ഫൈസല്‍ വധം; പിടിയിലായത് യഥാര്‍ത്ഥ പ്രതികളോ?

Wednesday December 7th, 2016
2

faisal-murder-kodinhiമലപ്പുറം: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ ഫൈസലിന്റെ ഘാതകരില്‍ പ്രധാനികളായ മൂന്നു ആര്‍.എസ്.എസ്.പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പുല്ലൂണി സ്വദേശിയായ ആര്‍.എസ്.എസ് നേതാവ് ബാബു, പുല്ലൂണി സ്വദേശി സുധീഷ്, വള്ളിക്കുന്ന് സ്വദേശി കുട്ടൂസ് എന്ന അപ്പു എന്നിവരാണ് പിടിയിലായത്. ഇവരില്‍ ബാബുവിനെ തിങ്കളാഴ്ചയും മറ്റുരണ്ടുപേരെ ചൊവ്വാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മൂവരേയും തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

പ്രതികള്‍ മൂന്നുപേരും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന് കേസിന്റെ അന്വേഷണ ചുമതലയുളള സിഐ ഹനീഫ അറിയിച്ചു. ഫൈസലിന്റെ കുടുംബത്തില്‍ നിന്നും കൂടുതല്‍പേര്‍ മതം മാറി ഇസ്ലാമിലേക്കു പോകുന്നത് തടയുകയായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശമെന്നും ഇത് ആസൂത്രിതമായിരുന്നെന്നും പോലീസ് വ്യക്തമാക്കി. നേരത്തെ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവായ വിനോദ് അടക്കം എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. വിനോദ്, ഹരിദാസ്, ഷാജി, സുനി, ലികേഷ്, പ്രദീപ്, സതീഷ്, ജയപ്രകാശ് എന്നിവരാണ് മുമ്പ് അറസ്റ്റിലായി റിമാന്‍ഡിലുള്ളത്. ഇതോടെ കേസില്‍ റിമാന്‍ഡിലായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ എണ്ണം 11 ആയി.

ഫൈസല്‍ മതംമാറിയതില്‍ സഹോദരീ ഭര്‍ത്താവ് വിനോദിനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും കടുത്ത എതിര്‍പ്പുണ്ടായിരുന്നതായും മകനെ കൊല്ലുമെന്ന് ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഫൈസലിന്റെ അമ്മ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിനോദ് അടക്കം എട്ടുപേര്‍ ആദ്യം അറസ്റ്റിലായിരുന്നെങ്കിലും സംഘടനയുടെ പേര് പുറത്തുപറയാന്‍ പോലിസ് തയ്യാറായിരുന്നില്ല. ഇപ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചത്.

faisal-murder-kodinhi-crowdനവംബര്‍ 19ന് പുലര്‍ച്ചെ നാലിനാണ് കൊടിഞ്ഞിയില്‍ വച്ച് ഫൈസല്‍ കൊല്ലപ്പെട്ടത്. ഗള്‍ഫില്‍നിന്നു നാട്ടിലെത്തി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം തിരിച്ചുപോവുന്നതിന്റെ തലേദിവസമായിരുന്നു ഫൈസല്‍ കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം. പുലര്‍ച്ചെ കൊടിഞ്ഞിയില്‍ തമ്പടിച്ച ആര്‍.എസ്.എസ് സംഘം ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഫൈസല്‍ ഓട്ടോയില്‍ പോകുന്നത് നിരീക്ഷിച്ചാണ് കൊലക്ക് കളമൊരുക്കിയത്. ബാബുവാണ് ഫൈസലിനെ തലക്ക് വെട്ടിയത്. മറ്റൊരാള്‍ വയറ്റിലും പുറംഭാഗത്തും കുത്തിയെന്നാണ് മൊഴി. നാലംഗ സംഘത്തിലെ രണ്ടുപേരാണ് കൊലനടത്തിയത്. തിരൂരിലെ ആര്‍.എസ്.എസ് നേതാവും തിരൂര്‍ യാസര്‍ വധക്കേസിലെ പ്രതിയുമായ മഠത്തില്‍ നാരായണന്‍ നിര്‍ദേശം നല്‍കിയത് പ്രകാരം ബൈക്കില്‍ എത്തിയ സംഘമാണ് കൊല നടത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. എട്ടുമാസം മുമ്പാണ് ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന് ഭാര്യയും രണ്ടു മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവന്‍ നേരത്തെതന്നെ മതം മാറിയിരുന്നു. നാട്ടില്‍ ഇവര്‍ ഒരുമിച്ചായിരുന്നു താമസം. ഫൈസലിന്റെ കൊലപാതകത്തിനുശേഷം അമ്മയും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

അതെ സമയം, സംഭവത്തില്‍ പങ്കുള്ള യഥാര്‍ഥ ആര്‍.എസ്.എസ് നേതാക്കളെ രക്ഷപ്പെടുത്താന്‍ ഗൂഡനീക്കം നടത്തുന്നതായി ആരോപണമുണ്ട്. വള്ളിക്കുന്ന് സ്വദേശിയായ വിമുക്തഭടന്‍, തിരൂര്‍ സ്വദേശി മഠത്തില്‍ നാരായണന്‍ എന്നിവരടക്കം പ്രമുഖ നേതാക്കളെ രക്ഷപ്പെടുത്താന്‍ പോലിസിലെ ചിലര്‍ ശ്രമിക്കുന്നതായാണ് ആരോപണം. ഇതിനിടെ ഫൈസല്‍ വധക്കേസ് പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം