ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

Monday July 25th, 2016

indi westindiesആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം. ഇന്നിംഗ്‌സിനും 92 റണ്‍സിനുമാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 323 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് നാലാം ദിനം 231 റണ്‍സിന് പുറത്തായി. 83 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ അശ്വിനാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് വിജയമാണിത്. സെഞ്ച്വറിയും ഏഴുവിക്കറ്റുമായി മത്സരത്തില്‍ തിളങ്ങിയ അശ്വിന്‍ തന്നെയാണ് കളിയിലെ താരം. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് എട്ടിന് 566, വിന്‍ഡീസ് 243, 231.

ഒന്നിന് 20 എന്ന നിലയിലായിരുന്നു വിന്‍ഡീസ് നാലാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ കഠിന പ്രയത്‌നം നടത്തേണ്ടിയിരുന്ന ബാറ്റിംഗ് നിര പക്ഷെ ആദ്യ ഇന്നിംഗി്‌സിന്റെ തുടര്‍ച്ചയാണ് കാട്ടിയത്. ടെസ്റ്റില്‍ മികച്ച കൂട്ടുകെട്ടുകളാണ് പ്രധാനമെന്ന അടിസ്ഥാന തത്വം മറന്നായിരുന്നു താരങ്ങള്‍ ബാറ്റ് വീശിയത്. ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ ആരും മെനക്കെട്ടില്ല. നിര്‍ണായക ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ എട്ടിന് 132 എന്ന നിലയിലായിരുന്നു ആതിഥേയര്‍. ഒമ്പതാം വിക്കറ്റില്‍ 95 ചേര്‍ത്ത ദേവേന്ദ്ര ബിഷൂ കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് സഖ്യമാണ് സ്‌കോര്‍ 200 കടത്തിയത്.

51 റണ്‍സെടുത്ത ബ്രാത്ത് വൈറ്റാണ് വിന്‍ഡീസ് നിരയിലെ ടോപ്‌സ്‌കോറര്‍. 50 റണ്‍സെടുത്ത സാമുവല്‍സ്, 45 റണ്‍സെടുത്ത ബിഷു, 31 റണ്‍സെടുത്ത ചന്ദ്രിക എന്നിവര്‍ക്ക് മാത്രമേ കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചുള്ളൂ. നാലാം ദിനം തുടക്കത്തില്‍ തന്നെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കി യാദവ് ആദ്യ പ്രഹരം ഏല്‍പ്പിച്ചു. തലേന്നത്തെ ടീം സ്‌കോറിനോട് ഒരു റണ്‍ മാത്രമേ അപ്പോള്‍ ചേര്‍ന്നിരുന്നുള്ളൂ. തുടര്‍ന്ന് ചന്ദ്രികയും സാമുവല്‍സും കരുതലോടെ നീങ്ങിയത് ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ സ്‌കോര്‍ 88 ല്‍ നില്‍ക്കെ ക്ഷമാപൂര്‍വ്വം ബാറ്റുവീശിയ ചന്ദ്രികയെ സാഹയുടെ കൈകളില്‍ എത്തിച്ച് അശ്വിന്‍ 67 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ചു. മത്സരത്തിലെ അശ്വിന്റെ ആദ്യ വിക്കറ്റായിരുന്നു ഇത്. പിന്നീട് വെറും 44 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ഇതില്‍ നാലും സ്വന്തമാക്കിയത് അശ്വിന്‍ തന്നെ. അശ്വിന് പുറമെ ഇശാന്ത് ശര്‍മ, യാദവ്, മിശ്ര എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം