട്. ഇക്കാര്യവും വെള്ളിയാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണറിയുന്നത്. വെള്ളിയാഴ്ച രാവിലെ ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടില്‍ നടക്കുന്ന യോഗത്തില്‍ ലീഗ് ഉന്നതാധികാര സമിതി അംഗങ്ങള്‍ക്കുപുറമെ മുതിര്‍ന്ന സംസ്ഥാന ഭാരവാഹികളും സംബന്ധിക്കും. കോണ്‍ഗ്രസിലെ രൂക്ഷമായ സംഘടനാപ്രതിസന്ധി പരിഹരിക്കുന്നതിനായി രൂപംനല്‍കിയ രാഷ്ട്രീയകാര്യ സമിതി ശനിയാഴ്ച തിരുവനന്തപുരത്ത് പ്രഥമയോഗം ചേരുന്നുണ്ട്. കോണ്‍ഗ്രസിന്റെ ശൈഥില്യം സംസ്ഥാനത്ത് ബി.ജെ.പിക്ക് കരുത്തുപകര്‍ന്നേക്കുമെന്ന് ലീഗിലെയും കോണ്‍ഗ്രസിലെയും നല്ലൊരു വിഭാഗം ആശങ്കപ്പെടുന്നുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം