ക്ഷേത്രപുരോഹിതന്റെ ശവമഞ്ചവും പേറി മുസ്ലിംയുവാക്കള്‍; സാഹോദര്യത്തിന്റെ വേറിട്ട കാഴ്ചകള്‍

Friday May 1st, 2020

മീററ്റ്: കൊവിഡ് മഹാമാരിക്കിടയിലും സംഘപരിവാരം മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷപ്രചാരണങ്ങളും വ്യാജവാര്‍ത്തകളും പടച്ചുവിടുമ്പോള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വേറിട്ട കാഴ്ചയാണ് മീററ്റില്‍നിന്നുണ്ടായിരിക്കുന്നത്. മരണപ്പെട്ട ഹിന്ദു വിശ്വാസിയായ ക്ഷേത്രപുരോഹിതന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് നോമ്പുകാരായ മുസ്‌ലിം യുവാക്കള്‍ ശവമഞ്ചവും തോളിലേറ്റിക്കൊണ്ടുപോവുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മീററ്റിലെ ഷാഹ്പീര്‍ ഗേറ്റില്‍ താമസിക്കുന്ന ക്ഷേത്ര പുരോഹിതന്‍ രമേശ് മാത്തൂര്‍ (68) ചൊവ്വാഴ്ചയാണ് അന്തരിച്ചത്. മരണപ്പെടുന്ന സമയത്ത് ഭാര്യയും ഇളയ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിലായിരുന്ന മൂത്ത മകനും മറ്റ് ബന്ധുക്കള്‍ക്കുമൊന്നും സ്ഥലത്തെത്താനായില്ല. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോവുന്നതിനായി രമേശിന്റെ കുടുംബത്തിന് നാലുപേരുടെയെങ്കിലും സഹായം ആവശ്യമായിരുന്നു. എന്നാല്‍, കുടുംബത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് അയല്‍വാസികളായ നിരവധി മുസ്‌ലിം യുവാക്കളാണ് മരണപ്പെട്ട രമേശിന്റെ ശവമഞ്ചം ചുമക്കുന്നതിനും സംസ്‌കാരത്തിനുള്ള സഹായത്തിനുമായി ഓടിയെത്തിയത്. വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ് ജമന്തി പൂക്കള്‍ കൊണ്ട് അലങ്കരിച്ച മൃതദേഹവും തോളിലേറ്റിക്കൊണ്ട് മുസ്‌ലിം യുവാക്കള്‍ പോവുന്നത് പ്രദേശവാസികള്‍ക്ക് കൗതുകകരമായ കാഴ്ചയായി. സാമൂഹിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വേറിട്ട കാഴ്ച പലരും മൊബൈലില്‍ പകര്‍ത്തുകയും സാമൂഹികമാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയുമുണ്ടായി.

ഭാര്യയ്ക്കും മകനുമൊപ്പമാണ് രമേശ് ഇവിടെ താമസിച്ചിരുന്നത്. കുടലില്‍ ട്യൂമര്‍ ബാധിച്ച് പിതാവ് ഏറെക്കാലമായി ചികില്‍സയിലായിരുന്നുവെന്ന് ഇളയ മകന്‍ ചന്ദര്‍ മൗലി മാത്തൂര്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് പിതാവ് മരിക്കുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പാസ് കിട്ടാത്തതിനാല്‍ ഡല്‍ഹിലായിരുന്ന ജ്യേഷ്ഠന് കൃത്യസമയത്ത് വീട്ടിലെത്താനായില്ല. ബന്ധുക്കളുടെ അവസ്ഥയും സമാനമായിരുന്നു. ഇതോടെ അയല്‍വാസികള്‍ മൃതദേഹം സംസ്‌കരിക്കുന്നതിനായി ശ്മശാനത്തിലേക്ക് കൊണ്ടുപോവുന്നതിന് സഹായവുമായി എത്തുകയായിരുന്നു. ഞങ്ങളുടെ കോളനിയിലെ എല്ലാ മുസ്‌ലിംകളും ഞങ്ങള്‍ക്ക് സഹോദരന്‍മാരെപ്പോലെയാണെന്നും മകന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ് മൂത്ത മകന്‍ ഡല്‍ഹിയില്‍നിന്ന് വീട്ടിലെത്തിയത്. കഴിഞ്ഞ 80 വര്‍ഷമായി മരണപ്പെട്ട രമേശും കുടുംബവും പ്രദേശത്ത് താമസിക്കുകയാണ്. ഷാഹ്പീര്‍ ഗേറ്റിലെ ഒരു ധര്‍മശാലയിലാണ് കുടുംബം കഴിയുന്നത്. രമേശ് അതിനുള്ളിലുള്ള ക്ഷേത്രത്തില്‍ പുരോഹിതനായി ജോലിചെയ്തുവരികയായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം