ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റിയ വനിതാമാധ്യമ പ്രവര്‍ത്തകക്കെതിരെ യു.എ.പി.എ

Monday April 20th, 2020

പുല്‍വാമ: സാമൂഹിക മാധ്യമമായ ഫേസ് ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനു വനിതാ മാധ്യമഫോട്ടോഗ്രഫര്‍ക്കെതിരേ യുഎപിഎ ചുമത്തി കേസെടുത്തു. കശ്മീരി വനിതാ ഫോട്ടോ ജേണലിസ്റ്റ് മസ്രത്ത് സഹ്‌റ(26)ക്കെതിരേയാണ് ദേശവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ‘മസ്രത്ത് സഹ്‌റ’ എന്ന ഫേസ്ബുക്ക് ഉപയോക്താവ് ക്രിമിനല്‍ ഉദ്ദേശ്യത്തോടെ ദേശവിരുദ്ധ പോസ്റ്റുകള്‍ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്നു വിശ്വസനീയമായ ഉറവിടങ്ങളിലൂടെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ശ്രീനഗറിലെ സൈബര്‍ പോലിസ് വ്യക്തമാക്കിയതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ക്രമസമാധാനം ഇല്ലാതാക്കുന്ന വിധത്തില്‍ പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുന്നതും നിയമ നിര്‍വഹണ ഏജന്‍സികളുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നതുമായ പോസ്റ്റുകള്‍ ഇടാറുണ്ടെന്നും പോലിസ് ആരോപിച്ചു. സംഭവത്തില്‍ ശനിയാഴ്ച പ്രഥമ വിവര റിപോര്‍ട്ട്(എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലിസ് പറഞ്ഞു.

യുഎപിഎ ചുമത്തിയാല്‍ വ്യക്തികളെ ‘തീവ്രവാദികള്‍’ എന്ന് ആരോപിച്ച് നിരോധിക്കാനും അത്തരം കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐഎ)യ്ക്ക് അന്വേഷിക്കാനും അധികാരം നല്‍കുന്ന നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്നിരുന്നു. ഏഴു വര്‍ഷം വരെ തടവിലിടാവുന്ന കുറ്റമാണിത്. അതേസമയം, പോലിസും സര്‍ക്കാരും കശ്മീരിലെ മാധ്യമപ്രവര്‍ത്തകരുടെ ശബ്ദം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മസ്രത്ത് സഹ്‌റ അല്‍ ജസീറയോട് പറഞ്ഞു. ‘ഞാന്‍ ഒരു മാധ്യമ ഫോട്ടോഗ്രഫറാണെന്ന് പോലിസ് ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ഫേസ്ബുക്ക് ഉപയോക്താവാണെന്നാണ് അവര്‍ പറയുന്നത്. വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ച തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനു തനിക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ടെന്നും സഹ്‌റ പറഞ്ഞു. ഇതിനകം തന്നെ വിവിധ ഇന്ത്യന്‍, അന്താരാഷ്ട്ര സംഘടനകള്‍ പ്രസിദ്ധീകരിച്ച തന്റെ ആര്‍ക്കൈവല്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തതിനാണ് കേസെടുത്തതെന്നും അവര്‍ പറഞ്ഞു. വാഷിങ്ടണ്‍ പോസ്റ്റ്, ദി ന്യൂ ഹ്യൂമാനിറ്റേറിയന്‍, ടിആര്‍ടി വേള്‍ഡ്, അല്‍ ജസീറ, ദി കാരവന്‍ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ സഹ്‌റയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം, സഹ്‌റയ്‌ക്കെതിരായ ആരോപണങ്ങളെ മേഖലയിലെ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു. കശ്മീര്‍ പ്രസ് ക്ലബ്ബ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ തനിക്കും മേഖലയിലെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ ആരോപണങ്ങളെ അപലപിക്കുകയും ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലോകം പകര്‍ച്ചവ്യാധിയുടെ പിടിയിലായിരിക്കുമ്പോഴും കൊവിഡ് 19 നെ നേരിടാന്‍ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടിവരുമ്പോഴും പോലിസ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനും ഉപദ്രവിക്കാനും തുടങ്ങിയെന്നത് നിര്‍ഭാഗ്യകരമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഭരണഘടന പ്രകാരം ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും തേടുന്ന കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് സ്വീകാര്യമല്ല. സഹ്‌റയ്‌ക്കെതിരേ കടുത്ത നിയമത്തിന്റെ കര്‍ശനമായ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് മാധ്യമ പ്രവര്‍ത്തകരെ നിശബ്ദരാക്കാനും ബലപ്രയോഗത്തിലൂടെ നിയന്ത്രിക്കാനുമുള്ള നീക്കമാണെന്ന് കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ജൗഹര്‍ ഗീലാനി അല്‍ ജസീറയോട് പറഞ്ഞു. നാലു വര്‍ഷത്തെ കരിയറിനിടെ സഹ്‌റ സത്യസന്ധമായാണ് കശ്മീരിന്റെ കഥകള്‍ പറഞ്ഞതെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ദി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ മുസമ്മില്‍ ജലീല്‍ ട്വീറ്റ് ചെയ്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം