ഫൈസല്‍ വധം; പിണറായിക്കെതിരെ എസ്.ഡി.പി.ഐ മാര്‍ച്ച്

Sunday March 12th, 2017
2

മലപ്പുറം: ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഫൈസലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കില്ലെന്ന മുഖ്യമന്ത്രി പിണറായിയുടെ നിലപാട് തിരുത്തണമെന്നുമാവശ്യപ്പെട്ട് മാര്‍ച്ച് 15ന് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്ന കീഴ്‌വഴക്കമില്ലെന്നും അതിനാല്‍ ഫൈസലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കാനാവില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. രാഷ്ട്രീയമോ, വര്‍ഗീയമോ ആയ സംഘര്‍ഷത്തിന്റെ പേരിലല്ല ഫൈസല്‍ കൊല്ലപ്പെടുന്നത്. ഭരണഘടന ഒരു പൗരന് നല്‍കുന്ന മൗലികമായ അവകാശം ഉപയോഗപ്പെടുത്തി, തനിക്ക് ശരിയെന്ന് തോന്നിയ മതം വിശ്വസിച്ചതിന്റെ പേരിലാണ്. നിരാലംബരായ കുടുംബത്തെ സഹായിക്കുക എന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ബാധ്യതയാണ്. സി.പി.എം ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഇത്തരം സഹായങ്ങള്‍ നല്‍കിയതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്.

1994ല്‍ കൂത്തുപറമ്പ് വെടിവയ്പില്‍ പരിക്കേറ്റ പുഷ്പന്‍ എന്ന സി.പി.എം പ്രവര്‍ത്തകന് 5 ലക്ഷം രൂപ ധനസഹായവും 8,000 രൂപ പ്രതിമാസ പെന്‍ഷനും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചത് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരാണ്. ഫൈസലിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് അനുകൂലമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന ഗുരുതരമായ ആരോപണത്തെ ശരിവെക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സംഘ്പരിവാര്‍ ആരോപണങ്ങളുടെ ചുവടുപിടിച്ച് ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്ന ഇടതു സര്‍ക്കാര്‍ നടപടി അത്യന്തം ഗൗരവതരമാണ്.

ഫൈസലിന്റെ കൊലപാതകത്തോടെ അനാഥമായ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം, ഫൈസലിന്റെ വിധവക്ക് സര്‍ക്കാര്‍ ജോലി നല്‍കുകയും മതിയായ നഷ്ടപരിഹാരം നല്‍കുകയും വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിമാരായ എ കെ അബ്ദുല്‍ മജീദ്, പി.കെ ഉസ്മാന്‍, മലപ്പുറം ജില്ലാപ്രസിഡന്റ് ജലീല്‍ നീലാമ്പ്ര പങ്കെടുത്തു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം