അറബിക് സര്‍വകലാശാലക്ക് ധനവകുപ്പിന്റെ കൂച്ചുവിലങ്ങ്

Monday August 10th, 2015

Secretariate Keralaതിരുവനന്തപുരം: സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശത്തിനെതിരെ ധനവകുപ്പ് കുരുക്കിട്ടു. വിദഗ്ധസമിതിയുടെ ശിപാര്‍ശ അംഗീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്. തുടക്കം മുതല്‍ പദ്ധതിക്കെതിരെ ധനവകുപ്പ് ഉന്നയിച്ച തടസ്സവാദങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പ് വിശദീകരണവും നല്‍കിയിരുന്നു. എന്നാല്‍, ഒന്നരമാസത്തിലധികമായിട്ടും ഫയലില്‍ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. പുതിയ തടസ്സവാദവുമായി ഫയല്‍ തിരിച്ചയക്കാനുള്ള നീക്കത്തിലാണിപ്പോള്‍ ധനവകുപ്പെന്നാണറിയുന്നത്.

സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു സര്‍വകലാശാലക്കെതിരായ ആദ്യ എതിര്‍പ്പ്. സര്‍വകലാശാലയുടെ ഘടന സംബന്ധിച്ചും വിശദാംശങ്ങള്‍ തേടിയിരുന്നു. എന്നാല്‍, സാമ്പത്തിക ബാധ്യത കുറവായിരിക്കുമെന്നും പി.ജി, ഗവേഷണ കോഴ്‌സുകള്‍ മാത്രമുള്ള സര്‍വകലാശാലയാണ് നിര്‍ദേശിക്കുന്നതെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. മാത്രവുമല്ല, കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാത്ത രീതിയില്‍ നോണ്‍ അഫിലിയേറ്റിങ് സര്‍വകലാശാലയാണ് ലക്ഷ്യമിടുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. ധനവകുപ്പിന്റെ കടമ്പ കടക്കാന്‍ കഴിയാതിരുന്നതോടെ വിഷയം നേരിട്ട് മന്ത്രിസഭയുടെ പരിഗണനക്ക് വക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷം കാബിനറ്റ് നോട്ട് സഹിതം ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച ഫയല്‍ വീണ്ടും ധനവകുപ്പിന്റെ പരിഗണനക്ക് വിടുകയായിരുന്നു. ഒന്നര മാസത്തോളമായി ഫയല്‍ ധനവകുപ്പില്‍ കുടുങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ബജറ്റില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നത് ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം അയച്ചെങ്കെിലും ധനമന്ത്രി കെ.എം. മാണി ആ നിര്‍ദേശം അംഗീകരിച്ചിരുന്നില്ല. അറബിക് സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ ക്രിസ്ത്യന്‍ സര്‍വകലാശാലയും വേണമെന്നായിരുന്നു നിലപാട്. എന്നാല്‍ അറബി ഭാഷാ സര്‍വകലാശാലയാണെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചു. തര്‍ക്കത്തില്‍ കുരുങ്ങി നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്തിയതുമില്ല. ഒടുവില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന്റെ ഭാഗമായി സ്‌പെഷല്‍ ഓഫിസറെ നിയമിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമടങ്ങിയ ഫയലും ധനവകുപ്പ് മടക്കി. സാമ്പത്തികബാധ്യതയാണ് തടസ്സമെങ്കില്‍ അറബി ഭാഷ പ്രോത്സാഹിപ്പിക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഏജന്‍സികളില്‍നിന്ന് പണം കണ്ടത്തൊനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. സര്‍വകലാശാല തുടങ്ങിയാല്‍ ‘റുസ’ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പണം കണ്ടത്തൊനാകുമെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എട്ടുമാസം മുമ്പാണ് ടി.പി. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. ഡോ.പി. അന്‍വര്‍ ചെയര്‍മാനായ ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം