ഇ അഹമ്മദിന് പിന്‍ഗാമി; സമദാനിയും മുനവ്വറലിയും പരിഗണനയില്‍

Friday February 3rd, 2017
2

മലപ്പുറം: മുസ്ലിംലീഗ് എന്ന പ്രാദേശിക പാര്‍ട്ടിയില്‍ നിന്നു യുഗപ്രഭാവനായ ലോക നേതാവിലേക്ക് വളര്‍ന്ന ഇ. അഹമ്മദിന്റെ വേര്‍പാട് ലീഗിന് താങ്ങാവുന്നതല്ലെങ്കിലും മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാരെന്ന ചര്‍ച്ചകള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ തുടങ്ങി കഴിഞ്ഞു. ഇ. അഹമ്മദിന്റെ വ്യക്തി പ്രഭാവത്തോട് കിടപിടിക്കുന്ന സ്ഥാനാര്‍ഥിയെയാണ് ലീഗ് തേടുന്നത്. ഇങ്ങനെയാണെങ്കില്‍ ഭാഷാ പ്രാവീണ്യവും പാര്‍ലമെന്ററി പരിചയവുമുള്ള മുസ്ലിംലീഗ് ദേശീയ സെക്രട്ടറി അബ്ദുസമദ് സമദാനിക്കായിരിക്കും പ്രഥമ പരിഗണന. രണ്ടു തവണ രാജ്യസഭ അംഗമായ വേളയില്‍ ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങളും സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. അതെ സമയം, തീരെ ജനകീയനല്ലെന്ന പ്രതിച്ഛായ അണികള്‍ക്കിടയില്‍ നിലനില്‍ക്കുന്നതാണ് സമദാനിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അണികളുടെയും പ്രാദേശിക നേതൃത്വത്തിന്റെയും ശക്തമായ എതിര്‍പ്പ് കാരണം കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോട്ടക്കല്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ ആയിരുന്ന അദ്ദേഹത്തിനു സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. എന്നാലും സ്ഥാനാര്‍ഥി പരിഗണനപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തിപ്പോള്‍ സമദാനിയുടെ പേരു തന്നെയാണ്.

മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റും പാണക്കാട് കുടുംബാംഗവുമായ മുനവ്വറലി ശിഹാബ് തങ്ങളെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. പാണക്കാട് കുടുംബത്തിലെ മറ്റംഗങ്ങളില്‍ നിന്ന് വ്യത്യസ്തനായ മുനവ്വറലിയെ നിയമനിര്‍മാണ സഭകളിലേക്ക് അയക്കുന്നത് പാര്‍ട്ടിക്കും സമുദായത്തിനും ഏറെ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയിലെയും യൂത്ത്‌ലീഗിലെയും പ്രബല വിഭാഗത്തിന്റെ അഭിപ്രായം. ഇക്കാര്യം പരിഗണിച്ച് ഉപതിരഞ്ഞെടുപ്പില്‍ മുനവ്വറലി തങ്ങളെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ടെന്നാണറിയുന്നത്. യൂത്ത്‌ലീഗ് സെക്രട്ടറി പി കെ ഫിറോസിനെയും പരിഗണിക്കുന്നുണ്ടെന്നാണറിയുന്നത്. എന്നാല്‍ യൂത്ത്‌ലീഗ് പ്രസിഡന്റിനെ തഴഞ്ഞ് സെക്രട്ടറിയെ മല്‍സരിപ്പിക്കുന്നത് അനുചിതമാകുമെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ അഡ്വ. കെ എന്‍ എ കാദറും പരിഗണനാ ലിസ്റ്റിലുണ്ട്. അണികള്‍ക്കിടയില്‍ അത്രകണ്ട് സ്വീകാര്യനല്ലെങ്കിലും ന്യൂനപക്ഷ വിഷയങ്ങളിലും മറ്റും കെ.എന്‍.എ കാദറിന്റെ തീരുമാനം പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ താനൂര്‍മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച അബ്ദുറഹ്മാന്‍ രണ്ടത്താണിയും പരിഗണിക്കപ്പെടുന്ന പ്രമുഖരിലുണ്ട്. കഴിഞ്ഞ നിയസമഭാ തെരെഞ്ഞെടുപ്പില്‍ താനൂരില്‍ വി. അബ്ദുറഹ്മാനാനോട് പരാജയപ്പെട്ട അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണുള്ളത്.

പാണക്കാട് തങ്ങള്‍ തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ അംഗീകരിക്കുക എന്നതാണ് ലീഗിലെ കീഴ് വഴക്കമെങ്കിലും 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയിലെ തോല്‍വിക്കും തുടര്‍ന്നു 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനും ശേഷം പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം കൂടി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലീം ലീഗ് നേതൃത്വം പരിഗണിക്കാറുണ്ട്

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് പാര്‍ട്ടി സീറ്റ് നല്‍കിയത്. പ്രായാധിക്യം കാരണം ഇ. അഹമ്മദ് മാറി നില്‍ക്കണമെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ഒരു വിഭാഗം ആവശ്യമുയര്‍ത്തിയിരുന്നു. ഒടുവില്‍ സോണിയ ഗാന്ധിയുടെ ഇടപെടലിലാണ് ഇ. അഹമ്മദ് സീറ്റ് ഉറപ്പിച്ചത്. ഇതിനാല്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയിലെ യുവ നേതൃത്വം. 1.9 ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ഇ. അഹമ്മദ് മലപ്പുറത്ത് നിന്നും പാര്‍ലമെന്റിലെത്തിയത്. മുസ്ലീം ലീഗിന്റെ കോട്ടയാണെങ്കിലും 2004 സിപിഎം സ്ഥാനാര്‍ഥി ടി.കെ. ഹംസ അട്ടിമറി വിജയം നേടിയ പഴയ മഞ്ചേരിയാണ് മുഖം മിനുക്കി മലപ്പുറമായത്. മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള സ്ഥാനാര്‍ഥിയെയാണ് ഇടതുപക്ഷവും തേടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ളയാളെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് ജില്ലയിലെ ഇടതുപക്ഷ നേതാക്കള്‍ തുറന്നു പറയുന്നുമുണ്ട്. അട്ടിമറി വിജയം സ്വപ്‌നം പോലും കാണുന്നില്ലെങ്കിലും കഴിഞ്ഞ തവണത്തെ കടുത്ത ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഭരണ നേട്ടമായി ഇതു കണക്കാക്കുകയും ചെയ്യാം.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം