‘ജോലി ചെയ്തവര്‍ക്ക് ശമ്പളം കിട്ടണം’ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

Tuesday April 28th, 2020

കൊച്ചി: കൊവിഡ്19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. രണ്ടു മാസത്തേക്കാണ് സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നിയമ പരമായി നില നില്‍ക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് എന്നതിന്റെ പേരില്‍ സാലറി പിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.എന്തിന്റെ പേരിലായാലും ശമ്പളം തടഞ്ഞുവെയക്കല്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്നും ഈ സാഹചര്യത്തിലാണ് രണ്ടു മാസത്തേയക്ക് സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചുരുങ്ങിയത് 80,000 കോടി രൂപയെങ്കിലും സംസ്ഥാനത്തിന് വേണ്ടി വേണ്ടി വരുമെന്നും അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. നിലവിലെ സാഹചര്യത്തില്‍ ശമ്പളത്തിന്റെ ഒരു ഭാഗം നല്‍കുന്നത് നീട്ടിവെയ്ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ നിരവിധി ജീവനക്കാര്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ചികില്‍സ നടത്താന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടെന്നും ഈ സാഹചര്യത്തില്‍ ശമ്പളം പിടിക്കുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഹരജിക്കാര്‍ വാദിച്ചു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നും ഹരജിക്കാര്‍ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തുകൊണ്ട് ഉത്തരവിട്ടത്്. കൊവിഡ്19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം മികച്ചതാണ്. എല്ലാ മുക്കിലും മൂലയിലും സര്‍ക്കാര്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം കിട്ടുകയെന്നത് അവരുടെ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് മെയ് 20 ന് വീണ്ടും പരിഗണിക്കും. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്നാണ് വിവരം. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം അഞ്ചു മാസംകൊണ്ട് ഒരോ മാസവും ആറു ദിവസത്തെ ശമ്പളം വീതം പിടിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം