ഇപേയ്‌മെന്റിലൂടെയുള്ള പണം എത്തുന്നില്ല; രജിസ്‌ട്രേഷന്‍ ഫീസ് ട്രഷറി വഴി മാത്രമാക്കി

Wednesday April 19th, 2017

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിവിധ സേവനങ്ങള്‍ക്കും ആധാരങ്ങളുടെ രജിസ്‌ട്രേഷനും ഇപേമെന്റ് വഴി അടച്ച ഫീസുകള്‍ പലതും കിട്ടിയില്ല. ഇതുവഴി വന്‍തുക ചോര്‍ന്നതായാണ് പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ ഇനി അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇപേമെന്റ് ഉണ്ടാകില്ലെന്നും ഫീസ് ട്രഷറിയിലാണ് അടക്കേണ്ടതെന്നും കാട്ടി രജിസ്‌ട്രേഷന്‍ വകുപ്പ് സബ് രജിസ്ട്രാര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കി.

2015 മുതലാണ് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഫീസ് ഇപേമെന്റ് വഴിയാക്കിയത്. ബാധ്യത സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകര്‍പ്പ്, പ്രത്യേക വിവാഹം എന്നിവക്കുള്ള ഫീസുകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 21നാണ് 313 സബ് രജിസ്ട്രാര്‍ ഓഫിസിലും ആധാരങ്ങളുടെ രജിസ്േട്രഷനും ഇപേമെന്റ് ആരംഭിച്ചത്. സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ പണരഹിതമാക്കാനാണ് രജിസ്‌ട്രേഷന്‍ വകുപ്പ് പദ്ധതി നടപ്പാക്കിയത്.

നിലവില്‍ പകുതിയോളം ആധാരങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസും ട്രഷറി വഴിയാണ് അടക്കുന്നത്. ട്രഷറിയില്‍ പണം അടക്കാന്‍ പ്രത്യേക സംവിധാനമില്ലാത്തതിനാല്‍ നിരവധി പരാതി ഉയര്‍ന്നു. മുഴുവന്‍ ഫീസും ട്രഷറിയില്‍ അടച്ചശേഷം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനുള്ള നീക്കം വന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും. അടുത്തയാഴ്ച മുതല്‍ ഇസ്റ്റാംപിങ് കൂടെ വരുമ്പോള്‍ ട്രഷറികളില്‍ വന്‍തിരക്കാകും.

പട്ടം സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഏപ്രില്‍ നാലിന് രജിസ്റ്റര്‍ ചെയ്ത 3.62 കോടി രൂപയുള്ള ആധാരത്തിന് ഫീസായി നല്‍കിയ 7,24,000 രൂപ ആഴ്ചകള്‍ കഴിഞ്ഞിട്ടും അക്കൗണ്ടില്‍നിന്ന് കുറവ് വരാത്തതിനെത്തുടര്‍ന്ന് വസ്തു രജിസ്റ്റര്‍ ചെയ്ത് വാങ്ങിയ ജോസ് വിരിപ്പേല്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയപ്പോഴാണ് വകുപ്പിലെ ചോര്‍ച്ച പുറത്തറിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞദിവസം സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വന്‍ ചോര്‍ച്ചയാണ് കണ്ടെത്തിയിരിക്കുന്നത്.

ഇപേമെന്റ് വഴി നല്‍കിയ ഫീസ് ട്രഷറി അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പുവരുത്തണമെന്നും അക്കൗണ്ടില്‍ പണം എത്താതിരുന്നാല്‍ അതിന്റെ ബാധ്യത ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍മാര്‍ക്കായിരിക്കുമെന്നും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സര്‍ക്കുലറിലുണ്ട്. ഇതുവരെയുള്ള നഷ്ടം വകുപ്പ് സഹിക്കുമെന്നും ഇനി നഷ്ടം ഉണ്ടാകരുതെന്നുമാണ് രജിസ്റ്ററിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശമെന്നറിയുന്നു.

അതേസമയം, വൈദ്യുതി-നെറ്റ് തടസ്സം കാരണം പരിശോധന പൂര്‍ത്തിയാക്കാനായില്ലെന്നാണ് സബ് രജിസ്ട്രാര്‍മാര്‍ നല്‍കിയ വിശദീകരണം. 2000ല്‍ ആരംഭിച്ച സോഫ്റ്റ് വെയര്‍ സംവിധാനത്തില്‍ ഇതുവരെ ഓഡിറ്റ് പോലും നടന്നിട്ടില്ലെന്നും ഐ.ടി വിഭാഗത്തിന്റെയും വകുപ്പ് മേധാവിയുടെയും കെടുകാര്യസ്ഥതയാണ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാന ചോര്‍ച്ചക്ക് ഇടയാക്കിയതെന്നും ആരോപണമുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം