കോഴിക്കോട്: എട്ട് വയസുകാരന്റെ പരാതിയില്‍ പകച്ച് കോഴിക്കോട് കസബ പൊലീസ്. ശല്യം ചെയ്ത അഞ്ച് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ഉമര്‍ ദിനാലിന്റെ ആവശ്യം. എന്തായാലും ഗൗരവത്തോടെ തന്നെ ഇടപ്പെട്ട പൊലീസ് പ്രശ്നപരിഹാരം കണ്ടെത്തി.
അഞ്ച് പെണ്‍കുട്ടികളെ കൊണ്ട് ഒരു രക്ഷയുമില്ല. ശല്യത്തോട് ശല്യം എന്ന് എട്ട് വയസുകാരന്. കളിക്കാന്‍ കൂട്ടുന്നില്ല, കളിയാക്കുന്നു. ഇങ്ങനെ ആകെ സഹികെട്ടു. അതുകൊണ്ട് ഉടന്‍ അഞ്ച് പേരേയും അറസ്റ്റ് ചെയ്യണം എന്നായിരുന്നു പരാതി. പരാതി വായിച്ച കസബ പൊലീസ് ആദ്യം ഞെട്ടി. എന്തായാലും നിജസ്ഥിതി തേടി ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ ദിനാലിന്റെ വീട്ടിലെത്തി. അയല്‍ വീടുകളിലെല്ലാം പെണ്‍കുട്ടികള്‍. സഹോദരി ഉള്‍പ്പെടെയുള്ള പെണ്‍പടയുടെ പെരുമാറ്റമാണ് ദിനാലിനെ മാനസികമായി തളര്‍ത്തിയത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ മറ്റ് കൂട്ടുകാരെ തേടാനും വയ്യ.
പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി നോക്കി. അപ്പോള്‍ പെണ്‍പടയ്ക്ക് പരിഹാസം. പിന്നെ ഒന്നും നോക്കിയില്ല. നേരെ പൊലീസ് സ്റ്റേഷനിലേക്ക്. കുഴഞ്ഞ കേസായിട്ടും ദിനാലിന് ഉടന്‍ തന്നെ നീതി കിട്ടി. ദിനാല്‍ ഹാപ്പി, അതിലേറെ ഹാപ്പി കസബ പൊലീസ്.