ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ നടന്ന ആക്രമണം ഇന്ത്യയുടെ നാടകമായിരുന്നുവെന്ന് പാക് അന്വേഷണസംഘം പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംയുക്ത അന്വേഷണ സംഘത്തിലെ (ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം) ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പാക് പത്രമായ പാകിസ്താന് ടുഡേ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യക്ക് ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നു. കൃത്യമായി തെളിവുകളൊന്നുമില്ലാതെയാണ് പാകിസ്താനാണ് ആക്രമണത്തിന് പിറകില്‍ എന്ന് ഇന്ത്യ ആരോപിക്കുന്നത്. പാക് അന്വേഷണ സംഘവുമായി ഇന്ത്യ സഹകരിച്ചില്ല. മാത്രമല്ല, അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കാന്‍ പലതവണ ശ്രമിക്കുകയും ചെയ്തു. സംയുക്ത അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫിന് സമര്‍പ്പിക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് ഇന്ത്യ നല്കിയ വിവരങ്ങളുടെ സത്യസന്ധതയിലും അന്വേഷണസംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ വെറും മണിക്കൂറികള്‍ മാത്രമാണ് നീണ്ടുനിന്നത്. ഇന്ത്യ അവകാശപ്പെടുന്നതുപോലെ ദിവസങ്ങള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുകളൊന്നും പത്താന്‍കോട്ടില്‍ ഉണ്ടായിട്ടില്ല. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പാകിസ്താന് ഭീകരരുടെ രാഷ്ട്രമാണെന്ന് കാണിക്കാനായി ഇന്ത്യ നടത്തിയ നാടകമായിരുന്നു ഇത്. മണിക്കൂറുകള്‍ക്കകം തീവ്രവാദികളെ കൊലപ്പെടുത്തിയിട്ടും മൂന്ന് ദിവസം ഏറ്റുമുട്ടല്‍ നടന്നുവെന്ന് വരുത്തിവെച്ചത് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും പാകിസ്താന് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.