ഗൾഫിൽ കോവിഡ് രോഗികൾ കൂടുന്നു: പെരുന്നാൾ സംഗമങ്ങൾക്ക് നിയന്ത്രണം

Friday May 22nd, 2020

ദുബായ്: 22 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 777 ആയി. 6500ഓളം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇതോടെ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം പിന്നിട്ടു. പെരുന്നാളിന്‍റെ ഭാഗമായുള്ള എല്ലാ ഒത്തുചേരലുകൾക്കും കർശന വിലക്ക് ഏർപ്പെടുത്തി.

മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും സൗദി അറേബ്യയിലെ സ്ഥിതിയിൽ ഒട്ടും മാറ്റമില്ല. 10 മരണം കൂടി റിപ്പോർട്ട് ചെയ്ത സൗദിയിൽ മരണ സംഖ്യ 351ൽ എത്തി. രോഗികളുടെ എണ്ണമാകട്ടെ 65,000 കവിഞ്ഞു. കുവൈത്തിൽ 5 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 129 ആയി. യു.എ.ഇയിൽ നാലും ഒമാനിൽ രണ്ടും ഖത്തറിൽ ഒരാളും കൂടി കോവിഡിന് കീഴടങ്ങി.

1554 പേർക്കാണ് ഖത്തറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 31,000 കടന്നു. 1041 പേർക്ക് കൂടി രോഗം ഉറപ്പിച്ചതോടെ കുവൈത്തിൽ രോഗികളുടെ എണ്ണം 18000 കവിഞ്ഞു. 894 കോവിഡ് കേസുകൾ കൂടിയായതോടെ യു.എ.ഇയിൽ രോഗികളുടെ എണ്ണം 26,000 കവിഞ്ഞു. ഒമാനിൽ 327ഉം ബഹ്റൈനിൽ 147ഉം പേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഗൾഫിൽ കോവിഡ് പൂർണമായി സുഖപ്പെടുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നു എന്നത് മാത്രമാണ് പ്രതീക്ഷ നൽകുന്ന വാർത്ത. രോഗം ഭേദപ്പെട്ടവരുടെ എണ്ണം അറുപത്തി ആറായിരമായി ഉയർന്നു. മിക്ക ഗൾഫ് രാജ്യങ്ങളിലും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കൽ നിർബന്ധമാക്കി. നിയമലംഘകർക്ക് കടുത്ത ശിക്ഷ ലഭിക്കും. പെരുന്നാൾ ഭാഗമായുള്ള എല്ലാ ഒത്തുചേരലുകളും വിലക്കി.

ഇന്നലെ ഏഴ് മലയാളികള്‍ മരിച്ചു

ഗള്‍ഫില്‍ ഇന്നലെ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ മരിച്ചു. മരിച്ചവരിൽ ഏറെയും യുവാക്കളാണ്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 100 കടന്നു.

ആറ് മരണവും യു.എ.ഇയിലാണ്. ഒരാൾ കുവൈത്തിലും. മലപ്പുറം പെരുമ്പടന്ന പാലപ്പെട്ടി ആശുപത്രിക്ക് സമീപം കാക്കനാട് ഖാലിദിന്‍റെ മകന്‍ ത്വാഹ, കാസർകോട് ഉടുമ്പുന്തല സ്വദേശി ഒറ്റതയ്യിൽ മുഹമ്മദ് അസ്‍ലം, മാള പുത്തൻചിറ പിണ്ടാണിക്കുന്ന് പരേതനായ പുതിയേടത്ത് ചാത്തുണ്ണിയുടെ മകൻ ഉണ്ണികൃഷ്ണൻ, കോഴിക്കോട് വടകരക്ക് സമീപം തിരുവള്ളൂർ ചാലിക്കണ്ടി വെള്ളൂക്കര റോഡിലെ ഉണ്ണ്യേച്ച്കണ്ടി അബ്ദുറഹ്മാൻ, കൊണ്ടോട്ടി പുളിക്കൽ കൊട്ടപ്പുറം കൊടികുത്തി പറമ്പ് റഫീക്, ആലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് – സി.ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോഫി ബി ജോബ് എന്നിവരാണ് യു.എ.ഇയിൽ മരിച്ചത്.

10 വര്‍ഷമായി ഷാര്‍ജ നാഷനല്‍ പെയിൻറ്സിന് സമീപം മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന ത്വാഹ റാസല്‍ഖൈമയിലാണ് മരിച്ചത്. 32 വയസുണ്ട്. ഖബറടക്കം റാസല്‍ഖൈമയില്‍ നടന്നു. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ പി.ആർ.ഒ ആയിരുന്നു കാസർകോട് സ്വദേശി മുഹമ്മദ് അസ്ലം. വയസ് 32. മാള സ്വദേശി ഉണ്ണികൃഷ്ണൻ ഷാർജയിലാണ് മരിച്ചത്. 55 വയസുണ്ട്.

വടകര സ്വദേശി അബ്ദുറഹ്മാൻ അബൂദബിയിലാണ് മരിച്ചത്. 59 വയസ്. കൊണ്ടോട്ടി പുളിക്കൽ സ്വദേശിയും 40കാരനുമായ റഫീഖ് ദുബൈയിലാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയും 40കാരനുമായ ജോഫി ബി ജോബ് ദുബൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.

തിരുവനന്തപുരം വെങ്ങാനൂർ പീച്ചോട്ടുകോണം സ്വദേശി സുകുമാരൻ മാനുവലാണ് കുവൈത്തിൽ മരിച്ചത്. 54 വയസുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം