ഹജ്ജിനു പോകാന്‍ സ്വരുക്കൂട്ടിയ പണമെടുത്ത് പാവങ്ങളുടെ പട്ടിണിയകറ്റി അബ്ദുറഹിമാന്റെ നന്മ

Saturday April 25th, 2020

മംഗലാപുരം: ഹജ്ജിന് വേണ്ടി മാറ്റിവച്ച തുക ലോക്ക്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിച്ച് മംഗലാപുരം സ്വദേശിയുടെ നന്മ. മംഗലാപുരം ബന്തവാല്‍ താലൂക്കിലെ കൂലിപ്പണിക്കാരനായ അബ്ദുറഹിമാനാണ് ജനസേവനത്തിന് തന്റെ സ്വപ്‌നം മാറ്റിവെച്ച് മാതൃകയായത്. തന്റെ കടങ്ങള്‍ എല്ലാ തീര്‍ത്ത് ഇത്തവണ ഹജ്ജിന് പോകാന്‍ തീരുമാനിച്ചതാണ് അബ്ദുറഹിമാന്‍. ഇതിനായി കൂലിപ്പണിയെടുത്തും, മുണ്ട് മുറുക്കിയുടുത്തും സമ്പാദിച്ച തുകയാണ് അബ്ദുള്‍ റഹ്മാന്റെ കയ്യില്‍ ഉണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകനായ സവാദ് റഹിമാന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറഹിമാന്റെ നന്മ ലോകം അറിഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
അഞ്ച് മിനിറ്റ് മുന്‍പ് വരെ ഈ മനുഷ്യന്‍ തീര്‍ത്തും അപരിചിതനായിരുന്നു. ഇപ്പോള്‍ ഈ ചിത്രം എനിക്ക് പ്രൊഫൈല്‍ ചിത്രമാക്കാന്‍ തോന്നുന്നു. മംഗലാപുരത്തിനടുത്ത ബന്തവാല്‍ താലൂക്കിലെ ഒരു കൂലി ജോലിക്കാരനാണിദ്ദേഹം. അടുത്തുള്ള ചാക്ക് നിറയെ അദ്ദേഹത്തിന്റെ സമ്പാദ്യങ്ങളാണ്. ഈ മനുഷ്യന്‍ ഇക്കാലമത്രയൂം ജീവിച്ചത് ഒരു സ്വപ്നവുമായിട്ടാണ്. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടണം, എന്നിട്ട് പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ പുറപ്പെടണം. വണ്ടിക്കു പോകാതെ കിലോമീറ്ററുകള്‍ നടന്നും പാലൊഴിക്കാതെ കാപ്പി കുടിച്ചും കറിയൊഴിവാക്കി റൊട്ടി കഴിച്ചും സ്വരൂപിച്ചു കൂട്ടിയിട്ടുണ്ടാവും. ഹജ്ജ് യാത്രക്കുള്ള വഴിച്ചിലവ്. എന്നാല്‍ ഹജ്ജിനായി സ്വരൂപിച്ച തുകയെല്ലാം സാധുക്കള്‍ക്ക് ആഹാര സാധനങ്ങള്‍ വാങ്ങുവാനായി ചെലവഴിച്ചിരിക്കുന്നു ആ വലിയ മനുഷ്യന്‍. തനിക്ക് ചുറ്റും മനുഷ്യര്‍ ഭക്ഷണമില്ലാതെ വിശന്നിരിക്കുന്ന ഘട്ടത്തില്‍ തന്റെ കടങ്ങള്‍ തീര്‍ന്നിട്ടില്ല എന്ന് അദ്ദേഹം കരുതിക്കാണണം. പടച്ചവന്‍ വിധിയേകിയാല്‍ അദ്ദേഹത്തിന്റെ ജീവിതസ്വപ്നം സാധിക്കുമാറാകട്ടെ ഇനി മക്കത്ത് പോകാനായില്ലെങ്കിലും ഗൂഡിനബലിയിലെ അബ്ദുറഹിമാന്‍ എനിക്കിനിമേല്‍ ഹാജിക്കയാണ്. താങ്കള്‍ക്കു മേല്‍ ദൈവത്തിന്റെ കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ..

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം