ഭര്‍ത്താവിന്റെ മര്‍ദനമേറ്റ ദില്‍ന ഗുരുതരാവസ്ഥയില്‍; വധശ്രമത്തിന് കേസെടുക്കാതെ പോലിസ്

Thursday August 31st, 2017

കോട്ടയം: വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദ്ദിച്ച മലപ്പുറം സ്വദേശി ദില്‍ന ഗുരുതരാവസ്ഥയില്‍. തലയില്‍ മര്‍ദ്ദനമേറ്റ ദില്‍നയെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിന്നും സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായിട്ടും വധശ്രമത്തിന് കേസ് എടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് കോട്ടയം വൈക്കത്തെ ഒരു റിസോര്‍ട്ടില്‍ വെച്ച് മലപ്പുറം സ്വദേശിയായ ദില്‍നയെ ഭര്‍ത്താവ് അഭിജിത്ത് മര്‍ദ്ദിക്കുന്നത്. കൊടിയ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദില്‍ന സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കാര്യമായ അന്വേഷണം നടത്താന്‍ വൈക്കം പൊലീസ് തയ്യാറായിരുന്നില്ല. തലയ്ക്ക് ഏറ്റ ക്ഷതം ഗുരുതരമായതിനാല്‍ ഇവരെ കഴിഞ്ഞ ദിവസം തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവിടെയും കാര്യമായ ചികിത്സ ലഭിക്കാതെ വന്നതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും സ്‌കാനിംഗ് അടക്കമുള്ള പരിശോധന നടത്തുകയും ചെയ്തതോടെയാണ് തലയില്‍ ആന്തരിക രക്തസ്രാവം ഉള്ളതായി കണ്ടെത്തിയത്.

ഈ സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കൊലപാതക ശ്രമത്തിന് കേസ് എടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പൊലീസ് ഈ നടപടികളിലേക്കൊന്നും കടന്നിട്ടില്ല. ഐപിസി 498,354 എന്നീ വകുപ്പുകള്‍ പ്രകാരം മാത്രമാണ് കേസ് എടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയുണ്ടെന്ന് മൊഴി നല്കിയിട്ടും ഐടി ആക്ട് പ്രകാരം കേസ് എടുക്കാനും പൊലീസ് തയ്യാറായിട്ടില്ല. ഇത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചതിന് ശേഷം വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് അഭിജിത്ത് ദില്‍നയെ മര്‍ദ്ദിച്ചത്.

വിവാഹബന്ധം ഉപേക്ഷിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചത് അമൃതാനന്ദമയി

താനുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കാന്‍ ഭര്‍ത്താവിനോട് നിര്‍ദേശിച്ചത് അമൃതാനന്ദമയിയാണെന്നു ദില്‍ന വെളിപ്പെടുത്തിയിരുന്നു. ക്രിസ്തുമത വിശ്വാസിയായിരുന്ന മലപ്പുറം സ്വദേശി ദില്‍ന മൂന്ന് വര്‍ഷം മുന്‍പാണ് കോഴിക്കോട് ആര്യസമാജത്തില്‍ വച്ച് മതം മാറി അഭിജിത്ത് എന്ന കോഴിക്കോട് സ്വദേശിയെ ദില്‍ന വിവാഹം കഴിച്ചത്. വൈക്കത്തെ റിസോര്‍ട്ട് ജീവനക്കാരനായ അഭിജിത്തിനൊപ്പമാണ് വിവാഹ ശേഷം ദില്‍നയും താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചനം ആവശ്യപ്പെട്ട് അഭിജിത്ത് തനിക്ക് നോട്ടീസ് അയക്കുകയായിരുന്നുവെന്നും ദില്‍ന പറഞ്ഞു. വിവാഹമോചനത്തിന് സമ്മതിക്കാതെ വന്നതോടെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നു. തനിക്ക് ഭ്രാന്താണെന്നും അതിനാല്‍ തന്നെ ഉപേക്ഷിക്കണമെന്നും അമൃതാനന്ദമയി പറഞ്ഞതായി തന്റെ ഭര്‍ത്താവ് പറഞ്ഞിരുന്നുവെന്നും ദില്‍ന പറഞ്ഞു. ഒഴിഞ്ഞുപോയില്ലെങ്കില്‍ തന്നെ കൊന്നുകളയുമെന്ന് ഭര്‍ത്താവിന്റെ പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. നിരന്തരമുള്ള മര്‍ദ്ദനം സഹിക്കവയ്യാതെയാണ് സോഷ്യല്‍ മീഡിയിയലൂടെ തന്റെ അവസ്ഥ പുറംലോകത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരാതി നല്‍കിയിട്ടും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് ഇതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നും ദില്‍ന ആരോപിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം