പെരുന്നാൾ നിസ്കാരം വീടുകളിൽ; ആഘോഷത്തിൻ്റെ പേരിൽ പുറത്തിറങ്ങരുത്

Thursday May 21st, 2020

കോഴിക്കോട്: ലോക്ക് ഡൗണ്‍ കാലത്ത് റമദാനില്‍ വിശ്വാസികള്‍ വീട്ടിലിരുന്ന് വ്രതശുദ്ധി കൈവരിച്ചതുപോലെ പെരുന്നാളിലും സ്വന്തം വീടുകളില്‍ കഴിയണമെന്നും പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍വെച്ച് നിര്‍വ്വഹിക്കണമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍. ആരും ആഘോഷത്തിന്റെ പേരില്‍ തെരുവിലിറങ്ങരുത്. നിര്‍ബന്ധിത ദാനമായ ഫിത്വ് ര്‍ സക്കാത്ത് പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പുതന്നെ അര്‍ഹരിലേക്കെത്തിച്ചു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് മനുഷ്യര്‍ പട്ടിണി കിടന്നും രോഗത്താലും വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ടിക്കഴിയുമ്പോള്‍ പെരുന്നാളിന്റെ പേരില്‍ പുത്തന്‍ വസ്ത്രങ്ങള്‍ക്ക് വേണ്ടി അങ്ങാടിയിലിറങ്ങരുത്. ഒരാര്‍ഭാടവും ഈസമയത്ത് നമുക്ക് വേണ്ട.

പള്ളികള്‍ പെരുന്നാള്‍ നിസ്‌കാരമില്ലാതെ അടഞ്ഞുകിടക്കുമ്പോള്‍ നാം കുടുംബസന്ദര്‍ശനങ്ങളുടെ പേരില്‍ പോലും പുറത്തിറങ്ങരുത്. ഈ സമയത്ത് കുറ്റമറ്റ ജാഗ്രതയാണ് നമുക്ക് വേണ്ടത്. ചെറിയൊരു ജാഗ്രതക്കുറവുപോലും ജീവിതംകൊണ്ടുള്ള കളിയായി മാറിയേക്കും. കൊവിഡ് എന്ന മഹാമാരിയെ പൂര്‍ണമായും തുരത്തുന്നതുവരെ അധികൃതരുടെ നിര്‍ദേശങ്ങള്‍ നാം പാലിച്ചേ മതിയാകൂ. നമ്മുടെ പള്ളികളും മതപഠന ശാലകളും തുറക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. കൊവിഡ് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്ത ഒരു രാജ്യവുമില്ലെന്ന് മാത്രമല്ല, പല രാജ്യങ്ങളിലും ഈ രോഗം കൂടുതല്‍ വ്യാപകമാവുകയാണ്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും ആശങ്കാജനകമാണെന്നും കാന്തപുരം പറഞ്ഞു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കപ്പുറം പട്ടിണിയിലും മറ്റ് പ്രയാസങ്ങളിലും കഴിയുന്നവര്‍ക്ക് അന്നവും മരുന്നും മറ്റ് അവശ്യ സഹായങ്ങളും എത്തിക്കുന്നതിലാവണം നമ്മുടെ ശ്രദ്ധയെന്നും കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ ഓര്‍മിപ്പിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം